5 ഷട്ടറും തുറക്കേണ്ടി വന്നത് സർക്കാർ സംവിധാനങ്ങളുടെ അലംഭാവം മൂലമോ?

2,392 അടിയില്‍ ഷട്ടര്‍ തുറന്നു വിടാത്തതിന്റെ ഭവിഷ്യത്താണ് ചരിത്രത്തില്‍ ആദ്യമായി 5 ഷട്ടറും തുറന്നു വെള്ളം വിടേണ്ട അടിയന്തര സാഹചര്യം ഉണ്ടായത്. കുതിച്ചു അലച്ചു പായുന്ന വെള്ളം പെരിയാറിന്റെ കരയില്‍ ജീവിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും ഗുരുതരമായ ഭീഷണിയാണ് ഇപ്പോള്‍ സൃഷ്ടിച്ചിരിക്കുന്നത്. കെ.എസ്.ഇ.ബി. മാനേജ്‌മെന്റിന്റെ പിടിവാശിയും ഭരണപരിചയമില്ലാത്ത മന്ത്രിയും കൂടി സൃഷ്ടിച്ചതാണ് ഇപ്പോള്‍ നിലവിലുള്ള ഗുരുതരമായ സ്ഥിതി വിശേഷം. സ്ഥിതി നിയന്ത്രണ വിധേയമെന്നു സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആവര്‍ത്തിച്ച് ആണയിടുമ്പോഴും സ്ഥിതി ഗുരുതരമാണെന്നാണ് അണിയറ സംസാരം. മധ്യ കേരളം ഗുരുതരമായ പ്രകൃതി ക്ഷോഭത്തില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ ഭരണം കയ്യാളുന്ന സി.പി.എം. നേതൃത്വം സംസ്ഥാന കമ്മിറ്റി കൂടി കളിക്കുന്നതും രൂക്ഷമായ വിമര്‍ശനമാണ് ഘടക കക്ഷികളില്‍ അടക്കം ഉണ്ടാക്കിയിരിക്കുന്നത്. ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചതില്‍ ഇടുക്കി മന്ത്രി എം.എം.മണിയുടെ നിലപാടുകളും സര്‍ക്കാരിനെ പ്രതിരോധത്തില്‍ ആകിയിരിക്കുകയാണ്. കേരള ചരിത്രത്തിലെ തന്നെ ഏറ്റവും ഗുരുതരമായ സ്ഥിതിവിശേഷമാണ് ഇപ്പോള്‍ നിലവിലുള്ളത് .ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്തില്‍ ഇപ്പോഴും മഴ നിലക്കാത്തതും ആശങ്കാജനകമാണ് .

ചെറുതോണി അണക്കെട്ട് തുറന്നതും അതിനെത്തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലും കണ്ട് ഒരു സമൂഹമാധ്യമ സിങ്കത്തിന്റെ വിലയിരുത്തലാണ്. ഈ സിങ്കം എന്റെ സുഹൃത്തുമാണ്. പെരിയാറില്‍ വെള്ളം പൊങ്ങിയത് സര്‍ക്കാരിന്റെ പിടിപ്പുകേടാണത്രേ. ഇത്തരക്കാര്‍ മുന്നോട്ടുവെയ്ക്കുന്നത് 2 പ്രധാനപ്പെട്ട വാദങ്ങളാണ്.

-ഇടുക്കി അണക്കെട്ട് കുറച്ചുകൂടി നേരത്തേ തുറന്നിരുന്നുവെങ്കില്‍ ഇത്രത്തോളം ദുരിതം ഉണ്ടാവില്ലായിരുന്നു.
-ഇടുക്കി അണക്കെട്ടില്‍ വൈദ്യുതി ഉത്പാദനം കൂട്ടിയിരുന്നെങ്കില്‍ ഈ പ്രശ്‌നമേ വരില്ലായിരുന്നു.

വിവരക്കേട് ഒരു കുറ്റമല്ല. അതിനാല്‍ ക്ഷമിക്കാം. പക്ഷേ, കാര്യം മനസ്സിലാക്കാനോ അന്വേഷിക്കാനോ ഈ വിമര്‍ശകര്‍ ശ്രമിക്കുന്നില്ല എന്നതാണ് സത്യം. ഇടുക്കിയില്‍ എന്താണ് നടക്കുന്നത് എന്നതിനെക്കുറിച്ച് ഒരു ധാരണയുമില്ലാതെയാണ് സമൂഹമാധ്യമ പ്രവര്‍ത്തനം എന്നു പകല്‍ പോലെ വ്യക്തം.

