• 402
 • 21
 •  
 •  
 • 18
 •  
  441
  Shares

ഭാര്യയുടെ മൃതദേഹം ചുമക്കേണ്ടി വന്ന ഒഡിഷക്കാരന്‍ ദനാ മാഝിയുടെ കഥ നമ്മളറിഞ്ഞു, വേദനിച്ചു. ആ കഥയ്‌ക്കൊരു മറുവശം ശ്രദ്ധയില്‍പ്പെട്ടത് കുറിച്ചിട്ടതിനോട് ചില സുഹൃത്തുക്കള്‍ക്ക് എതിരഭിപ്രായം. ആ എതിരഭിപ്രായം ഞാന്‍ പരിഗണിക്കുന്നില്ല. അല്ലെങ്കില്‍ അവഗണിക്കുന്നു. ഏതു വിഷയമുണ്ടായാലും അതിന്റെ എല്ലാ വശവും ചര്‍ച്ച ചെയ്യപ്പെടണം എന്നു തന്നെയാണ് എന്റെ നിലപാട്. ആ ചര്‍ച്ചയ്‌ക്കൊടുവില്‍ നെല്ലും പതിരും വേര്‍തിരിഞ്ഞ് സത്യം പുറത്തുവരുമെന്നും ഞാന്‍ വിശ്വസിക്കുന്നു. ഒരു പക്ഷേ, മാഝിയെ നിര്‍ബന്ധിച്ച് മൊഴി മാറ്റിച്ചതാവാം, അല്ലായിരിക്കാം. എനിക്കറിയില്ല. പക്ഷേ, അതുകൊണ്ട് മറുവശം ചര്‍ച്ച ചെയ്യാനേ പാടില്ല എന്നു പറഞ്ഞാല്‍ എങ്ങനെ ശരിയാകും? ആരെയും വെള്ള പൂശുക എന്നത് എന്റെ അജന്‍ഡയിലുള്ള കാര്യമല്ല. ആ സംശയം വേണ്ട. ഞാന്‍ പൂശിയതുകൊണ്ട് ആരും വെളുക്കുകയുമില്ല.

രാജ്യത്തെല്ലായിടത്തും ദനാ മാഝിയുടെ ദുര്യോഗം ചര്‍ച്ച ചെയ്യപ്പെട്ടു. രാജ്യത്തിനു പുറത്തും പ്രതികരണങ്ങളുണ്ടായി. അതു വേണ്ടതു തന്നെ. മാഝിയെപ്പോലുള്ളവരുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുക തന്നെ വേണം. കേരളത്തിലും ചര്‍ച്ച നടന്നു. പക്ഷേ, ചര്‍ച്ച ചിലപ്പോഴെങ്കിലും വെറും രാഷ്ട്രീയമായി മാറിയോ എന്ന സംശയം. മാഝിയോടുള്ള പ്രതിബദ്ധതയെക്കാള്‍ പ്രകടമായി കണ്ടത് ആ ദുരവസ്ഥയുടെ പേരില്‍ എതിര്‍പക്ഷത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തി രാഷ്ട്രീയപ്രതിബദ്ധത പ്രകടിപ്പിക്കാനുള്ള വ്യഗ്രതയാണ്. തങ്ങളുടെ രാഷ്ട്രീയ വിഷയം നഷ്ടപ്പെടുന്നോ എന്ന ഭീതി തന്നെയാണ് മാഝിയെക്കുറിച്ച് ഞാന്‍ എഴുതിയ കുറിപ്പിനോട് ചിലര്‍ക്കുള്ള എതിര്‍പ്പിനു കാരണവും. ദനാ മാഝിയെപ്പോലുള്ളവരുടെ ദുരിതജീവിതം മെച്ചപ്പെടുത്തണമെന്നുള്ള താല്പര്യമല്ല അവരില്‍ നിഴലിക്കുന്നത് എന്നു തന്നെ ഞാന്‍ പറയും. തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ അടിക്കാന്‍ മാഝിയെന്ന വടി അവര്‍ക്കു വേണം. നിങ്ങളുടെ രാഷ്ട്രീയക്കളിയില്‍ കരുവാകാന്‍ എനിക്കു മനസ്സില്ല.

