Reading Time: 7 minutes

മോന്‍ ചത്താലും വേണ്ടില്ല മരുമോളുടെ കണ്ണീര് കണ്ടാ മതി -പഴംചൊല്ലാണ്. പഴംചൊല്ലില്‍ പതിരില്ല എന്നാണല്ലോ പ്രമാണം. നാട്ടില്‍ നടക്കുന്ന പുതിയ പുതിയ കാര്യങ്ങള്‍ കാണുമ്പോള്‍ ആദ്യം മനസ്സിലേക്കോടിയെത്തുന്നത് പഴംചൊല്ലാണ്. നാട് പുരോഗമിക്കുന്നുണ്ട്!! ഇവിടിപ്പോള്‍ അമ്മായിയമ്മയാരാ, മകനാരാ, മരുമകളാരാ എന്നൊക്കെയുള്ള സംശയങ്ങളുണ്ടാവാം. അമ്മായിയമ്മ മറ്റാരുമല്ല -കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ എന്ന കെ.സി.എ. തന്നെ. മരുമകള്‍ തിരുവനന്തപുരം -കൃത്യമായി പറഞ്ഞാല്‍ കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്. മകന്റെ സ്ഥാനത്ത് ഇന്ത്യ -വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരം. വെറുതെയല്ല ഈ താരതമ്യം.

ഇന്ത്യ -വിന്‍ഡീസ് മത്സരം കൊച്ചിയില്‍ നടത്തണം എന്നായിരുന്നു കെ.സി.എ. മൊയലാളിമാരുടെ ആഗ്രഹം. എന്നാല്‍, കൊച്ചിയിലെ ജവാഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയത്തില്‍ യൂത്ത് ലോക കപ്പിനോടനുബന്ധിച്ച് സര്‍ക്കാര്‍ 25 കോടി മുടക്കി പുതിയ ഫുട്‌ബോള്‍ ടര്‍ഫ് സ്ഥാപിച്ചു. ആ ടര്‍ഫ് കെ.സി.എ. കുത്തിപ്പൊളിക്കാന്‍ ഇമ്മിണി പുളിക്കും. സര്‍ക്കാര്‍ സമ്മതിച്ചില്ല. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ അടക്കമുള്ളവര്‍ ലോകോത്തര ഫുട്‌ബോള്‍ സ്‌റ്റേഡിയം ക്രിക്കറ്റിനായി കുത്തിപ്പൊളിക്കുന്നതിന് എതിരായ നിലപാട് സ്വീകരിച്ചു. ഫുട്‌ബോള്‍ താരങ്ങളായ സി.കെ.വിനീത്, ഇയാന്‍ ഹ്യൂം എന്നിവര്‍ക്കൊപ്പം ക്രിക്കറ്റ് താരം ശ്രീശാന്തും അണി ചേര്‍ന്നു. പൊതുജനങ്ങള്‍ക്കും അതു തന്നെയായിരുന്നു അഭിപ്രായം.


തിരുവനന്തപുരത്ത് ലോകോത്തര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്‌റ്റേഡിയം തയ്യാറായി കിടക്കുമ്പോഴാണ് കൊച്ചിക്കുവേണ്ടി കെ.സി.എ. ബാറ്റു ചെയ്തത്. അതിനാല്‍, തലയ്ക്കകത്ത് ആള്‍താമസമുള്ള എല്ലാവരും പറഞ്ഞു ഇന്ത്യ -വിന്‍ഡീസ് മത്സരം കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ മതിയെന്ന്. കെ.സി.എ. മൊയലാളിമാരെ വിൡച്ചുവരുത്തി സംസ്ഥാന കായിക മന്ത്രി എ.സി.മൊയ്തീനും ഇതു പറഞ്ഞു. അതോടെ തിരുവനന്തപുരത്ത് കളി നടക്കുമെന്ന പ്രതീതിയുണ്ടായി.

