പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സംബന്ധിച്ച് അടിയന്‍ എഴുതിയ കുറിപ്പ് വാട്ട്‌സാപ്പ് ഫോര്‍വേര്‍ഡായി പറക്കുകയാണ്. സന്തോഷം.

സൈറ്റിൽ ട്രാഫിക് പെട്ടെന്നു കൂടിയതിന്റെ ഗുട്ടന്‍സ് ഇപ്പോഴല്ലേ പുടികിട്ടിയത്. എനിക്കു തന്നെ മൂന്നു പേരില്‍ നിന്നായി മൂന്നു തവണ കിട്ടി. അതും സന്തോഷദായകം തന്നെ.

പക്ഷേ, സന്ദേശം വായിച്ച് ഞാന്‍ ഞെട്ടി. കലക്കന്‍ അഭിസംബോധന ‘സഖാവ് ശ്യാം!!!’

ഈ പോസ്റ്റ് വന്നതിനു ശേഷം ധാരാളം സുഹൃത്തുക്കള്‍ വിളിച്ചു. സമീപകാലത്തെന്നും വിളിക്കാതിരുന്ന ചിലരും വിളിച്ചവരില്‍ ഉള്‍പ്പെടുന്നു. പലവിധ ആമുഖങ്ങളുമായി എന്റെ പോസ്റ്റ് പറക്കുകയാണ്. അങ്ങ് ന്യൂസീലന്‍ഡിലുള്ള സുഹൃത്ത് പ്രവീണ്‍ നായര്‍ പോലും സന്ദേശമയച്ചപ്പോള്‍ ഞാന്‍ ശരിക്കും അമ്പരന്നു. മാതൃഭൂമിയിലെ പഴയ സഹപ്രവര്‍ത്തകനാണ് പ്രവീണ്‍. അവന്റെ ഇന്‍ബോക്‌സ് കമന്റ് ഇങ്ങനെ –‘ഇങ്ങനെ പോയാല്‍ ഇലക്ഷന്‍ കഴിയുമ്പോള്‍ നീ മുഖ്യമന്ത്രിയോ പ്രതിപക്ഷ നേതാവോ ആകാന്‍ സാധ്യതയുണ്ട്..’

‘ഹെന്റമ്മേ…….’ ഇന്നസന്റ് സ്റ്റൈലില്‍ എന്റെ പ്രതികരണം

BJP Ayiroor

ഫേസ്ബുക്കില്‍ ഒന്നു പരതി നോക്കി. വാട്ട്‌സാപ്പിലെ പരിചയപ്പെടുത്തലിന്റെ പൂര്‍ണ്ണരൂപം അവിടെക്കണ്ട് ഞാന്‍ ഞെട്ടി.

‘മാധ്യമപ്രവര്‍ത്തനം എന്നാല്‍ നികേഷും വീണാ ജോര്‍ജ്ജും നടത്തിയത് പോലെ തറ പ്രവര്‍ത്തനം അല്ല. സത്യസന്ധം ആയിരിക്കണം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐയുടെ മികച്ച നേതാക്കളിലൊരാളായിരുന്ന സഖാവ് വി.എസ്.ശ്യാംലാലിന്റെ ഈ ലേഖനം എല്ലാ മോദി വിരോധികളും ഒന്ന് വായിക്കേണ്ടതാണ്. സഖാവ് ശ്യാം ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകന്‍ ആണ്. മോദിയുടെ വരവും പ്രവര്‍ത്തിയും അടുത്തു നിന്ന് കാണാന്‍ അവസരം ലഭിച്ചതില്‍ നിന്ന് എഴുതിയ ലേഖനം ആണിത്.’

എന്താ ഈ പരിചയപ്പെടുത്തലിനാധാരം? കൊത്തിയ പാമ്പിനെക്കൊണ്ട് വിഷമിറക്കിക്കുക എന്ന ലൈന്‍. സംഘികളെ ഏറ്റവും ശക്തമായി എതിര്‍ക്കുന്നത് കമ്മ്യൂണിസ്റ്റുകാരാണ്. ഒരു കമ്മ്യൂണിസ്റ്റുകാരന്‍ തന്നെ മോദിയെ പ്രകീര്‍ത്തിക്കുമ്പോള്‍ ആനന്ദലബ്ധിക്കിനിയെന്തു വേണം! ചുവപ്പില്‍ വെള്ളം ചേര്‍ന്ന് കാവിയായി എന്നും പറയാമല്ലോ. നികേഷ് കുമാറും വീണാ ജോര്‍ജ്ജും നടത്തിയിരുന്നത് ‘തറ പ്രവര്‍ത്തനം’ ആയത് അവര്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളായതിനു ശേഷമാണെന്നും ഓര്‍ക്കുക!

