മലയാളികള്‍ക്ക് അത്രയ്‌ക്കൊന്നും അഭിമാനിക്കാന്‍ വകയില്ലാത്ത കാര്യമാണ് പറയാന്‍ പോകുന്നത്. ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ ഇടപെട്ട് വേണ്ട നടപടി സ്വീകരിക്കും എന്നാണ് പ്രതീക്ഷ. കൈക്കൂലിപ്പാപികളായ കേരളത്തിലെ പോലീസുകാര്‍ക്ക് രാജ്യാന്തരപ്രശസ്തി കൈവന്ന കഥയാണിത്.

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രസക്തി സമീപവര്‍ഷങ്ങളില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഒപ്പം വിമാനത്താവളം കേന്ദ്രീകരിച്ചുള്ള ദുഷിപ്പുകളും കൂടി. സ്വര്‍ണ്ണക്കടത്ത്, മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത് എന്നു വേണ്ട ഇവിടെ ഇല്ലാത്തത് മറ്റെങ്ങും ഇല്ല എന്നതാണ് സ്ഥിതി. ഈ കുപ്രസിദ്ധിക്കു പുറമെയാണ് നെടുമ്പാശ്ശേരിയിലെ പോലീസുകാരുടെ പണത്തിനോടുള്ള ആര്‍ത്തിയും ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചാവിഷയമാവുന്നത്. പരാതിക്കാരുടെ പേരു കേട്ടാല്‍ എല്ലാവരും ഞെട്ടും -ഇന്റര്‍പോള്‍. സംശയിക്കണ്ട, പ്രശസ്ത രാജ്യാന്തര കുറ്റാന്വേഷണ ഏജന്‍സിയായ ഇന്റര്‍നാഷണല്‍ പോലീസ് എന്ന ഇന്റര്‍പോള്‍ തന്നെ. കേരളാ പോലീസിനു മുന്നില്‍ ഇന്റര്‍പോളൊക്കെ എന്തര്, അല്ലേ.

ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ബാഗിനകത്തു നിന്ന് ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് വെടിയുണ്ട കണ്ടെടുത്ത സംഭവം എല്ലാവരും ഓര്‍ക്കുന്നുണ്ടാവും. പിണറായി കൊള്ളക്കാരനോ ഗുണ്ടാത്തലവനോ ആയതുകൊണ്ടല്ല വെടിയുണ്ട കണ്ടെടുത്തത്, അത് ബാഗില്‍ അബദ്ധത്തില്‍ കിടന്നുപോയതാണ്. ജീവന് ഭീഷണിയുള്ള സാഹചര്യത്തില്‍ പതിവായി കൈയില്‍ കരുതുന്ന പോയിന്റ് 38 റിവോള്‍വറിന്റെ 5 തിരകളായിരുന്നു അദ്ദേഹത്തിന്റെ ലാപ്‌ടോപ്പ് ബാഗില്‍. ലൈസന്‍സ് പുതുക്കുന്നതിനായി വെടിയുണ്ട ഊരി ബാഗില്‍ വെച്ച ശേഷം തോക്ക് കൊണ്ടുപോയിരിക്കുകയായിരുന്നു. യാത്രയ്‌ക്കൊരുങ്ങിയപ്പോള്‍ ബാഗില്‍ നിന്നു വെടിയുണ്ട നീക്കാന്‍ മറന്നു. അതാണ് പ്രശ്‌നമായത്. നിജസ്ഥിതി ബോദ്ധ്യപ്പെട്ടതിനെത്തുടര്‍ന്ന് പിണറായിയെ കൂടുതല്‍ നടപടികളൊന്നുമില്ലാതെ വിട്ടയച്ചു.