ഇടുക്കി ജലസംഭരണി

കെ.എസ്.ഇ.ബിയുടെ അധീനതയിലുള്ള ഇടുക്കി ജലവൈദ്യുത പദ്ധതിയില്‍ വ്യത്യസ്ത രീതിയിലുള്ള 3 അണക്കെട്ടുകളാണുള്ളത് -ഇടുക്കി ആര്‍ച്ച് ഡാം, ചെറുതോണി ഡാം, കുളമാവ് ഡാം. ഇവ മൂന്നും ചേര്‍ന്ന് 60 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ പരന്നു കിടക്കുന്നതാണ് ഇടുക്കി ജല സംഭരണി. 6,000 മീറ്ററിലധികം നീളമുള്ള വിവിധ വലിപ്പത്തിലുള്ള തുരങ്കങ്ങള്‍, ഭൂഗര്‍ഭ വൈദ്യുതി നിലയം എന്നിങ്ങനെയുള്ള സവിശേഷതകള്‍ വേറെയുമുണ്ട് ഈ പദ്ധതിക്ക്. അണക്കെട്ടിലെ സംഭരണജലം മൂലമറ്റം പവര്‍ ഹൗസില്‍ എത്തിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഇവയില്‍ ഏറ്റവും വലിയ അണക്കെട്ടാണ് ഇടുക്കി ആര്‍ച്ച് ഡാം -ഷട്ടറില്ലാത്ത ഡാം.

മൂലമറ്റം പവര്‍ ഹൗസില്‍ 6 ജനറേറ്ററുകളാണുള്ളത്. ഇതില്‍ 3 ജനറേറ്ററുകള്‍ 30 വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ അറ്റകുറ്റപ്പണി വേണം. ഇത്തരത്തില്‍ അറ്റകുറ്റപ്പണി ചെയ്തില്ലെങ്കില്‍ എല്ലാം കൂടി പൊട്ടിത്തെറിക്കും. അങ്ങനെ ഓരോ ജനറേറ്ററായി അണച്ചിട്ട് അറ്റകുറ്റപ്പണി ചെയ്യാന്‍ 7 മാസം മുമ്പ് കെ.എസ്.ഇ.ബി. തീരുമാനിച്ചു. ഇപ്രകാരം അണച്ചിട്ട ഒരെണ്ണം ഒഴിച്ചാല്‍ ബാക്കിയുള്ളത് 5 ജനറേറ്ററുകള്‍. ഇനി കുറെ കാലത്തേക്ക് 5 ജനറേറ്ററുകളേ ഇടുക്കിയില്‍ പ്രവര്‍ത്തിക്കുകയുള്ളൂ. ഇപ്പോള്‍ അറ്റകുറ്റപ്പണി നടക്കുന്ന ജനറേറ്റര്‍ വരുന്ന ഓക്ടോബറില്‍ പ്രവര്‍ത്തനസജ്ജമാകുമ്പോള്‍ അടുത്ത ജനറേറ്റര്‍ അറ്റകുറ്റപ്പണിക്കായി അണയ്ക്കും

മൂലമറ്റത്തെ ഒരു ജനറേറ്റര്‍ ദിവസം മുഴുവന്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ഉത്പാദിപ്പിക്കാനാവുക 32 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. ഇത്തരത്തില്‍ 5 ജനറേറ്ററും ദിവസം മുഴുവന്‍ പ്രവര്‍ത്തിപ്പിച്ച് 1.4 -1.5 കോടി യൂണിറ്റ് വൈദ്യുതി ഇപ്പോള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഇങ്ങനെ പൂര്‍ണ്ണശേഷിയില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ 115 ഘനമീറ്റര്‍ വെള്ളമാണ് സെക്കന്‍ഡില്‍ ചെലവിടുന്നത്. അതായത് 115 ക്യുമെക്‌സ് വെള്ളം. ഒരു സെക്കന്‍ഡില്‍ ഒഴുകുന ഘനമീറ്ററാണ് ക്യുമെക്‌സ്. ഈ കണക്ക് കൃത്യമായി ഓര്‍ത്തുവെയ്ക്കണം. ഉത്പാദനം കൂട്ടിയിരുന്നെങ്കില്‍ ഈ പ്രശ്‌നമേ വരില്ലായിരുന്നു എന്നു വിലയിരുത്തല്‍ പൊളിക്കുന്ന കണക്കാണിത്.

ഷട്ടറില്ലാത്ത ഇടുക്കി ആർച്ച് ഡാം

ഇടുക്കി അണക്കെട്ടിന്റെ സവിശേഷ രൂപകല്പന ആദ്യം മനസ്സിലാക്കണം. അണക്കെട്ടു നിറഞ്ഞു എന്നു ബോദ്ധ്യപ്പെടുന്ന ഫുള്‍ റിസര്‍വോയര്‍ ലെവല്‍ 2,403 അടിയാണ്. അതാണ് ഇപ്പോള്‍ എല്ലാവരും ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍, ഇതിലുമപ്പുറം ഒരു തലമുണ്ട് -പരമാവധി വെള്ളം ഉള്‍ക്കൊള്ളാവുന്ന മാക്‌സിമം റിസര്‍വോയര്‍ ലെവല്‍ ആയ 2,408.5 അടി. അതായത്, 2,403 അടി വരെ വെള്ളമുയരുമ്പോള്‍ അണക്കെട്ടു തുറക്കും. ആ വെള്ളം ഒഴുകിപ്പോകുന്നതിനിടെ വീണ്ടും നീരൊഴുക്കിലൂടെ നിറഞ്ഞാല്‍ 2,408.5 അടി വരെ വെള്ളം ഉള്‍ക്കൊള്ളാനാവും.