മോദിയുടെ വരവും പ്രവര്‍ത്തിയും അടുത്തുനിന്ന് കാണുവായിരുന്നത്രേ. ഞാനെന്താ എസ്.പി.ജി. കമാന്‍ഡോയോ മറ്റോ ആണോ? എന്റെ സുഹൃത്തുക്കളെ, മോദിയുടെ വരവ് ഞാന്‍ വീട്ടിലിരുന്ന് ടെലിവിഷനില്‍ മാത്രമാണ് കണ്ടത്. ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനം ഇപ്പോള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ സജീവമായി രംഗത്തിറങ്ങേണ്ട കാര്യം എനിക്കില്ല. മറ്റു മാധ്യമപ്രവര്‍ത്തകര്‍ക്ക് എന്ന പോലെ എല്ലാ വിവരങ്ങളും കൃത്യമായി എനിക്കും ലഭിക്കുന്നുണ്ടായിരുന്നു എന്നു മാത്രം.

കോളേജില്‍ പഠിക്കുമ്പോള്‍ ഞാന്‍ എസ്.എഫ്.ഐയില്‍ പ്രവര്‍ത്തിച്ചിരുന്നു, ശരിയാണ്. അതാണ് ശരി എന്ന് അന്നു തോന്നി. അത്തരം എല്ലാ പക്ഷങ്ങളും ഉപേക്ഷിച്ചു തന്നെയാണ് 1997 ഡിസംബര്‍ ഒന്നിന് ഞാന്‍ മാധ്യമപ്രവര്‍ത്തകനായി കലാകൗമുദിയുടെ പടി കയറിച്ചെന്നത്. ദേശാഭിമാനി, കൈരളി തുടങ്ങിയ സ്ഥാപനങ്ങളില്‍ ഞാന്‍ ജോലിക്കു ശ്രമിച്ചിട്ടില്ല. ഇതുവരെ അപേക്ഷിക്കുക പോലും ചെയ്യാതിരുന്നത് ബോധപൂര്‍വ്വമാണ്. കെ.ഗോപാലകൃഷ്ണന്‍ എന്ന പത്രാധിപരുടെ കീഴില്‍ തീര്‍ത്തും നിഷ്പക്ഷമായ മുഖം കാത്തുസൂക്ഷിച്ചിരുന്ന കാലത്താണ് മാതൃഭൂമിയില്‍ ഞാന്‍ പ്രവര്‍ത്തിച്ചത്. ഗോപാല്‍ജിയുടെ കാലത്തിനു ശേഷം മാതൃഭൂമി വലത്തേക്കു ചാഞ്ഞപ്പോള്‍ അവിടെ നിന്നിറങ്ങി ഇന്ത്യാവിഷന്‍ പടി കയറി. ഇതുവരെ അവിടെ നിന്നിറങ്ങിയിട്ടില്ല. ഇറക്കിവിട്ടിട്ടുമില്ല. ഇപ്പോള്‍ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതു പോലും വ്യക്തിപരമായ ബന്ധങ്ങളും സ്ഥാനാര്‍ത്ഥിയുടെ മികവും നയങ്ങളും അടിസ്ഥാനമാക്കിയാണ്. രാഷ്ട്രീയത്തിനതീതമായി എല്ലാ പാര്‍ട്ടികളില്‍പ്പെട്ടവരുമായി സൗഹൃദവുമുണ്ട്.

പക്ഷമില്ലാത്ത ഒരു മാധ്യമപ്രവര്‍ത്തകന്‍ മോദിയെക്കുറിച്ചു നല്ലതു പറയുന്നതിനെക്കാള്‍ ശക്തി ഒരു കമ്മ്യൂണിസ്റ്റുകാരനോ മുന്‍ കമ്മ്യൂണിസ്റ്റുകാരനോ ആയ വ്യക്തി പറയുന്നതിനുണ്ടെന്ന് ഈ ‘മഹാ ബുദ്ധിമാന്മാര്‍’ വിശ്വസിക്കുന്നു. മോദിയെ പ്രശംസിക്കുന്നതിനു ഏതാനു ദിവസം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ ഏപ്രില്‍ എട്ടിന് അദ്ദേഹത്തെ നിശിതമായി വിമര്‍ശിക്കുന്ന കുറിപ്പും ഞാന്‍ എഴുതിയിട്ടുണ്ട്. ഇനി നാളെ വിമര്‍ശിക്കേണ്ട സാഹചര്യമുണ്ടായാല്‍ ആ വിമര്‍ശനവും ഇപ്പോള്‍ എന്നെ ‘പ്രശംസിക്കുന്നവര്‍’ സ്വീകരിക്കുമല്ലോ, അല്ലേ!

എല്ലാവരും കൂടി വ്യാഖ്യാനിച്ച് കൂട്ടി എന്നെ ഒരു ലെവലാക്കുന്ന ലക്ഷണമാ..
ഞാന്‍ കമ്മ്യൂണിസ്റ്റല്ല. കോണ്‍ഗ്രസ്സല്ല. ഭാജപായുമല്ല.
ഇത്രകൂടി പറയട്ടെ -ഞാന്‍ അരാഷ്ട്രീയവാദിയുമല്ല.

എനിക്ക് വ്യക്തമായ പക്ഷമുണ്ട്. ഓരോ പാർട്ടിയും ഓരോ വിഷയത്തിലും സ്വീകരിക്കുന്ന നിലപാടനുസരിച്ചാണ് എന്റെ പക്ഷം.

FOLLOW
 •  
  114
  Shares
 • 88
 • 16
 •  
 • 10
 •  
 •