nedumbassery-airport

സമാനമായൊരു സംഭവം ഇക്കഴിഞ്ഞ മെയ് 29ന് രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ആവര്‍ത്തിച്ചു. മലേഷ്യയിലേക്കു പോകാനെത്തിയ കാളിമുത്തു മുകുതന്‍ എന്ന മലേഷ്യന്‍ സ്വദേശിയുടെ ബാഗില്‍ നിന്ന് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥര്‍ വെടിയുണ്ട കണ്ടെടുത്തു. അടുത്തിടെ വിവാഹിതനായ മുകുതന്‍ ഭാര്യയ്‌ക്കൊപ്പം മധുവിധു ആഘോഷിക്കാന്‍ മെയ് 23നാണ് കേരളത്തിലെത്തിയത്. 31കാരനായ മുകുതന്‍ മലേഷ്യന്‍ പോലീസ് ഉദ്യോഗസ്ഥനാണ്. അവിടെ തോക്ക് ഉപയോഗിക്കാന്‍ അനുമതിയുള്ള ഇദ്ദേഹത്തിന് ഇന്ത്യയിലെ നിയമങ്ങളെക്കുറിച്ച് വലിയ പരിചയമുണ്ടായിരുന്നില്ല. വെടിയുണ്ട കണ്ടെത്തിയതിനെത്തുടര്‍ന്ന് മുകുതനെ കസ്റ്റഡിയിലെടുത്ത് നെടുമ്പാശ്ശേരി പോലീസിനു കൈമാറി. പോലീസ് അറസ്റ്റ് ചെയ്ത് കേസെടുത്തു. മുകുതന്റെ ഭാര്യയെ മുന്‍നിശ്ചയപ്രകാരമുള്ള വിമാനത്തില്‍ മലേഷ്യയിലേക്കു മടങ്ങാന്‍ അനുവദിച്ചു. മെയ് 30ന് കോടതിയില്‍ ഹാജരാക്കിയ മുകുതനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. മലേഷ്യന്‍ പോലീസിനെ വിവരവും അറിയിച്ചു.

ഇനിയാണ് കഥയിലെ വഴിത്തിരിവ്. ഞാന്‍ ഇക്കാര്യങ്ങളറിഞ്ഞത് മലേഷ്യയിലുള്ള ഒരു മലയാളി സുഹൃത്തില്‍ നിന്ന്. അദ്ദേഹത്തോട് വിവരങ്ങള്‍ പറഞ്ഞത് സുഹൃത്തായ ഇന്റര്‍പോള്‍ മലേഷ്യയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍. കേരളാ പോലീസിന്റെ കഥ വന്ന വഴി നോക്കണേ! ജയിലിലായ മുകുതന്റെ രക്ഷയ്ക്കായി നെടുമ്പാശ്ശേരിയിലെ പോലീസുകാര്‍ തന്നെ അവതരിച്ചു. ഒരു അഭിഭാഷകനെ പോലീസുകാര്‍ തന്നെ ഏര്‍പ്പെടുത്തിക്കൊടുത്തു. ഈ അഭിഭാഷകനു മാത്രമേ മുകുതനെ രക്ഷിക്കാനാവൂ എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. അഭിഭാഷകന്‍ മുഖേന പോലീസുകാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ മുന്നോട്ടു വെച്ചുതുടങ്ങി.

INTERPOL

സുരക്ഷിതമായി ഇന്ത്യയില്‍ നിന്നു മടങ്ങണമെങ്കില്‍ ചിലര്‍ക്കെല്ലാം പണം നല്‍കേണ്ടി വരുമെന്നാണ് അഭിഭാഷകനിലൂടെ പോലീസുകാര്‍ മുകുതനെ അറിയിച്ചത്. ഓരോരുത്തര്‍ക്കും നല്‍കേണ്ട തുകയുടെ കണക്ക് വെള്ളക്കടലാസില്‍ എഴുതി നല്‍കി. ജയിലര്‍ക്ക് 25,000 രൂപ, മൂന്നു ഗാര്‍ഡുകള്‍ക്ക് 10,000 രൂപ വീതം എന്നിങ്ങനെ. ഇതിലേറെ രസകരം മോറല്‍ സപ്പോര്‍ട്ട് അഥവാ ധാര്‍മ്മിക പിന്തുണ ഫീസായി 50,000 രൂപ ആവശ്യപ്പെട്ടതാണ്. ഈ ജീവിത കാലത്ത് നിങ്ങളോ ഞാനോ കേട്ടിട്ടുണ്ടാവില്ല മോറല്‍ സപ്പോര്‍ട്ട് ഫീസ് എന്ന്. കേരളാ പോലീസ് അതും കണ്ടുപിടിച്ചു.