അതിനാല്‍ത്തന്നെ അണക്കെട്ടു തുറക്കുന്നതിന് കേരളത്തില്‍ ഇതുവരെ അവലംബിച്ചിട്ടില്ലാത്ത രീതികളാണ് ഇത്തവണയുണ്ടായതെന്ന് എടുത്തു പറയണം. അതായത് മൂന്നു തവണ അലര്‍ട്ട് അഥവാ മുന്നറിയിപ്പ് നല്‍കുന്ന രീതി ഇക്കുറി ആദ്യമായിട്ടാണ് എന്നര്‍ത്ഥം. സാധാരണനിലയില്‍ ഇതുവരെയുള്ള രീതിയനുസരിച്ച് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,395 അടി ആകുമ്പോള്‍ കണ്‍ട്രോള്‍ റൂം തുറക്കും. 2,400 അടിയെത്തുമ്പോള്‍ മുന്നറിയിപ്പു കൊടുക്കും. പിന്നീട് തുറക്കും. എന്നാല്‍, ഇക്കുറി അണക്കെട്ടിലെ വെള്ളം ഒഴുകിപ്പോകുന്ന വഴിയിലെ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാണ് 3 മുന്നറിയിപ്പുകള്‍ നല്‍കാന്‍ തീരുമാനിച്ചത്.

ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടർ ട്രയല്‍ റണ്ണിനായി തുറന്നപ്പോള്‍

കഴിഞ്ഞ 26 വര്‍ഷമായി തുറന്നിട്ടില്ലാത്ത അണക്കെട്ട് തുറക്കുന്നു എന്നത് സവിശേഷമായ സാഹചര്യം തന്നെയായിരുന്നു. കാരണം അണക്കെട്ടിന്റെ താഴ്‌വാരത്ത് വെള്ളം ഒഴുകുന്ന വഴിയില്‍ പലയിടത്തും വ്യാപകമായ കൈയേറ്റങ്ങള്‍ നടന്നിട്ടുണ്ട്. പലയിടത്തും പുഴയോരം കൈയേറി ആളുകള്‍ വീടു വെച്ചിട്ടുണ്ട്. വെള്ളത്തിന് കൈയേറ്റം പ്രശ്‌നമല്ലല്ലോ. അത് ഒഴുകാനുള്ള വഴിയിലൂടെ തന്നെ ഒഴുകും. ചെറുതോണിയില്‍ വെള്ളം കൊണ്ടുപോയ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് ഇത്തരത്തില്‍ പുഴയുടെ തീരം കൈയേറി നിര്‍മ്മിച്ചതാണ്! വെള്ളം കൊണ്ടുപോയതില്‍ ഒരത്ഭുതവുമില്ല തന്നെ!!

ചെറുതോണി പാലവും പുഴ തിരിച്ചെടുത്ത ബസ് സ്റ്റാന്‍ഡും

ചെറുതോണി പട്ടണത്തിലെ പാലമാണ് തടസ്സത്തിന്റെ മറ്റൊരുദാഹരണം. കാല്‍ നൂറ്റാണ്ടു കൊണ്ട് മാലിന്യം അടിഞ്ഞുകൂടി അടഞ്ഞതിനാല്‍ പാലത്തിനടിയില്‍ കൂടിയുള്ള നീരൊഴുക്ക് തടസ്സമില്ലാതെ നടക്കില്ല. ലോവര്‍ പെരിയാറില്‍ പുഴയെത്തുന്നതു വരെ ഇത്തരത്തില്‍ കൈയേറ്റങ്ങളും തടസ്സങ്ങളുമുണ്ട്. ഡാമില്‍ നിന്നു വെള്ളം ഒഴുകുന്ന വഴിയിലെ ജില്ലാ ഭരണകൂടങ്ങളുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങള്‍ നടത്തിയത്. ഇതിന്റെ ഭാഗമായിട്ടാണ്. ജലനിരപ്പ് 2,390 അടിയെത്തുമ്പോള്‍ ബ്ലൂ അലര്‍ട്ട് 2,395 അടിയെത്തുമ്പോള്‍ ഓറഞ്ച് അലര്‍ട്ട്, 2,399 അടിയെത്തുമ്പോള്‍ റെഡ് അലര്‍ട്ട് എന്നിവ നിശ്ചയിച്ചു. റെഡ് അലര്‍ട്ട് വന്നാല്‍ ഏതു നിമിഷവും അണക്കെട്ട് തുറക്കാമെന്ന അവസ്ഥ.