എന്നാല്‍, അങ്ങനങ്ങ് തോല്‍ക്കാന്‍ പറ്റുമോ? അതും കെ.സി.എ.!! അവര്‍ക്കെന്ത് സച്ചിന്‍. കേരളാ ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബിന്റെ ഉടമയായതിനാലാണ് സച്ചിന് ഫുട്‌ബോളിനോട് പ്രേമമെന്ന് ആദ്യം പറഞ്ഞു. സച്ചിന് പിച്ചിനെക്കുറിച്ച് ഒന്നുമറിയില്ല (!!!!) എന്നായിരുന്നു അടുത്ത അടി -പറഞ്ഞത് കൊച്ചിയിലെ ഒരു സാധാരണ ക്യൂറേറ്ററായ ഹംസ എന്ന ഞാഞ്ഞൂല്!! കെ.സി.എ. സെക്രട്ടറി ജയേഷ് ജോര്‍ജ്ജ് അത് ഏറ്റുപറഞ്ഞു. ഒടുവില്‍ അവര്‍ മകനെ കൊല്ലുന്ന പരിപാടി കാണിച്ചു. ഇന്ത്യ -വിന്‍ഡീസ് ഏകദിന മത്സരം തിരിച്ചെടുക്കണമെന്ന് ബി.സി.സി.ഐയോട് അഭ്യര്‍ത്ഥിക്കാന്‍ കോട്ടയത്തു ചേര്‍ന്ന കെ.സി.എ. യോഗം തീരുമാനിച്ചു. കളിയില്ലെങ്കില്‍ പിന്നെ തിരുവനന്തപുരം നെഗളിക്കില്ലല്ലോ. മത്സരം തിരികെ കൊടുക്കാന്‍ വളരെ ‘വിശ്വസനീയമായ’ ഒരു കാരണം കെ.സി.എ. പറഞ്ഞു. തുലാവര്‍ഷം നിമിത്തം മഴ പെയ്യാന്‍ സാദ്ധ്യതയുണ്ടെന്ന്!!!

തിരുവനന്തപുരത്താണെങ്കില്‍ തുലാവര്‍ഷം കളി തടസ്സപ്പെടുത്തും. അതെന്താ കൊച്ചിയില്‍ ആ സമയത്ത് തുലാവര്‍ഷം ഉണ്ടാവില്ലേ? എന്താ കൊച്ചി കേരളത്തില്‍ അല്ലേ? ഇത്തരം ചോദ്യങ്ങളൊന്നും നമ്മള്‍ പാവം ജനങ്ങള്‍ ചോയ്ക്കാന്‍ പാടില്ല. കെ.സി.എ. സാറന്മാര്‍ക്ക് ഇഷ്ടമാവില്ല. ഇന്ത്യ -വിന്‍ഡീസ് കളി മഴയെ കാട്ടി ഒലിപ്പിച്ചുകളഞ്ഞ കെ.സി.എ. വേറൊരു കുരുട്ടുപണി ഒപ്പിച്ചിട്ടുണ്ട്. ജനുവരിയില്‍ നടക്കുന്ന ഇന്ത്യ -ഓസ്‌ട്രേലിയ പരമ്പരയിലെ ഒരു കളി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. അത് അനുവദിക്കുന്നതായി സൂചന വല്ലതും കിട്ടിയാലുടന്‍ കൊച്ചിയിലാണെന്ന് പ്രഖ്യാപിക്കും. ഇന്ത്യ -വിന്‍ഡീസ് മത്സരവേദിയായി ആദ്യം തിരുവനന്തപുരം പ്രഖ്യാപിച്ചു എന്നതാണല്ലോ ‘വിന’ ആയത്.