DC EDAMALAKUDY

ഒഡിഷയിലെ കാലഹന്ദിയില്‍ നടന്ന സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഞാനറിഞ്ഞത് ടൈംസ് ഓഫ് ഇന്ത്യ പത്രത്തിലൂടെയാണ്. അതുപോലെ കേരളത്തിലെ എടമലക്കുടിയില്‍ നടന്ന ഒരു സംഭവം കഴിഞ്ഞ ദിവസം ഞാനറിഞ്ഞു, ഡെക്കാന്‍ ക്രോണിക്കിള്‍ പത്രത്തിലൂടെ. കോട്ടയം ഡേറ്റ്‌ലൈനില്‍ അഭീഷ് കെ.ബോസിന്റെ വാര്‍ത്തയാണ്. കേരളത്തില്‍ നിന്ന് ഒഡിഷയിലേക്ക് വലിയ ദൂരമില്ല എന്ന് ഒരു നടുക്കത്തോടെ ഞാന്‍ തിരിച്ചറിഞ്ഞ നിമിഷം. മലയാളി എന്ന പേരില്‍ വലിയ മേനി നടിക്കാനൊന്നും നമുക്ക് വകുപ്പില്ല സര്‍…

DC NEWS.jpg

ഇടുക്കി ജില്ലയിലെ ദേവികുളം നിയോജകമണ്ഡലത്തിന്റെ ഭാഗമാണ് എടമലക്കുടി. കേരളത്തിലെ ഏക ആദിവാസി പഞ്ചായത്ത്. വനം വകുപ്പിന്റെ ട്രക്കിങ് സൗകര്യമുള്ള വിനോദസഞ്ചാര കേന്ദ്രം. സുഹൃത്തുക്കളായ സൂരജ്, പ്രമോദ്, യാസിര്‍ എന്നിവര്‍ അടുത്തിടെ അവിടേക്ക് യാത്ര പോയിരുന്നു. എന്നെയും വിളിച്ചുവെങ്കിലും ദീര്‍ഘദൂരം നടക്കാനുള്ള ശേഷിയില്ലാത്തതിനാല്‍ പോയില്ല. കൊച്ചിയില്‍ നിന്ന് വനമധ്യത്തിലുള്ള എടമലക്കുടിയിലേക്ക് 3-4 ദിവസം നീണ്ടു നില്‍ക്കുന്ന വിനോദയാത്രാ പാക്കേജാണ് അവര്‍ പ്രയോജനപ്പെടുത്തിയത്. കുറഞ്ഞത് 22 കിലോമീറ്റര്‍ ദൂരം നടന്നു പോകേണ്ട, മലകയറ്റം ആവശ്യമായ വനയാത്ര. വെള്ളച്ചാട്ടങ്ങളും വന്യമൃഗങ്ങളും വഴിയിലുണ്ട്. വനം വകുപ്പിന്റെ ഉദ്യോഗസ്ഥരും ആദിവാസികളും ഒപ്പമുണ്ടാകും. യാത്ര പോയവരുടെ വാക്കുകളിലൂടെ, അവരെടുത്ത ചിത്രങ്ങളിലൂടെ എടമലക്കുടിയുടെ മനോഹാരിത എനിക്കറിയാം. പക്ഷേ, അത്രയൊന്നും മനോഹരമല്ലാത്ത പരുക്കന്‍ ജീവിത യാഥാര്‍ത്ഥ്യമാണ് ഡെക്കാണ്‍ ക്രോണിക്കിള്‍ വാര്‍ത്ത വരച്ചിട്ടത്.