ചെറുതോണി പാലം മുങ്ങിയപ്പോള്‍

ജൂലൈ അവസാനവാരം പെയ്ത കനത്ത മഴയാണ് അണക്കെട്ട് തുറക്കേണ്ടി വരുമെന്ന സാഹചര്യമുണ്ടാക്കിയത്. ഇതേത്തുടര്‍ന്ന് ഉടനെ തന്നെ ഇടുക്കി, എറണാകുളം ജില്ലാ ഭരണകൂടങ്ങളെ ഏകോപിപ്പിച്ച് ഉന്നതതല യോഗം വിളിച്ചു. സ്പില്‍ വേ അഥവാ അണക്കെട്ടില്‍ നിന്ന് വെള്ളം ഒഴുകുന്ന വഴിയുടെ സര്‍വേ നടത്തി. പുഴയുടെ ഇരുവശങ്ങളിലും 100 മീറ്ററിനുള്ളില്‍ താമസിക്കുന്നവര്‍ക്ക് നോട്ടീസ് നല്‍കി. ഇവരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ദുരിതാശ്വാസ ക്യാമ്പുകളും നിശ്ചയിച്ചു. എന്നാല്‍, തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതോടെ മഴ കുറഞ്ഞു. ജൂലൈ അവസാനം അണക്കെട്ടിലെ ജലനിരപ്പ് 2,397 എത്തും മുമ്പേ താഴ്ന്നു.

ചെറുതോണി അണക്കെട്ടില്‍ ഒരു ഷട്ടർ തുറന്നപ്പോള്‍

എന്നാല്‍ തിങ്കളാഴ്ച, അതായത് ഓഗസ്റ്റ് 6 ഓടെ ഇടുക്കിയില്‍ മഴ വീണ്ടും ശക്തമായി. ശക്തമായ മഴ പ്രവചിക്കപ്പെട്ടിരുന്നുവെങ്കിലും ഇത്രയും വലിയ മഴ കണക്കാക്കപ്പെട്ടിരുന്നില്ല. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ ഇടുക്കിയിലും പീരുമേട്ടിലും അടുപ്പിച്ച് 3 ദിവസം 20 സെന്റിമീറ്റര്‍ വീതം മഴ പെയ്തു. ഇടുക്കിയിലെ അടിയന്തര സാഹചര്യം നേരിടാന്‍ പദ്ധതി തയ്യാറാക്കുമ്പോള്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തിയിരുന്നത് 300 ക്യുമെക്‌സ് വെള്ളം മാത്രമായിരുന്നു. അത് ആധാരമാക്കിയാണ് എല്ലാ കണക്കുകൂട്ടലുകളും നിര്‍വ്വഹിച്ചത്. എന്നാല്‍, 3 ദിവസത്തെ മഴയില്‍ നീരൊഴുക്ക് ക്രമാതീതമായി വര്‍ദ്ധിച്ച് 800 -900 ക്യുമെക്‌സ് ആയി. അതായത് ഒരു സെക്കന്‍ഡില്‍ 800 -900 ഘനമീറ്റര്‍ വെള്ളം വെച്ച് ഇടുക്കി ജലസംഭരണിയിലേക്ക് ഒഴുകിയെത്തി. ചില ഘട്ടങ്ങളില്‍ ഒഴുക്ക് 1,100 -1,200 ക്യുമെക്‌സ് വരെയും ആയി.

ചെറുതോണി അണക്കെട്ടിലെ 5 ഷട്ടറുകളും തുറന്നപ്പോള്‍

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് അതിവേഗത്തില്‍ ഉയര്‍ന്നുകൊണ്ടിരുന്നു. 2,397 അടിയാകുമ്പോള്‍ ട്രയല്‍ റണ്‍ നടത്താന്‍ തീരുമാനമായി. അതേസമയം, എന്തു വന്നാലും രാത്രിയില്‍ ട്രയല്‍ റണ്‍ വേണ്ടെന്നും നിശ്ചയിച്ചു. ഡാമില്‍ നിന്നു വെള്ളം പുറത്തോട്ടു പോകുന്ന വഴി നിശ്ചയമില്ലാത്തതിനാല്‍ ട്രയല്‍ റണ്‍ ആവശ്യമായിരുന്നു. ലോകത്തൊരു ഡാമിനും ഇത്തരത്തില്‍ ട്രയല്‍ റണ്‍ പതിവില്ലെന്നത് പ്രത്യേകം എടുത്തുപറയണം. വെള്ളം ഉദ്ദേശിച്ച സ്ഥലത്തുകൂടിയാണോ പോകുന്നത് എന്നറിയാന്‍ 4 മണിക്കൂര്‍ നേരത്തേക്ക് 50 ക്യുമെക്‌സ് വെള്ളം വീതം തുറന്നുവിടാന്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച് മാധ്യമങ്ങളിലൂടെയും മറ്റു സംവിധാനങ്ങളിലൂടെയും ജനങ്ങളെ മുന്‍കൂര്‍ അറിയിച്ചു.

