ബോക്‌സിങ് ഇതിഹാസം മുഹമ്മദലിയെ അനുസ്മരിച്ച് അബദ്ധത്തില്‍ ചാടിയ കായിക മന്ത്രി ഇ.പി.ജയരാജനെ കളിയാക്കാനും ട്രോളാനും മുന്നില്‍ നിന്നവരിലൊരാളാണ് ഞാന്‍. കളിയാക്കല്‍ കൊടുമ്പിരിക്കൊള്ളുമ്പോള്‍ അദ്ദേഹം മൗനത്തിലായിരുന്നു. കാര്യങ്ങള്‍ കൂടുതല്‍ വഷളാകാതിരിക്കാന്‍ ആ മൗനം ഉചിതമായെന്നു ഞാന്‍ പറയും. ഇപ്പോള്‍ ആദ്യത്തെ ആവേശത്തിനു ശേഷം ട്രോളുകള്‍ ഒന്നടങ്ങിയപ്പോള്‍ ഈ വിഷയത്തില്‍ തനിക്കുള്ള വിശദീകരണവുമായി ജയരാജന്‍ മുന്നോട്ടു വന്നിരിക്കുന്നു.

EP1

എതിര്‍കക്ഷി ബഹുമാനം ഒരു മാന്യതയാണ്. എന്റെ ട്രോളിന് ഇരയായ വ്യക്തി എന്ന നിലയില്‍ ഇ.പി.ജയരാജനെ തല്‍ക്കാലം വേണമെങ്കില്‍ എതിര്‍കക്ഷിയെന്നു വിശേഷിപ്പിക്കാം. അപ്പോള്‍ അദ്ദേഹത്തിനു പറയാനുള്ളത് കേള്‍ക്കാന്‍ എനിക്ക് ബാദ്ധ്യതയുണ്ട്. എതിര്‍പക്ഷത്തുള്ളയാള്‍ക്ക് പറയാനുള്ളത് ഞാന്‍ മാത്രം കേള്‍ക്കുക എന്നതല്ല എന്റെ രീതി. എതിര്‍സ്വരം എല്ലാവരും കേള്‍ക്കണം. കേരളാ പോലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കിച്ചന്‍ എന്ന ജി.ആര്‍.അജിത്തിനെക്കുറിച്ച് കഴിഞ്ഞ ദിവസം എഴുതിയ കുറിപ്പിന് മറുപടിയുമായി അദ്ദേഹം എത്തിയപ്പോള്‍ അത് എല്ലാവര്‍ക്കും വായിക്കാനാവും വിധം പരസ്യപ്പെടുത്താന്‍ ഞാന്‍ ആവശ്യപ്പെട്ടത് അതിനാല്‍ത്തന്നെ. അതുപോലെ ഇപ്പോള്‍ ഇ.പി.ജയരാജനു പറയാനുള്ളതും എല്ലാവരും അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

ജയരാജന്റെ വിശദീകരണം ഇതാ.

ഞാന്‍ യാത്രയിലായിരിക്കെയാണ് മനോരമാ ന്യൂസ് ചാനലില്‍ നിന്ന് ഫോണ്‍ വന്നത്. അമേരിക്കയില്‍ വച്ച് നമ്മുടെ മുഹമ്മദലി മരിച്ചു പോയി എന്നാണ് ചാനലില്‍ നിന്ന് പറഞ്ഞിരുന്നത്. നിരവധി സ്വര്‍ണമെഡലുകള്‍ നേടിയിട്ടുള്ളയാളാണ്. നിങ്ങളൊരു അനുശോചനം നല്‍കണമെന്നാണ് പറഞ്ഞിരുന്നത്. ആ സമയത്ത് ബോക്സിംഗ് ഇതിഹാസം മുഹമ്മദലിയാണ് മരണപ്പെട്ടതെന്ന വാര്‍ത്ത ഞാന്‍ അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ തന്നെ രണ്ട് വരി പറയണമെന്നുമാണ് പറഞ്ഞത്. ഉടനെ ലൈവ് ന്യൂസിലേക്ക് ഫോണ്‍ കണക്ട് ചെയ്യുകയും ചെയ്തു. 40 വര്‍ഷം മുമ്പ് ബോക്സിങ് റിങ് വിട്ട ബോക്സിംഗ് ഇതിഹാസത്തിന്റെ മരണവാര്‍ത്തയാണ് ഇതെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. അക്കാര്യം മനസ്സിലേക്ക് വന്നുമില്ല. കേരളത്തിലെ ഏതോ പഴയ കായികതാരമെന്ന രീതിയിലാണ് മനോരമയില്‍ നിന്നുള്ള ഫോണില്‍ നിന്ന് മനസ്സിലായത്. ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായി തിരക്കിട്ട യാത്രയിലായിരുന്നു. അവിടെ എത്തിച്ചേരേണ്ട സമയവുമായിരുന്നു. പറഞ്ഞത് എന്തായാലും പിശകായിപ്പോയി. തുടര്‍ന്ന് അനുശോചനത്തിനായി വിളിച്ച മാധ്യമങ്ങള്‍ക്കെല്ലാം ശരിയായ പ്രതികരണമാണ് നല്‍കിയിരുന്നത്. സാധാരണഗതിയില്‍ ലൈവ് ന്യൂസിലേക്ക് അനുശോചനത്തിനോ പ്രതികരണത്തിനോ വിളിക്കുമ്പോള്‍ ന്യൂസ് ഡെസ്‌കില്‍ നിന്ന് വിളിച്ച് പ്രസ്തുത വിഷയത്തെ കുറിച്ച് ഒരു ബ്രീഫ് നല്‍കാറുണ്ട്. ഇവിടെ അതുണ്ടായില്ല. ഈ ആശയക്കുഴപ്പമാണ് പിശക് സംഭവിക്കാന്‍ കാരണം. കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളും കായിക പ്രതിഭകളും ഈ പിശക് മനസ്സിലാക്കണം.

നമ്മുടെ അഭിപ്രായങ്ങള്‍ക്കൊപ്പം എതിരാളികളുടെ അഭിപ്രായവും എല്ലാവരും കേള്‍ക്കണം. എന്നിട്ട് പൊതുസമൂഹം നിര്‍ണ്ണയിക്കട്ടെ എന്ന് തീരുമാനിക്കണം. ശരിതെറ്റുകള്‍ അവര്‍ വിലയിരുത്തട്ടെ. എല്ലായ്‌പ്പോഴും ഞാനാണ് ശരി എന്ന ദുര്‍വാശിയൊന്നും എനിക്കില്ല.

ഒരു ദൃശ്യമാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ വാര്‍ത്താ ചാനലിന്റെ പി.സി.ആര്‍. എന്ന പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ റൂമില്‍ നടക്കുന്നത് എന്താണെന്ന തികഞ്ഞ ബോദ്ധ്യമുണ്ട്. അതിനാല്‍ത്തന്നെ ജയരാജന്റെ വിശദീകരണം സ്വീകരിക്കാനാണ് എനിക്കിഷ്ടം. അദ്ദേഹത്തിന്റെ വിശദീകരണത്തില്‍ പറഞ്ഞിട്ടുള്ള കാര്യമായിരിക്കും സംഭവിച്ചിട്ടുണ്ടാവുക. പക്ഷേ, മറ്റുള്ളവര്‍ ഇത് വിശ്വസിക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല കേട്ടോ. വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും സ്വാതന്ത്ര്യമുണ്ട്.

FOLLOW
 •  
  256
  Shares
 • 202
 • 33
 •  
 • 21
 •  
 •