മുഖ്യമന്തി പറഞ്ഞ അവതാരം ഇവിടെയും ഉണ്ടായി. മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്വന്തം ആളായി പരിചയപ്പെടുത്തിയ സി.പി.എം. നേതാവാണ് മോറല്‍ സപ്പോര്‍ട്ട് ഫീസ് ഇനത്തിലുള്ള തുകയുടെ അവകാശി. വക്കീല്‍ ഫീസായി 50,000 രൂപയാണ് ആദ്യം സമ്മതിച്ചതെങ്കിലും ചോദിക്കുന്ന പണം കിട്ടുമെന്ന സൂചന വന്നതോടെ ആവശ്യപ്പെടുന്ന തുക ആദ്യം പറഞ്ഞതിന്റെ ഇരട്ടിയിലധികമായി. നനഞ്ഞിടം പരമാവധി കുഴിക്കുക എന്ന രീതി തന്നെ. തങ്ങള്‍ക്കു പരിചിതമല്ലാത്ത മോറല്‍ സപ്പോര്‍ട്ട് ഫീസും കൈക്കൂലിയുമെല്ലാം ഏത് അക്കൗണ്ടില്‍ വകകൊള്ളിക്കണമെന്നറിയാതെ മലേഷ്യന്‍ പോലീസ് കുഴങ്ങി. പണം നല്‍കാതെ മുകുതനെ മോചിപ്പിക്കുന്നതിനുള്ള വഴിയായിട്ടാണ് കാര്യകാരണ സഹിതം അവര്‍ ഇന്റര്‍പോളിന്റെ സഹായം തേടിയത്. അങ്ങനെ കേരളാ പോലീസ് ആഗോളപ്രശസ്തരായി.

മലേഷ്യയിലെ ക്ലുവാങ് ജില്ലാ പോലീസ് സ്‌റ്റേഷനില്‍ അസിസ്റ്റന്റ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറായി പ്രവര്‍ത്തിക്കുന്ന റോയല്‍ മലേഷ്യന്‍ പോലീസ് സാര്‍ജന്റാണ് കാളിമുത്തു മുകുതന്‍ എന്ന വിവരം ഇന്റര്‍പോള്‍ ഔദ്യോഗികമായി നെടുമ്പാശ്ശേരി പോലീസിനെ അറിയിച്ചിട്ടുണ്ട്. എ.എസ്.പി. അന്‍പനന്തന്‍ ജോസഫാണ് ഇന്റര്‍പോളിനു വേണ്ടി കത്തു നല്‍കിയിരിക്കുന്നത്. മുകുതന്റെ മലേഷ്യന്‍ ഐഡന്റിറ്റി കാര്‍ഡ് നമ്പര്‍ 850206085435, പോലീസ് ഐഡന്റിറ്റി കാര്‍ഡ് നമ്പര്‍ ആര്‍.എഫ്.152816 എന്നിവ വെളിപ്പെടുത്തിയ ഇന്റര്‍പോള്‍ അദ്ദേഹത്തിന്റെ ജോലിയുടെ സ്വഭാവവും വ്യക്തമാക്കിയിരിക്കുന്നു. മലേഷ്യയില്‍ ആയുധം കൊണ്ടുനടക്കാന്‍ അധികാരമുള്ള ഉദ്യോഗസ്ഥനാണ് മുകുതനെന്നും വെടിയുണ്ട ബാഗില്‍ അബദ്ധത്തില്‍ കിടന്നുപോയതാകാമെന്നും അറിയിച്ചു. തങ്ങള്‍ നല്‍കിയ വിവരങ്ങള്‍ മുകുതനെതിരായ കേസിന്റെ അന്വേഷണം വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് സഹായിക്കുമെന്ന പ്രതീക്ഷയും ഇന്റര്‍പോള്‍ പ്രകടിപ്പിച്ചിരിക്കുന്നു. എന്നാല്‍ കേരളാ പോലീസിനെന്ത് ഇന്റര്‍പോള്‍. അവര്‍ക്ക് പണം കിട്ടിയേ പറ്റുകയുള്ളൂ എന്ന വാശിയിലാണ്.