ഓഗസ്റ്റ് 8ന് രാത്രി തന്നെ ട്രയല്‍ റണ്ണിനുള്ള സാഹചര്യമുണ്ടായിരുന്നു. പക്ഷേ, രാത്രി വേണ്ട എന്ന തീരുമാനമനുസരിച്ച് അത് ഓഗസ്റ്റ് 9ലേക്കു നീണ്ടു. അന്നുച്ചയ്ക്ക് 12.30ന് ഇടുക്കി ജലസംഭരണിയിലെ ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നു. അപ്പോഴേക്കും ജലനിരപ്പ് 2,398 അടിയായിരുന്നു. ഇടമലയാറിൽ നിന്ന് വെള്ളം ഒഴുക്കി വിടുന്നതുമായുള്ള ഏകോപനത്തിനാണ് ട്രയൽ റൺ ഒരടി വൈകിപ്പിച്ചത്. ട്രയല്‍ റണ്‍ വിജയമായി. നേരത്തേ കണക്കുകൂട്ടിയ സ്ഥലങ്ങളിലൂടെ തന്നെ വെള്ളം ഒഴുകി. പക്ഷേ, വെറും 50 ക്യുമെക്‌സ് വെള്ളം തുറന്നുവിടുന്നതു കൊണ്ട് ഒന്നുമാവുമായിരുന്നില്ല. വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്ന 115 ക്യുമെക്‌സ് അടക്കം 165 ക്യുമെക്‌സ് വെള്ളം പുറത്തേക്കു പോകുമ്പോള്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തിയിരുന്നത് 800 -900 ക്യുമെക്‌സ് വെള്ളം. അതിനാല്‍ത്തന്നെ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരുന്നു.

ആലുവ ശിവക്ഷേത്രം വെള്ളത്തില്‍ മുങ്ങിയ നിലയില്‍

അങ്ങനെ ട്രയല്‍ റണ്ണായി തുടങ്ങിയത് താമസിയാതെ ശരിക്കുമുള്ള ഷട്ടര്‍ തുറക്കലായി. ഓഗസ്റ്റ് 9ന് രാത്രി തന്നെ രണ്ടാമതൊരു ഷട്ടര്‍ കൂടി തുറക്കണമെന്ന നിര്‍ദ്ദേശം വന്നു. രാത്രി അളവു കൂട്ടുന്നത് ഉചിതമല്ല എന്നു തന്നെയായിരുന്നു തീരുമാനം. ഒടുവില്‍ ഓഗസ്റ്റ് 10 രാവിലെ 7ന് പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് 125 ക്യുമെക്‌സ് ആയി. 11ന് 300 ക്യുമെക്‌സ് ആയി. വൈകുന്നേരമായപ്പോഴേക്കും ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് 700 ക്യുമെക്‌സ് ആയി. 40 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ചെറുതോണിയിലെ 5 ഷട്ടറുകളും തുറന്നു. വൈദ്യുതി ഉത്പാദിപ്പിക്കുന്ന വെള്ളം കൂടി ചേര്‍ത്ത് 815 ക്യുമെക്‌സ് വെള്ളം.

5,000 ക്യുമെക്‌സ് വെള്ളം വരെ പുറന്തള്ളാനുള്ള ശേഷി ചെറുതോണിയിലെ ഷട്ടറുകള്‍ക്കുണ്ട് എന്നറിയുക. എന്നാല്‍, താഴത്തെ വെള്ളപ്പൊക്ക ഭീഷണി പരമാവധി കുറയ്ക്കാന്‍ ജലമൊഴുക്ക് നിയന്ത്രിച്ചു നിര്‍ത്തി. ഇപ്പോള്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട് -400 ക്യുമെക്‌സ്. വേണമെങ്കില്‍ ഷട്ടര്‍ അടയ്ക്കാം. പക്ഷേ, അടയ്‌ക്കേണ്ട എന്നാണ് തീരുമാനം. കാരണം, ഓഗസ്റ്റ് 13 മുതല്‍ ഇടുക്കിയില്‍ വീണ്ടും കനത്ത മഴ പ്രവചിക്കപ്പെട്ടിട്ടുണ്ട്. അതു മുന്നില്‍ക്കണ്ട് ജലനിരപ്പ് 2,400 അടിയിലേക്കു കുറയ്ക്കുകയാണ് ലക്ഷ്യം.

