• 90
 • 21
 •  
 •  
 • 18
 •  
  129
  Shares

ഏറെക്കാലത്തിനു ശേഷമാണ് ഒരു സിനിമ റിലീസ് ദിനം ആദ്യ ഷോ തന്നെ കാണുന്നത്. പ്രകാശ് ഝാ എന്ന സംവിധായകനോടുള്ള പ്രണയമാണ് ‘ജയ് ഗംഗാജല്‍’ എന്ന സിനിമ കാണാനുള്ള പ്രേരണ. പ്രകാശ് ഝാ അത്ഭുതപ്പെടുത്തി. പ്രകാശ് ഝാ എന്ന സംവിധായകനല്ല, പ്രകാശ് ഝാ എന്ന നടന്‍.

JGJ

2003ല്‍ ഇറങ്ങിയ ‘ഗംഗാജല്‍’ എന്ന പ്രകാശ് ഝാ സിനിമ എല്ലാവരും ഓര്‍ക്കുന്നുണ്ടാവും. അതിന്റെ തുടര്‍ഭാഗമാണ് ‘ജയ് ഗംഗാജല്‍’ എന്നു പലരും കരുതുന്നുണ്ടെങ്കിലും ഇരു സിനിമകളും തമ്മിലുള്ള സാമ്യം അതിലെ പോലീസ് പശ്ചാത്തലം മാത്രം. ‘ഗംഗാജല്‍’ അജയ് ദേവഗണിന്റെ അമിത്കുമാര്‍ എന്ന നായകന്റെ സിനിമയാണെങ്കില്‍ ‘ജയ് ഗംഗാജല്‍’ പ്രിയങ്ക ചോപ്രയുടെ ആഭാ മാഥുര്‍ എന്ന നായികയുടെ സിനിമയാണ്. പുതിയ സിനിമയില്‍ നായകനില്ലേ? ഉണ്ടല്ലോ. അതാണ് പ്രകാശ് ഝാ. സാധാരണ ഹിന്ദി സിനിമയിലേതു പോലെ നായികയുടെ പുരുഷകൂട്ടാളിയല്ല ഈ സിനിമയിലെ നായകന്‍ എന്നു മാത്രം.

പ്രകാശ് ഝായുടെ സംവിധാനത്തില്‍ 2003ല്‍ ഇറങ്ങിയ സിനിമയും 2016ല്‍ ഇറങ്ങിയ സിനിമയും തമ്മില്‍ വലിയ വ്യത്യാസമില്ലെന്ന് പറയേണ്ടിവരുന്നു. 2003ലെ വകഭേദത്തില്‍ സമൂഹത്തിലെ ദുഷിപ്പുകളുടെ കണ്ണില്‍ ആസിഡൊഴിക്കുകയായിരുന്നുവെങ്കില്‍ ഇപ്പോഴത് ജനങ്ങള്‍ സംഘടിച്ച് കെട്ടിത്തൂക്കുന്നതായി മാറി എന്നു മാത്രം. ഏതു പ്രകാശ് ഝാ സിനിമയുടെ ആദ്യ സീന്‍ പാവപ്പെട്ട ഗ്രാമീണര്‍ പ്രാണരക്ഷാര്‍ത്ഥം ഓടിനടക്കുന്നതും തുറന്ന ജീപ്പുകളില്‍ ഗുണ്ടകള്‍ പിന്തുടരുന്നതുമാണെന്ന മുന്‍വിധി ആര്‍ക്കെങ്കിലുമുണ്ടായാല്‍ കുറ്റംപറയാനാവില്ല. ‘ജയ് ഗംഗാജല്‍’ തുടങ്ങുന്നതും അങ്ങനെ തന്നെ.

jha

തുടക്കത്തില്‍ സിനിമ ചെറിയ ആവേശമൊക്കെ ജനിപ്പിക്കുന്നുണ്ട്. മാനവ് കൗളിന്റെ എം.എല്‍.എ. അഥവാ ‘വിധായക്’ ബബ്‌ലൂ പാണ്ഡെയും നിനാദ് കാമത്ത് അവതരിപ്പിക്കുന്ന ‘ഛോട്ടാ വിധായക്’ ഡബ്‌ലൂ പാണ്ഡെയും വില്ലത്തരത്തിന്റെ പതിവുരൂപങ്ങളാണ്. ഇവര്‍ക്ക് എല്ലാ ഒത്താശയും ചെയ്യുന്നയാളാണ് പ്രകാശ് ഝായുടെ സര്‍ക്കിള്‍ ഓഫീസര്‍ ഭോലെ നാഥ് സിങ്. ഇവര്‍ക്കിടയിലേക്കാണ് സാധാരണ ജനങ്ങളുടെ രക്ഷകയുടെ റോളില്‍ ആഭാ മാഥുര്‍ എന്ന എസ്.പി. എത്തുന്നത്.