edamalakudy.jpg

മുതുവന്‍ ഗോത്രത്തിലെ 2,886 പേരാണ് എടമലക്കുടിയുടെ അവകാശികള്‍. ആദിവാസി കോളനിയില്‍ 20 കുടികള്‍. ഇവിടെയുള്ളവരില്‍ ആര്‍ക്കെങ്കിലും രോഗം വന്നാല്‍ ഡോക്ടറെ കാണാന്‍ 40 കിലോമീറ്ററോളം ദൂരം മറ്റുള്ളവര്‍ ചുമന്നുകൊണ്ടു പോകണം. ഒഡിഷയിലെ കാലഹന്ദിയില്‍ സംഭവിച്ചത് ചിലപ്പോള്‍ യാദൃശ്ചികതയാവാം. എന്നാല്‍, എടമലക്കുടിയില്‍ സമാനമായ സംഭവം എപ്പോള്‍ വേണമെങ്കിലുമുണ്ടാവാം. ഉണ്ടായിക്കൊണ്ടിരിക്കുന്നു. എടമലക്കുടിയില്‍ നിന്ന് വാഹനഗതാഗതം സാദ്ധ്യമായ പെട്ടിമുടിയിലേക്ക് 22 കിലോമീറ്റര്‍ നടക്കണം. എടമലക്കുടിയില്‍ നിന്ന് പെട്ടിമുടിയില്‍ എത്തുന്നതിന് ഒരു ദിവസം വേണം. പെട്ടിമുടിയില്‍ രോഗിയെ എത്തിച്ചാല്‍ത്തന്നെ അവിടെ വാഹനം കിട്ടുമെന്നുറപ്പില്ല. അങ്ങനെ വന്നാല്‍ വീണ്ടും 20 കിലോമീറ്ററോളം നടക്കേണ്ടി വരും മൂന്നാറിലെ ആസ്പത്രിയിലെത്താന്‍. ഇത്രയും ദൂരം ഒരു രോഗിയെ മാറി മാറി ചുമന്നെത്തിക്കാന്‍ എത്ര പേര്‍ വേണ്ടിവരുമെന്ന് ഒന്നു ചിന്തിച്ചുനോക്കൂ.

edamalakudy 2.jpg

എടമലക്കുടി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ രണ്ട് നേഴ്‌സുമാരുണ്ട്. പക്ഷേ, അവിടെ സ്ഥിരം ഡോക്ടറില്ല. രോഗികളെ കിടത്തി ചികിത്സിക്കാനും സൗകര്യമില്ല. ആഴ്ചയിലൊരിക്കല്‍ മാത്രമാണ് ഡോക്ടര്‍ ഊരില്‍ സന്ദര്‍ശനത്തിനെത്തുന്നത്. അടിയന്തിര ഘട്ടങ്ങളില്‍ രോഗിയെ ചുമലിലെടുത്ത് വന്യമൃഗങ്ങളോടും പ്രതികൂല കാലാവസ്ഥയോടുമൊക്കെ പൊരുതി മൂന്നാറിലെത്തിക്കുക മാത്രമാണ് മാര്‍ഗ്ഗം. അടുത്തിടെ കീഴ്ത്തപ്പന്‍കുടിയിലെ വെള്ളസ്വാമിയെ പക്ഷാഘാത ബാധയുണ്ടായതിനെത്തുടര്‍ന്ന് മൂന്നാറിലെ ആസ്പത്രിയിലേക്ക് ചുമന്നുകൊണ്ടു പോയിരുന്നു. കഠിനയാത്രയ്ക്കു ശേഷം ആസ്പത്രിയിലെത്തിച്ചപ്പോഴേക്കും വെള്ളസ്വാമിയുടെ ആരോഗ്യനില അങ്ങേയറ്റം വഷളാവുകയും അന്ത്യം സംഭവിക്കുകയും ചെയ്തു.