ഇടുക്കി അണക്കെട്ടിലെ വെള്ളം ഇടുക്കിയെക്കാളേറെ ബുദ്ധിമുട്ട് സൃഷ്ടിച്ചത് എറണാകുളത്താണ്. ബുദ്ധിമുട്ട് വളരെ വലുതാണ്. പക്ഷേ, ദുരിതം ഇതിലുമേറെ അധികമാകാന്‍ സാദ്ധ്യതയുണ്ടായിരുന്നു എന്നറിയുമ്പോള്‍ മാത്രമാണ് എത്രമാത്രം പ്രായോഗികമായി വിഷയം കൈകാര്യം ചെയ്തിട്ടുണ്ട് എന്നു തിരിച്ചറിയുക. ഇടുക്കി ജില്ലയിലെ അണക്കെട്ടുകളില്‍ നിന്നുള്ള വെള്ളം എറണാകുളത്തേക്ക് എത്തുന്നത് ഭൂതത്താന്‍കെട്ട് അണക്കെട്ടു വഴിയാണ്. ഇടുക്കി അണക്കെട്ടും ഇടമലയാര്‍ അണക്കെട്ടും ഒരേ നിലയില്‍ തുറന്നാല്‍ എറണാകുളം ഏതാണ്ട് പൂര്‍ണ്ണമായി തന്നെ മുങ്ങിപ്പോകുമായിരുന്നു. അതൊഴിവാക്കി എന്നതാണ് ഏറ്റവും പ്രധാനം.

ഇടമലയാർ അണക്കെട്ട് തുറന്നപ്പോള്‍

ഇടമലയാര്‍ അണക്കെട്ട് സാധാരണനിലയില്‍ 4 വര്‍ഷത്തിലൊരിക്കല്‍ തുറക്കാറുണ്ട്. അതിനാല്‍ ട്രയല്‍ റണ്‍ പോലുള്ള സംവിധാനങ്ങള്‍ ആവശ്യമായിരുന്നില്ല. ഓഗസ്റ്റ് 9ന് രാവിലെ 5ന് തന്നെ ഇടമലയാറിന്റെ ഷട്ടര്‍ തുറന്ന് 600 ക്യുമെക്‌സ് വീതം വെള്ളമൊഴുക്കി. ഇടുക്കി തുറക്കാറാവുമ്പോഴേക്കും ഇടമലയാറിലെ ഒഴുക്ക് ക്രമമായി കുറച്ചുകൊണ്ടുവന്നു. ഓഗസ്റ്റ് 10ന് ഇടുക്കിയില്‍ നിന്നുള്ള ഒഴുക്ക് കൂട്ടിയപ്പോഴേക്കും ഇടമലയാറിലേക്ക് കാര്യമായി കുറച്ചിരുന്നു. ഇടുക്കിയില്‍ ഷട്ടര്‍ തുറക്കുന്നതിന് ആനുപാതികമായി ഇടമലയാറിലേത് അടച്ചു. ഇപ്പോള്‍ ഇടമലയാറില്‍ നിന്നു പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് 100 ക്യുമെക്‌സ് ആയി കുറച്ചിട്ടുണ്ട്. ഇടുക്കി അണക്കെട്ടിലെ വെള്ളം കൂടിയെത്തിയിട്ടും അതിനാല്‍ത്തന്നെ അമിതഭാരമായില്ല. വെള്ളപ്പൊക്കം കൈവിട്ടുപോകാതെ ഇത്തരത്തില്‍ ക്രമീകരിക്കാനായത് ചെറിയ കാര്യമല്ല. ഇടുക്കിയില്‍ 2,392 അടിയായപ്പോള്‍ വെള്ളം തുറന്നുവിടണമായിരുന്നു എന്ന ‘വിദഗ്ദ്ധാഭിപ്രായം’ പൊളിയുന്നത് ഇവിടെയാണ്. ഇടമലയാര്‍ തുറന്നിരിക്കുമ്പോള്‍ ഇടുക്കി കൂടി തുറന്നിരുന്നേല്‍ എറണാകുളവും ജനങ്ങളും മുങ്ങിപ്പോകുമായിരുന്നു. സമീപകാലത്തെ ഏറ്റവും വലിയ ദുരന്തം സംഭവിച്ചേനെ. ആളെക്കൊല്ലുന്ന പരിപാടിയാണ് ‘വിദഗ്ദ്ധര്‍’ ഉപദേശിക്കുന്നത്!!!