കായിക മന്ത്രി എ.സി.മൊയ്തീനുമായി അദ്ദേഹത്തിന്റെ ഓഫീസില്‍ കെ.സി.എ. ഭാരവാഹികള്‍ ചര്‍ച്ച നടത്തുന്നു

തിരുവനന്തപുരത്ത് ഇന്ത്യ -ന്യൂസീലന്‍ഡ് കളി നടന്നപ്പോള്‍ കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബിനെ മുക്തകണ്ഠം പ്രശംസിച്ചയാളാണ് ജയേഷ് ജോര്‍ജ്ജ്. വേണമെങ്കില്‍ ഒരാഴ്ചയ്ക്കകം കളി നടത്താവുന്ന അടിപൊളി സ്റ്റേഡിയം എന്നായിരുന്നു ആദ്യം അവിടെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം. കോരിച്ചൊരിഞ്ഞ മഴയ്‌ക്കൊടുവില്‍ ക്ഷണവേഗത്തില്‍ ഗ്രൗണ്ട് ഉണക്കി കളി നടത്തിയപ്പോള്‍ മതിപ്പ് കൂടി. ആറു മാസം തികഞ്ഞപ്പോഴേക്കും ജയേഷ് അത് മാറ്റിപ്പറയുന്നു. അത് വെറുതെയാവില്ലല്ലോ.


കെ.സി.എ. സാറന്മാരുടെ കൊച്ചി പ്രേമത്തിനു കാരണമെന്താണ്? നമ്മളെല്ലാവര്‍ക്കും തോന്നുന്ന സംശയം. തീര്‍ത്തും ന്യായമായ സംശയം. സംശയം തീര്‍ത്തുതരാം. പക്ഷേ, അന്വേഷിച്ചു കണ്ടെത്തിയ ഉത്തരങ്ങള്‍ അത്ര സുഖകരമായവയല്ല. വെട്ടിപ്പിന്റെ, തട്ടിപ്പിന്റെ മൂര്‍ത്തീഭാവമാണ് ആ സംവിധാനം -കേരള ക്രിക്കറ്റ് അസോസിയേഷന്‍. തല്‍ക്കാലം കൊച്ചിയോടുള്ള കെ.സി.എക്കാരുടെ പ്രേമത്തിന്റെ രഹസ്യം മാത്രം പറയാം.

ഇന്ത്യ -ന്യൂസീലന്‍ഡ് ട്വന്റി 20 മത്സരത്തിനു മുന്നോടിയായി കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബിലെ പിച്ച് തയ്യാറാക്കുന്നു

കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇന്ത്യ -ന്യൂസീലന്‍ഡ് ട്വന്റി 20 മത്സരം തിരുവനന്തപുരത്ത് നടന്നതൊഴിച്ചാല്‍ മറ്റൊരു അന്താരാഷ്ട്ര മത്സരം പോലും കൊച്ചിക്കു പുറത്ത് നടന്നിട്ടില്ല, നടക്കില്ല. 1998ലെ ഇന്ത്യ -ഓസ്ട്രേലിയ ഏകദിനം മുതല്‍ 2014ല്‍ അവസാനം നടന്ന ഇന്ത്യ -വിന്‍ഡീസ് ഏകദിനം വരെ ഓരോ കളി കൊച്ചിയിൽ നടന്നപ്പോഴും ഞങ്ങള്‍ പത്രക്കാര്‍ വാര്‍ത്ത കൊടുത്തിട്ടുണ്ട് -മൈതാനം ഒരുങ്ങുന്നു എന്നൊക്കെ പറഞ്ഞ്. കൗണ്ട് ഡൗണ്‍ ആഘോഷം തന്നെ കുറെക്കാലം നില്‍ക്കും. കൊച്ചി ഒരുങ്ങുന്നു, കൊച്ചിയില്‍ മണ്ണടിക്കുന്നു, കൊച്ചിയില്‍ പുല്ല് വെട്ടുന്നു, കൊച്ചിയില്‍ വെള്ളം നനയ്ക്കുന്നു, കുഴിക്കുന്നു, കിളയ്ക്കുന്നു, പിച്ചുണ്ടാക്കുന്നു, ബി.സി.സി.ഐ. ക്യൂറേറ്റര്‍ വരുന്നു, ആദ്യ ഘട്ട പരിശോധന, രണ്ടാം ഘട്ട പരിശോധന എന്നൊക്കെ പറഞ്ഞായിരിക്കും ആഘോഷം. അതായത് ഒരു ഏകദിനം എന്നു പറഞ്ഞാല്‍ കുറഞ്ഞത് 6 മാസം നീളുന്ന ആഘോഷമാണ്.

കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബ്‌

ഇനി ആ ഒറ്റ ദിവസത്തെ പരിപാടിക്ക് വിശാലമായ സംഘാടക സമിതി, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്മിറ്റി, ഫുഡ് കമ്മിറ്റി, ഫ്‌ളഡ് ലൈറ്റ് കമ്മിറ്റി, മറ്റേ കമ്മിറ്റി, മറിച്ച കമ്മിറ്റി അങ്ങനെ പലതും കാണും. അതായത് തൊട്ടതിനൊക്കെ പണിയാണ്. ലക്ഷങ്ങള്‍ മറിയുന്ന പണികള്‍. ഇതിനൊക്കെ കൊച്ചിയില്‍ സ്ഥിരം പങ്കുകച്ചവടക്കാരുണ്ട്. പൂര്‍ണ്ണസജ്ജമായ തിരുവനന്തപുരം സ്റ്റേഡിയത്തില്‍ ഇവര്‍ക്കൊന്നും വലിയ റോളില്ല. കെ.സി.എയ്ക്ക് തിരുവനന്തപുരത്തോട് താല്പര്യമില്ലാത്തതിന്റെയും കൊച്ചിയോട് മാത്രം താല്പര്യമുള്ളതിന്റെയും കാരണം വ്യക്തമായില്ലേ?

ഇന്ത്യ -ന്യൂസീലന്‍ഡ് ട്വന്റി 20 മത്സരത്തിനു മുന്നോടിയായി കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബിലെ പിച്ച് തയ്യാറാക്കുന്നു

തട്ടിപ്പിന്റെ ഒരുദാഹരണം പറയാം. പറയുമ്പോള്‍ ചെറുതാണ്. പക്ഷേ, തട്ടിപ്പ് ചെറുതല്ല. കൊച്ചിയില്‍ എപ്പോള്‍ ക്രിക്കറ്റ് കളി നടന്നാലും ഫ്‌ളഡ് ലൈറ്റ് നന്നാക്കാതെ കളി നടക്കില്ല! നമ്മുടെയൊക്കെ വീട്ടിലെ ട്യൂബ് ലൈറ്റ് വീടു വെച്ച അന്നെങ്ങാണ്ട് ഇട്ടതാണ്. പിന്നെ തൊട്ടിട്ടില്ല. ഫ്‌ളഡ് ലൈറ്റ് മാത്രം ഇത്ര പെട്ടെന്ന് കേടാവുന്നത് എന്താണ്? എന്ന് ഏകദിനം വന്നാലും കൊച്ചി സ്റ്റേഡിയത്തില്‍ ലൈറ്റ് ശരിയാക്കണം, ലൈറ്റിന്റെ അലൈന്‍മെന്റ് ശരിയാക്കണം! ഓരോ കളിക്ക് ഓരോ അലൈന്‍മെന്റാണോ? ഒരു ലൈറ്റ് താഴെയിറങ്ങി തിരികെ മുകളില്‍ കയറുമ്പോള്‍ മറിയുന്നത് ലക്ഷങ്ങളാണ്. ഇങ്ങനെ പലവിധത്തിലായി മുകളിലേക്കു പോകുന്നത് കോടികളാണ്. ഇതിനൊക്കെ കണക്കെന്നു പറയുന്നത് എല്ലായ്‌പ്പോഴും ഒപ്പിച്ചുകൂട്ടല്‍ മാത്രം.