edamalakudy 3

എടമലക്കുടിയുടെ വികസനത്തിന് സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിച്ചില്ലേ എന്നു ചോദിച്ചാല്‍ ഇല്ല എന്നു പറയാനാവില്ല. പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രാവര്‍ത്തികമായോ എന്നു ചോദിക്കരുത്. 2013ല്‍ എടമലക്കുടിയുടെ വികസനത്തിന് 10 കോടി രൂപയുടെ പാക്കേജ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ആദിവാസികളുടെ തനതുജീവിത രീതികളെ ബാധിക്കാത്തവിധത്തിലുള്ള 280 മണ്‍വീടുകള്‍ നിര്‍മ്മിക്കാനായിരുന്നു പ്രധാന പദ്ധതി. ഒരു വീടിന് ചെലവ് 3 ലക്ഷം രൂപ. സ്ത്രീകള്‍ക്ക് ആര്‍ത്തവകാലം ചെലവിടുന്നതിനുള്ള 20 വാലായ്മപ്പുരകളും ഇതിനൊപ്പം നിര്‍ദ്ദേശിക്കപ്പെട്ടു! 40 കിലോമീറ്റര്‍ തെളിച്ച കാനന പാത, 10 വിശ്രമകേന്ദ്രങ്ങള്‍, ഒരു കമ്മ്യൂണിറ്റി ഹാള്‍ എന്നിവയ്‌ക്കൊപ്പം ഏലവും മര ഉരുപ്പടികള്‍ ഒഴികെയുള്ള മറ്റ് ആദിവാസി ഉത്പന്നങ്ങളും വിറ്റഴിക്കുന്നതിനുള്ള വിപണനശാലയും പദ്ധതിയിലുണ്ടായിരുന്നു. ജലസംരക്ഷണത്തിന് 5 ചെക്ക് ഡാമുകള്‍ നിര്‍മ്മിക്കുന്നതിനായി 30 ലക്ഷം രൂപ നീക്കിവെച്ചു.

രണ്ടു ഘട്ടങ്ങളായി നടപ്പാക്കുന്ന പദ്ധതി 2014 അവസാനത്തോടെ പൂര്‍ത്തീകരിക്കുകയായിരുന്നു ലക്ഷ്യം. പട്ടികവര്‍ഗ്ഗ വകുപ്പിന്റെയായിരുന്നു ഫണ്ടെങ്കിലും വനാന്തര്‍ ഭാഗത്തുള്ള വികസനമായിരുന്നതിനാല്‍ നടത്തിപ്പ് ചുമതല വനം വകുപ്പിനായിരുന്നു. ആര്‍ക്കും ഉത്തരവാദിത്വമില്ലാത്ത അവസ്ഥയില്‍ പദ്ധതി എങ്ങുമെത്തിയില്ല. ആദിവാസികളുടെ പദ്ധതിയല്ലേ, ആരുണ്ട് ചോദിക്കാന്‍! ഇപ്പോള്‍ സര്‍ക്കാര്‍ മാറിയിട്ടുണ്ട്. പ്രഖ്യാപിക്കപ്പെട്ട പദ്ധതിക്ക് എന്തു സംഭവിച്ചു എന്ന പരിശോധനയെങ്കിലും ഉണ്ടാവുമോ? തിരുത്തല്‍ നടപടിയുണ്ടായാല്‍ ഈ സര്‍ക്കാര്‍ ജനപക്ഷത്തു നില്‍ക്കുന്നു എന്ന തോന്നലുണ്ടാകും.

edamalakudy 1.jpg

എടമലക്കുടിയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രശ്‌നത്തിന് പരിഹാരം നിര്‍ദ്ദേശിക്കാനൊന്നും ഞാനാളല്ല. എന്റെ മനസ്സിലേക്ക് എളുപ്പം ഓടിയെത്തിയത് അടിയന്തിര ഘട്ടങ്ങളില്‍ ഹെലികോപ്റ്റര്‍ സര്‍വ്വീസ് ഏര്‍പ്പെടുത്തണം എന്നതാണ്. ഇതുപോലുള്ള നിര്‍ദ്ദേശങ്ങള്‍ പലര്‍ക്കും മണ്ടത്തരമായിരിക്കാം. ഒരു വിലയുമില്ലാത്ത ആദിവാസിക്ക് ഹെലികോപ്റ്ററോ!!!! പക്ഷേ, പ്രായോഗികമായ പരിഹാരം കണ്ടെത്തിയേ മതിയാകൂ. ഇന്ത്യാരാജ്യത്തെ പ്രജ എന്ന നിലയില്‍ വികസനത്തിന്റെ ഗുണഫലങ്ങളനുഭവിക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്. അവരുടെ അവകാശം നമുക്കുള്ള അവകാശത്തെക്കാള്‍ വളരെ വലുതാണു താനും.