ജീവന്‍ പണയം വെച്ച് ജീവന്‍ രക്ഷിക്കുന്നതിന്‍റെ ജീവന്‍ തുടിക്കുന്ന ചിത്രം

കെ.എസ്.ഇ.ബിയും ഇടുക്കിക്കാരനായ വൈദ്യുതി മന്ത്രി എം.എം.മണിയും എന്തോ അട്ടിമറിച്ചു എന്നാണ് എന്റെ സുഹൃത്ത് അടക്കമുള്ളവര്‍ പറഞ്ഞത്. ഇടുക്കിയിലെ സ്ഥിതിവിശേഷം കെ.എസ്.ഇ.ബിയെ എങ്ങനെ ‘ബാധിച്ചു’ എന്നു കൂടി മനസ്സിലാക്കിയാല്‍ മാത്രമേ അറിവ് പൂര്‍ണ്ണമാവുകയുള്ളൂ. കേരളത്തില്‍ ഒരു ദിവസം ശരാശരി 6 -7 കോടി യൂണിറ്റ് വൈദ്യുതി ഉപയോഗിക്കപ്പെടുന്നുണ്ട്. ഇതില്‍ ഏതാണ് 70 ശതമാനവും പുറത്തു നിന്നു വരുന്നതായിരുന്നു. എന്നാല്‍, ഇപ്പോള്‍ കേരളത്തിലെ ജലവൈദ്യുത പദ്ധതികളില്‍ നിന്നു മാത്രം 4 കോടി യൂണിറ്റ് വൈദ്യുതി ഒരു ദിവസം ഉത്പാദിപ്പിക്കുന്നുണ്ട്.

മുമ്പൊക്കെ മഴക്കാലത്ത് വൈദ്യുതി ഉപയോഗം കുറയുന്നതിനാല്‍ വലിയ ഉത്പാദന കേന്ദ്രങ്ങളായ ഇടുക്കി, പമ്പ, കക്കി, ഇടമലയാര്‍ എന്നിവിടങ്ങളില്‍ ഉത്പാദനവും ആനുപാതികമായി കുറയ്ക്കുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇവിടങ്ങളിലെല്ലാം പൂര്‍ണ്ണശേഷിയില്‍ വൈദ്യുതി ഉത്പാദനം നടക്കുന്നു. അതിനാല്‍ത്തന്നെ 10 -15 ലക്ഷം യൂണിറ്റ് വൈദ്യുതി പവര്‍ എക്‌സ്‌ചേഞ്ച് മുഖേന ദിവസവും വിറ്റഴിക്കുന്നുണ്ട്. യൂണിറ്റിന് 1.50 മുതല്‍ 4.50 വരെ രൂപയാണ് വില.

ദുരന്തനിവാരണം ആലോചിക്കാനുള്ള ഉന്നതതല യോഗം മുഖ്യമന്ത്രി പിണറായി വിജയന്‍റെ അദ്ധ്യക്ഷതയില്‍ ചേർന്നപ്പോള്‍

ലഭ്യമാവുമ്പോള്‍ തിരികെ കൊടുക്കാമെന്ന കരാറില്‍ കഴിഞ്ഞ വേനല്‍ക്കാലത്ത് കേരളത്തിനു പുറത്തു നിന്ന് വൈദ്യുതി എത്തിച്ചിരുന്നു. അത്തരത്തില്‍ swap സംവിധാനം മുഖേന കൊണ്ടുവന്ന വൈദ്യുതിയും ഇപ്പോള്‍ തിരികെ കൊടുത്ത് കടം വീട്ടുന്നുണ്ട്. മഴയുടെ താണ്ഡവം ഉത്പാദനക്ഷമമായി ഉപയോഗിക്കാവുന്നതിന്റെ പരമാവധി കെ.എസ്.ഇ.ബി. ചെയ്യുന്നുണ്ട് എന്നര്‍ത്ഥം.

സഹായം അഭ്യർത്ഥിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ കത്ത്

ഒരു കാര്യത്തിലും ഒരു വിവരവും ഇല്ലെങ്കിലും എല്ലാക്കാര്യത്തിലും വലിയ പണ്ഡിതനാണെന്നു ചമയുന്നവരുണ്ട്. ഇടുക്കി ‘വിദഗ്ദ്ധാഭിപ്രായം’ പ്രകടിപ്പിക്കുന്നവരുടെ ഗണത്തില്‍ ഇത്തരക്കാരാണ് മഹാഭൂരിപക്ഷം. മഴയും വെള്ളപ്പൊക്കവും അണക്കെട്ടു തുറക്കലും എല്ലാം നിമിത്തമുണ്ടായ ദുരിതം വളരെ വലുത് തന്നെയാണ്. പക്ഷേ, ഇതിലും വലുതാവാമായിരുന്ന ദുരിതമാണ് പരമാവധി പരിമിതപ്പെടുത്താന്‍ വിജയകരമായി പരിശ്രമിച്ചിരിക്കുന്നത് എന്ന കാര്യം പലര്‍ക്കുമറിയില്ല. അറിഞ്ഞാല്‍ത്തന്നെ അംഗീകരിക്കാന്‍ അവര്‍ തയ്യാറുമല്ല. ഇടുക്കിയിലും പീരുമേട്ടിലും പെയ്ത കനത്ത മഴ നിമിത്തം ഇടുക്കി ജലസംഭരണിയിലേക്ക് ചില ഘട്ടങ്ങളില്‍ 1,100 -1,200 ക്യുമെക്‌സ് വെള്ളം ഒഴുകിയെത്തിയിരുന്നു. അവിടൊരു അണക്കെട്ട് ഉള്ളതുകൊണ്ടും വെള്ളത്തിന്റെ ഒഴുക്ക് കൃത്യമായി കൈകാര്യം ചെയ്തതുകൊണ്ടുമാണ് എറണാകുളം ഇന്നും എറണാകുളമായി നില്‍ക്കുന്നത്. അവിടെ അണക്കെട്ട് ഇല്ലാതിരിക്കുകയോ വന്ന വെള്ളം മുഴുവന്‍ ഒഴുക്കിവിടുകയോ ചെയ്തിരുന്നെങ്കിലുള്ള സ്ഥിതി ആലോചിച്ചെങ്കിലും നോക്കണം. എറണാകുളം ജില്ല തന്നെ ചിലപ്പോള്‍ ജലസമാധി വരിച്ചേനെ.