ആഭ വരുന്നതോടെ കഥ അവരില്‍ കേന്ദ്രീകരിക്കുമെന്നു കരുതിയെങ്കില്‍ തെറ്റി. പിന്നീടുണ്ടാവുന്ന സംഭവങ്ങള്‍ പ്രകാശ് ഝായുടെ കഥാപാത്രത്തില്‍ വരുത്തുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ കാതല്‍. മാനസാന്തരം വിശ്വാസപൂര്‍ണ്ണമാക്കുന്നതില്‍ അദ്ദേഹത്തിലെ നടന്‍ വിജയിച്ചിരിക്കുന്നു. ‘കുഛ് ഭി കര്‍ ലോ പര്‍ വര്‍ദി പര്‍ ഹാത്ത് നഹിന്‍ ഉഠാനാ ചാഹിയെ ഥാ’, ‘ആപ് കോ കോയി ഗലത് മിസ്‌ഗൈഡ് കിയേ ഹൈ’ തുടങ്ങിയ ഡയലോഗുകള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തേക്കാം. ‘ഷോലെ’യിലെ ‘അരെ ഓ സാംബ’ എന്നതിന്റെയത്ര വരില്ലെങ്കിലും. വൈകാരിക സീനുകളിലും ഡയലോഗ് ഡെലിവറിയിലും ഝാ മികച്ചുനില്‍ക്കുന്നുണ്ട്. സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന സമയം വെച്ചാണ് നായകനെ നിശ്ചയിക്കുന്നതെങ്കില്‍ 158 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ സിനിമയില്‍ അത് ഝാ തന്നെയെന്ന് നിസ്സംശയം പറയാം.

ചില അപൂര്‍വ്വ പ്രയോഗങ്ങള്‍ ഈ സിനിമയില്‍ കണ്ടു -മാഡം സര്‍, സൂയിസൈഡ് മര്‍ഡര്‍ തുടങ്ങിയവ. അതിലും ഒരു ഝാ സ്‌റ്റൈല്‍ കാണാം. ഇതുവരെ കാണാത്തതൊന്നും ‘ജയ് ഗംഗാജല്‍’ നമുക്ക് നല്‍കുന്നില്ല, ഝാ എന്ന നടനൊഴികെ. ‘ഗംഗാജല്‍’, ‘അപഹരണ്‍’ എന്നീ ചിത്രങ്ങളുടെ ആഴം ഇതിനില്ലെങ്കിലും സാദാ പ്രേക്ഷകര്‍ക്ക് വിസിലടിക്കാനും കൈയടിക്കാനുമുള്ള വകുപ്പ് ഇടയ്‌ക്കൊക്കെ നല്‍കുന്നുണ്ട്. സ്‌ത്രൈണഭാവമുള്ള വില്ലനായി മുരളി ശര്‍മ്മ, ഗ്രാമീണ പെണ്‍കൊടിയായി വേഗ തിമോതിയ എന്നിവരും തിളങ്ങി.

Priyanka-Prakasha-gangaajal

കൊട്ടിഗ്‌ഘോഷിക്കപ്പെട്ടതു പോലെ പ്രിയങ്ക ചോപ്രയ്ക്ക് ഇതില്‍ കാര്യമായൊന്നും ചെയ്യാനില്ല. സല്‍മാന്‍ ഖാന്റെ വനിതാ ‘ദബങ്’ രൂപമാവാന്‍ ശ്രമിക്കുന്ന പ്രിയങ്കാ ചോപ്ര അതില്‍ പരാജയപ്പെടുന്നുവെങ്കില്‍ കാരണം മറ്റാരുമല്ല, പ്രകാശ് ഝാ തന്നെ. ഝായുടെ ഭോലെ നാഥ് സിങ് എന്ന സര്‍ക്കിള്‍ ഓഫീസര്‍ പലപ്പോഴും പാത്രസൃഷ്ടിയിലും അഭിനയമികവിലും പ്രിയങ്കയെ കവച്ചുവെയ്ക്കുന്നുണ്ട്. ഈ സിനിമ കണ്ടിറങ്ങുമ്പോള്‍ മനസ്സില്‍ തങ്ങിനിന്നത് ഭോലെ നാഥ് സിങ് എന്ന ബി.എന്‍.സിങ് മാത്രമാണ്. പ്രകാശ് ഝാ എന്ന സംവിധായകന്‍ പരാജയപ്പെട്ടിടത്ത് പ്രകാശ് ഝാ എന്ന നടന്‍ വിജയിച്ചിരിക്കുന്നു.