സ്ഥാനത്തും അസ്ഥാനത്തും നമ്മള്‍ പ്രയോഗിക്കാറുണ്ട് -പാര്‍ശ്വവത്കരിക്കപ്പെട്ട ജനത. എടമലക്കുടിയിലെ ആദിവാസികള്‍ ഈ ഗണത്തില്‍പ്പെടുന്നു. ഒഡിഷയിലെ ദനാ മാഝിയും ഇക്കൂട്ടത്തില്‍പ്പെട്ടയാള്‍ തന്നെ. ഒരു തോര്‍ത്തുമുണ്ട് മാത്രമുടുത്തു നടന്ന് നമ്മെ അടിമത്വത്തില്‍ നിന്നു മോചിപ്പിച്ച ആ മനുഷ്യന്‍ പണ്ടു പറഞ്ഞിട്ടുണ്ട് ഇന്ത്യ ജീവിക്കുന്നത് ഗ്രാമങ്ങളിലാണെന്ന്. സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷം തികയാറാവുമ്പോഴും ഇന്ത്യയിലെ ഗ്രാമങ്ങള്‍ രക്ഷപ്പെട്ടിട്ടില്ല. എന്തു ഗാന്ധി, ഏതു ഗാന്ധി അല്ലേ..??!!!

MORE READ

പുലഭ്യം സ്വാതന്ത്ര്യമല്ല... പ്രവാസിയുടെ അവകാശങ്ങളെപ്പറ്റി ചിലര്‍ എന്നെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. അതു വേണ്ട. വീട്ടില്‍ നിന്നു മാറി നിന്ന് 12 വര്‍ഷം ജോലി ചെയ്തയാള്‍ തന്നെയാ...
ഗുണ്ടകളും ഗുണ്ടികളും... സംസ്ഥാനത്ത് ഫ്ളക്സ് നിരോധിച്ചെന്നോ നിരോധിക്കാന്‍ ആലോചിക്കുന്നെന്നോ ഒക്കെ അടുത്തിടെ പറഞ്ഞുകേട്ടു. പക്ഷേ, ഇപ്പോള്‍ തിരുവനന്തപുരം നഗരത്തിലിറങ്ങിയാല്‍ എവി...
മാനിഷാദ… IPC 228-A The law of the land states that the identity of a rape victim cannot be disclosed and those guilty of doing so face punishment under Sectio...
കാടുജീവിതം അട്ടപ്പാടിയിലെ അഗളി ചിണ്ടക്കി ഊരില്‍ മല്ലന്റെയും മല്ലിയുടെയും മകന്‍ മധു. അവന്‍ നല്‍കിയ നടുക്കം അടുത്തൊന്നും വിട്ടുമാറുമെന്ന് തോന്നുന്നില്ല. ദൈന്യത...
ഞങ്ങള്‍ക്ക് വാര്‍ത്ത വേണ്ട സര്‍…... സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ടി.എസ്.ഠാക്കൂര്‍ കേരളത്തിലുണ്ട്. ആരെങ്കിലും അറിഞ്ഞോ ആവോ? രാഷ്ട്രപതിയുടേതോ ഉപരാഷ്ട്രപതിയുടേതോ പ്രധാനമന്ത്രിയുടേതോ പോലെ ബഹു...
മധ്യതിരുവിതാംകൂര്‍ രാജാവ് ശശി... 'മധ്യതിരുവിതാംകൂര്‍ രാജാവ് ശശി'യെക്കുറിച്ച് പറഞ്ഞാല്‍ ചിരിക്കാത്ത മലയാളികളുണ്ടെന്നു തോന്നുന്നില്ല. ചതിക്കാത്ത ചന്തു എന്ന സിനിമയിലൂടെ സലിംകുമാറാണ് ശശി ...
സുരക്ഷയ്ക്ക് അവധിയോ?... ഏറെക്കാലത്തിനു ശേഷമാണ് അവള്‍ വിളിക്കുന്നത്. തീര്‍ത്തും ഭയചകിതയായിരുന്നു. അവള്‍ വീട്ടില്‍ തന്നെയാണ്. പിന്നെന്തിനാണ് ഈ പേടിയെന്ന് ഞാന്‍ അത്ഭുതപ്പെട്ടു. ...

 • 402
 • 21
 •  
 •  
 • 18
 •  
  441
  Shares
 •  
  441
  Shares
 • 402
 • 21
 •  
 •  
 • 18

COMMENT