ഇന്റര്‍പോള്‍ മലേഷ്യയിലെ എ.എസ്.പി. അന്‍പനന്തന്‍ ജോസഫുമായി ഈ കേസുമായി ബന്ധപ്പെട്ട് ഒന്നിലേറെ തവണ സംസാരിക്കാന്‍ അവസരമുണ്ടായി. കേരളാ പൊലീസില്‍ നിന്നുണ്ടായ അനുഭവങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചപ്പോള്‍ ശരിക്കും ഞാന്‍ വാപൊളിച്ചിരുന്നുപോയി. പൊലീസിനു മുകളിലുള്ള ഭരണസംവിധാനത്തെ വിവരമറിയിക്കാമെന്നും തിരുത്തല്‍ നടപടികളുണ്ടാവുമെന്നും ഞാന്‍ ഉറപ്പുനല്‍കി. ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്ന ഇന്ത്യയെപ്പോലൊരു രാജ്യത്തെ വിമാനത്താവളത്തില്‍ പൈസ കൊടുത്താല്‍ എന്തും നടക്കുമെന്നാണെങ്കില്‍ അവിടെ പിന്നെ എന്തു സുരക്ഷയാണ് ഉറപ്പാക്കാനാവുക എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് എനിക്ക് മറുപടിയുണ്ടായില്ല.

നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനെക്കുറിച്ചുള്ള പരാതി ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അവിടെ ആര് പെട്ടാലും പോലീസ് തന്നെ വക്കീലിനെ ഏര്‍പ്പാടാക്കും. ഇത് സ്‌നേഹം കൊണ്ടല്ല, കച്ചവടം ചെയ്യാനുള്ള എളുപ്പത്തിന്. അല്ലെങ്കില്‍ കണക്കു പറഞ്ഞ് അവരുടെ വിഹിതം വാങ്ങികൊടുക്കുന്നതിന്. ഇടനിലക്കാരനാവാന്‍ അവരുടെ ഒരാള്‍. ഇത് സ്ഥിരം ഒരു വക്കീലാണെന്ന് ഇതിനു മുമ്പുണ്ടായ സംഭവങ്ങളെ അടിസ്ഥാനമാക്കി ലഭിക്കുന്ന വിവരം. എല്‍.ഡി.എഫ്. വന്നാലും ദൈവം തമ്പുരാന്‍ വന്നാലും ശരിയാകാത്ത ഒരു കൂട്ടത്തെ ഓര്‍ത്ത് നമ്മള്‍ മലയാളികള്‍ക്ക് ലജ്ജിക്കാം. ഇന്റര്‍പോള്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ടുനിന്നപ്പോള്‍ ഭൂമി പിളര്‍ന്ന് ആ നിമിഷം അപ്രത്യക്ഷനായെങ്കില്‍ എന്നു തോന്നിപ്പോയെന്നാണ് എന്റെ സുഹൃത്ത് പറഞ്ഞത്.

ഇന്റര്‍പോളുമായി സഹകരിച്ചു പരിചയമുള്ള ലോകനാഥ് ബെഹറയാണ് ഇപ്പോള്‍ സംസ്ഥാന പോലീസ് മേധാവി. മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ അദ്ദേഹം അമേരിക്കയില്‍ പോയി ചോദ്യം ചെയ്തത് ഇന്റര്‍പോളിന്റെ സഹകരണത്തോടെയാണ്. നെടുമ്പാശ്ശേരിയിലെ പോലീസുകാര്‍ക്ക് വിവരമില്ലെങ്കിലും ഇന്റര്‍പോള്‍ എന്താണെന്ന് ബെഹറയ്ക്ക് നന്നായറിയാം. ഈ വിഷയം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുമെന്നും ക്രിയാത്മകമായ ഇടപെടലുണ്ടാവുമെന്നും ആശിക്കാന്‍ മാത്രമേ സാധിക്കൂ. തന്റെ ഓഫീസിലെ സ്വന്തം ആളായ അവതാരത്തെ കണ്ടെത്തി ക്ലിപ്പിടാന്‍ മുഖ്യമന്ത്രി പിണറായി വിജയനും നടപടിയെടുക്കേണ്ടതുണ്ട്. എന്തൊക്കെ നടപടി സ്വീകരിച്ചാലും നെടുമ്പാശ്ശേരിയിലെ പോലീസുകാര്‍ കേരളത്തിനു വരുത്തിവെച്ച ‘നല്ല’ പേര് തേയ്ച്ചാലും മായ്ച്ചാലും പോകുന്നതല്ല.

FOLLOW
 •  
  246
  Shares
 • 189
 • 31
 •  
 • 26
 •  
 •