ആകെ മൊത്തം ടോട്ടല്‍ നിരാശയാണ്. പക്ഷേ, ഈ സിനിമ ജീവിതത്തില്‍ വലിയൊരു പാഠം പഠിപ്പിച്ചു -യു ട്യൂബില്‍ ട്രെയ്‌ലര്‍ കണ്ടു മോഹിച്ച് സിനിമ കാണാന്‍ പോകരുത്!!

MORE READ

125 സുവർണ്ണ ദിനങ്ങൾ 2015 സെപ്റ്റംബർ 19ന് തുടങ്ങിയ യാത്ര - 'എന്നു നിന്റെ മൊയ്തീൻ' തിയേറ്ററുകളിലെത്തിയത് അന്നാണ്. ഇന്ന്, 2016 ജനുവരി 21ന്, യാത്ര 125 ദിവസം പിന്നിടുന്നു. സ്വ...
തോമയും കറിയയും …പിന്നെ ശ്യാമും... എന്റെ ജീവിതം വഴിതിരിച്ചു വിട്ടത് പ്രിഡിഗ്രി പരീക്ഷയില്‍ ഇംഗ്ലീഷിന് 300ല്‍ ലഭിച്ച 232 മാര്‍ക്കാണ്. മകനെ എഞ്ജിനീയറാക്കുക എന്ന ലക്ഷ്യവുമായി അച്ഛനമ്മമാര്‍...
സ്വപ്‌നസഞ്ചാരി സ്‌കൂള്‍ പഠനകാലത്തെ ഓര്‍മ്മകളും സൗഹൃദങ്ങളും ജീവിതാവസാനം വരെ നിലനില്‍ക്കുമെന്ന് പറയാറുണ്ട്. എന്റെ അനുഭവത്തില്‍ അതു സത്യമാണ്. കോളേജ് എന്നത് സ്‌കൂളിന്റെ ...
അണിയറയിലാണ് യഥാര്‍ത്ഥ താരം... റിലീസ് ചെയ്ത് ഒരു മാസം കഴിയുമ്പോള്‍ 741.08 കോടി രൂപയുടെ ഗ്രോസ് കളക്ഷനുമായി ദംഗല്‍ മുന്നേറുകയാണ്. ഇന്ത്യയില്‍ നിന്ന് 539.08 കോടി രൂപയും വിദേശത്തു നിന്...
ഭാരമതിതാന്തം ഭാരതാന്തം!... ഒരു പതിനേഴുകാരന്‍ എഴുതിയ ആട്ടക്കഥ അന്നുവരെയുണ്ടായിരുന്ന രീതികളില്‍ നിന്ന് മാറിനടക്കുന്നതായി. സമീപകാല ആട്ടക്കഥകളില്‍ രചിതാവിന്റെയോ പരിരക്ഷകരുടെയോ ഇടപെട...
ഗസല്‍ മാന്ത്രികനൊപ്പം…... കേരള മീഡിയ അക്കാദമിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ പ്രസ് ഫോട്ടോ ഫെസ്റ്റ് കേരളയുടെ രണ്ടാമങ്കത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് അനുപ...
വഴി മാറുന്ന ചരിത്രം... മലയാള സിനിമ ഇന്ന് മുന്നോട്ടു നീങ്ങുന്നത് ഉപഗ്രഹ സംപ്രേഷണാവകാശം അഥവാ സാറ്റലൈറ്റ് റൈറ്റ് ആധാരമാക്കിയാണ്. സിനിമ നിലനിൽക്കുന്നത് ടെലിവിഷൻ ചാനലുകളെ ആശ്രയിച...

 • 90
 • 21
 •  
 •  
 • 18
 •  
  129
  Shares
 •  
  129
  Shares
 • 90
 • 21
 •  
 •  
 • 18

COMMENT