ദുരന്ത നിവാരണ അതോറിറ്റി കണ്‍ട്രോള്‍ റൂം

ഇടുക്കി അണക്കെട്ട് തുറന്നതുകൊണ്ട് ഇവിടെ ഒരു ദുരന്തവും ഉണ്ടായിട്ടില്ല. ഇതിന്റെ ഫലമായ വെള്ളപ്പാച്ചിലില്‍ ഒരു ജീവന്‍ പോലും നഷ്ടമായിട്ടില്ല. കുറച്ചു സ്ഥലങ്ങളില്‍ വെള്ളം കയറുകയും ഗതാഗതം സ്തംഭിക്കുകയും ചെയ്തത് മുന്‍കൂട്ടി അറിയിച്ച പ്രകാരം തന്നെയാണ്. ആ മുന്നറിയിപ്പ് കൃത്യമായിരുന്നതിനാല്‍ തന്നെയാണ് ജീവാപായം ഒഴിവായത്. അണക്കെട്ടു തുറന്നതിനാല്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറേണ്ടി വന്നതില്‍ എത്രയോ അധികം പേര്‍ മഴയത്ത് വെള്ളം കയറിയതുകാരണം ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറിയിരിക്കുന്നു. വെള്ളം തുറന്നുവിടുന്നത് 2,392 അടിയുള്ളപ്പോഴായലും 2,397 അടിയുള്ളപ്പോഴായലും ഫലം ഒന്നു തന്നെ. ഇപ്പോള്‍ സംഭവിച്ചതൊക്കെ സംഭവിക്കും. അതിനാല്‍ത്തന്നെ വെള്ളം നേരത്തേ തുറന്നുവിടാമായിരുന്നു എന്ന വിവരക്കേടിന് അടിസ്ഥാനമില്ല.

ഒരു സർക്കാരുത്തരവും ഇല്ലാതെ കൈയേറ്റക്കാരെ മുഴുവന്‍ പുഴ തന്നെ ഒഴിപ്പിച്ചു

ഇടുക്കി അണക്കെട്ടില്‍ നിന്ന് മോചനം ലഭിച്ച പുഴ അറബിക്കടലിലേക്കുള്ള യാത്രയ്ക്കിടെ ആര്‍ക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെങ്കില്‍ അത് തനിയെ സംഭവിച്ചതല്ല. നമ്മെ ബുദ്ധിമുട്ടിക്കാന്‍ പുഴയെ നിര്‍ബന്ധിതമാക്കിയതാണ്.

ഞാനൊഴുകും വഴികളെല്ലാം നീ അടച്ചാല്‍
നീ ഇരിക്കും വഴിയിലൂടെ ഞാനൊഴുകും

സ്‌നേഹപൂര്‍വ്വം

പുഴ

 •  
  6.7K
  Shares
 • 6.6K
 • 63
 •  
 • 59
 •  
 •  
 •  
Previous articleചൈനയില്‍ തൊഴിലെടുത്ത് പഠിക്കാം
Next articleസമര്‍പ്പണമാണ് ഏറ്റവും വലുത്
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.

1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.

2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി.

2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.

2 COMMENTS

 1. രാഷ്ട്രീയമായും സാങ്കേതികമായും നല്ലൊരു ലേഖനം.
  “5,000 ക്യുമെക്‌സ് വെള്ളം വരെ പുറന്തള്ളാനുള്ള ശേഷി ചെറുതോണിയിലെ ഷട്ടറുകള്‍ക്കുണ്ട് എന്നറിയുക”. ഇങ്ങനെയൊന്നും ഒരു മാധ്യമ പ്രവർത്തകനും പറഞ്ഞില്ല.
  http://india-wris.nrsc.gov.in/wrpinfo/index.php?title=Cheruthoni(Eb)_Dam_D03326

COMMENTS