പൊതുവിദ്യാലയങ്ങളില്‍ ആരവം

Pages ( 1 of 2 ): 1 2Next »
Content Protection by DMCA.com

പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തും എന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു. സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്താന്‍ നടപടികള്‍ മുന്നോട്ടുനീങ്ങുന്നു എന്നൊക്കെ പ്രഖ്യാപനങ്ങളുമുണ്ടായി. ഇപ്പോള്‍ വീണ്ടുമൊരു അദ്ധ്യയന വര്‍ഷത്തിനു തുടക്കമായിരിക്കുന്നു. ശരിക്കും പൊതുവിദ്യാലയങ്ങള്‍ ശക്തിപ്പെട്ടോ? ഇത് പരിശോധിക്കപ്പെടണ്ടേ?

പൊതുവിദ്യാലയങ്ങള്‍ മെച്ചപ്പെട്ടോ എന്ന് എങ്ങനെയാ പരിശോധിക്കുക? പൊതുജനങ്ങള്‍ക്ക് ഈ വിദ്യാലയങ്ങളില്‍ വിശ്വാസം വര്‍ദ്ധിച്ചോ എന്നു നോക്കണം. അതെങ്ങനെ അറിയും? വിശ്വാസമുണ്ടെങ്കില്‍ പൊതുവിദ്യാലയങ്ങളില്‍ എത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടും. ഇതാണ് മാനദണ്ഡമെങ്കില്‍ ധൈര്യമായി പറയാം -സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ മികവിന്റെ പാതയിലാണ്. സര്‍ക്കാര്‍ സ്‌കൂളുകളും സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എയ്ഡഡ് സ്‌കൂളുകളും ചേര്‍ന്നതാണ് പൊതുവിദ്യാലയങ്ങള്‍. ഈ വര്‍ഷം 1 മുതല്‍ 9 വരെ ക്ലാസ്സുകളിലായി 1,57,406 വിദ്യാര്‍ത്ഥികള്‍ കൂടുതലായി പൊതുവിദ്യാലയങ്ങളിലെത്തി. ഒന്നാം ക്ലാസ്സില്‍ മാത്രം 12,198 കുട്ടികള്‍ കൂടുതല്‍. സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങളിലെ ആറാം പ്രവൃത്തി ദിനത്തെ ഹാജര്‍ അടിസ്ഥാനമാക്കി ഐ.ടി. അറ്റ് സ്‌കൂളിന്റെ ‘സമ്പൂര്‍ണ്ണ’ സോഫ്ട്‌വെയര്‍ ഉപയോഗിച്ചാണ് ഈ കണക്കെടുത്തത്.

പൊതുജനങ്ങള്‍ക്ക് പൊതുവിദ്യാലയങ്ങളിലുള്ള വിശ്വാസം പൊടുന്നനെ ഉണ്ടായതല്ല. ലക്ഷ്യം നേടാന്‍ കഴിഞ്ഞ ഒരു വര്‍ഷമായി നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഫലം ഇപ്പോള്‍ ലഭിച്ചു എന്നു പറയാം. 2 വര്‍ഷം കൂടി കഴിയുമ്പോള്‍ അണ്‍എയ്ഡഡ് മേഖലയുടെ സ്വാധീനത്തില്‍ നിന്ന് കേരളത്തിലെ വിദ്യാഭ്യാസത്തെ വലിയൊരളവു വരെ മോചിപ്പിക്കാന്‍ സാധിക്കുന്ന രീതിയിലുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നത്. സ്‌കൂളുകളിലെ അടിസ്ഥാനസൗകര്യ വികസനമായിരുന്നു വലിയ വെല്ലുവിളി. പൊതുജന സഹായത്തോടെ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കാന്‍ ശ്രമിച്ചതോടെ ഓരോ പ്രദേശത്തെയും സ്‌കൂളുകള്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കാന്‍ ആ നാട്ടിലെ ജനങ്ങള്‍ തന്നെ സംഘടിച്ചെത്തുന്ന സ്ഥിതിയുണ്ടായി. ഇതിനൊപ്പം സര്‍ക്കാര്‍ പിന്തുണ കൂടി ചേര്‍ന്നതോടെ വെല്ലുവിളിക്ക് ഒരു പരിധി വരെ പരിഹാരമായി.

അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ 8 മുതല്‍ 12 വരെയുള്ള മുഴുവന്‍ ക്ലാസ് മുറികളും ഹൈടെക് ആക്കാനുള്ള നടപടികള്‍ ധൃതഗതിയില്‍ പുരോഗമിക്കുന്നു. കമ്പ്യൂട്ടര്‍, പ്രൊജക്ടര്‍ എന്നിവയെല്ലാം ഉപയോഗിച്ച് സാങ്കേതികവിദ്യയുടെ സഹായത്തോടെ ക്ലാസെടുക്കാന്‍ അദ്ധ്യാപകരെ പ്രാപ്തരാക്കുന്നതാണ് ഈ പദ്ധതി. ഹൈടെക് ക്ലാസ് റൂമുകളില്‍ ഉപയോഗിക്കാനുള്ള ഇ-കണ്ടന്റും സര്‍ക്കാര്‍ മുന്‍കൈയെടുത്തു തന്നെ പ്രത്യേകം തയ്യാറാക്കുന്നുണ്ട്. ഹൈടെക് ക്ലാസ് റൂം പദ്ധതിയുടെ പൈലറ്റ് പ്രൊജക്ട് 4 നിയസഭാ മണ്ഡലങ്ങളില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു -പുതുക്കാട്, ആലപ്പുഴ, തളിപ്പറമ്പ്, കോഴിക്കോട് നോര്‍ത്ത്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രതിസന്ധി സൃഷ്ടിച്ചിരുന്നത് അദ്ധ്യയന വര്‍ഷം പകുതിയായാലും എത്താതിരുന്ന പാഠപുസ്തകങ്ങളാണ്. എന്നാല്‍, ഇത്തവണ സ്‌കൂള്‍ തുറക്കുന്നതിനു മുമ്പു തന്നെ പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാക്കി വിതരണം ചെയ്തു.

സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ 1 മുതല്‍ 8 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി 2 സെറ്റ് കൈത്തറി യൂണിഫോം നല്‍കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിന് ഈ വര്‍ഷം തുടക്കമിട്ടു. ഈ വിഭാഗത്തില്‍പ്പെടുന്ന 25 ലക്ഷത്തോളം കുട്ടികള്‍ക്കായി 1.30 കോടി മീറ്റര്‍ തുണി നെയ്‌തെടുക്കുമ്പോള്‍ അത് കൈത്തറി മേഖലയ്ക്കും പുത്തനുണര്‍വ് പകരുന്ന പദ്ധതിയാണ്. പ്രാരംഭഘട്ടമെന്ന നിലയില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 1 മുതല്‍ 5 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന 2.30 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ 9.30 ലക്ഷം മീറ്റര്‍ തുണിയാണ് നെയ്‌തെടുത്ത് വിതരണം ചെയ്തത്. അടുത്ത വര്‍ഷം പദ്ധതി പൂര്‍ണ്ണതോതില്‍ നടപ്പാവും. അദ്ധ്യാപക പരിശീലനത്തിനും പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുന്ന റെമഡിയല്‍ കോച്ചിങ്ങിനുമുള്ള പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയത് സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളോടുള്ള താല്പര്യം രക്ഷിതാക്കളില്‍ വര്‍ദ്ധിക്കുന്നതിനു കാരണമായിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഭാരമാവാതെ അവരുടെ യഥാര്‍ത്ഥ മികവ് വിലയിരുത്തുന്നതിനുള്ള നൂതന മൂല്യനിര്‍ണ്ണയ സംവിധാനം ഏര്‍പ്പെടുത്താന്‍ നടത്തുന്ന നീക്കവും സ്വാഗതം ചെയ്യപ്പെടുന്നു.

Print Friendly

Pages ( 1 of 2 ): 1 2Next »

9847062789@upi

 

നിങ്ങളുടെ അഭിപ്രായം...