കൊച്ചി ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം

കഴിഞ്ഞ 15 വര്‍ഷമായി കൊച്ചിയിലെ സ്റ്റേഡിയത്തില്‍ കെ.സി.എയ്ക്കു വേണ്ടി ജോലികള്‍ നിര്‍വ്വഹിക്കുന്നത് ഒരു കരാറുകാരനാണ് -സാജിദ്. ആലുവയിലെ ഒരു ക്രിക്കറ്റ് ക്ലബ്ബിന്റെ സെക്രട്ടറി എന്ന നിലയിലാണ് ഇദ്ദേഹം രംഗത്തെത്തിയത്. സാജിദ് ആദ്യം എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷനില്‍ കടന്നുകൂടി. പിന്നീട് അവിടെ ഭാരവാഹിയായി. ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ തൊഴില്‍ പാറപൊട്ടിക്കലാണ്. കൊച്ചി സ്റ്റേഡിയത്തിന്റെ മണ്ണടിക്കലും ലാന്‍ഡ്‌സ്‌കേപ്പിങ്ങും അടക്കമുള്ള കരാറുകളെല്ലാം ഇദ്ദേഹത്തിനാണ്.

കൊച്ചി ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം

സാജിദിനല്ലാതെ വേറൊരാള്‍ക്കും ഇത്രയും വര്‍ഷത്തിനിടെ കെ.സി.എ. കരാര്‍ കൊടുത്തിട്ടില്ല. അതെന്താണ് കാരണം? കെ.സി.എ. സെക്രട്ടറി ജയേഷ് ജോര്‍ജ്ജും സാജിദും ബിസിനസ് പങ്കാളികളാണ്. ജയേഷ് ആദ്യം എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയായിരുന്നു. പിന്നെ കെ.സി.എയുടെ ആക്ടിങ് ട്രഷറര്‍ ആയി. അത് കെ.സി.എ. ട്രഷറര്‍ ആയി. അടുത്തിടെ കെ.സി.എ. സെക്രട്ടറിയുമായി. ഈ വളര്‍ച്ചയ്ക്കിടെ പങ്കുകച്ചവടവും വളര്‍ന്നു പന്തലിച്ചു.

തിരുവനന്തപുരത്തെ തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജിലെ സ്‌റ്റേഡിയം, ആലപ്പുഴ എസ്.ഡി. കോളേജിലെ സ്‌റ്റേഡിയം, തൊടുപുഴയിലെ സ്റ്റേഡിയം, കാസര്‍കോട് പണി പുരോഗമിക്കുന്ന സ്‌റ്റേഡിയം, വയനാട് കൃഷ്ണഗിരി സ്‌റ്റേഡിയം, പാലക്കാട് സ്റ്റേഡിയം തുടങ്ങി കേരളത്തില്‍ കെ.സി.എയ്ക്കു വേണ്ടി എവിടെയൊക്കെ സ്‌റ്റേഡിയം വന്നിട്ടുണ്ടോ അതൊക്കെ നിര്‍മ്മിച്ചത് സാജിദാണ്. മണ്ണടിക്കണം, നികത്തണം, റോളര്‍ ഇറക്കണം എന്നിങ്ങനെ മാസങ്ങളും വര്‍ഷങ്ങളും നീണ്ട കരാറുകളാണ് എല്ലാം. ഈ പണം മുഴുവന്‍ എങ്ങോട്ടു പോയി? അന്വേഷിച്ചാല്‍ അറിയാം കൊച്ചിയില്‍ വരാത്ത തുലാവര്‍ഷം തിരുവനന്തപുരത്ത് മാത്രം എങ്ങനെ വരുന്നുവെന്ന്.

കൊച്ചി സ്റ്റേഡിയവുമായി 30 വര്‍ഷത്തെ പാട്ടക്കരാര്‍ ഒപ്പിട്ടുവെന്നാണ് കെ.സി.എ. സെക്രട്ടറി ആദ്യം ടേപ് റെക്കോര്‍ഡ് ഓണ്‍ ചെയ്തു വെച്ച പോലെ പറഞ്ഞുകൊണ്ടിരുന്നത്. ഇപ്പോള്‍ ജയേഷ് അതു പറയുന്നില്ല. കാരണം കള്ളം പറഞ്ഞാല്‍ പണിയാണെന്ന് മനസ്സിലായി. പാട്ടക്കരാര്‍ എന്നൊക്കെ പറഞ്ഞാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് കരാര്‍ പോലെയാണ്. കൊച്ചി സ്‌റ്റേഡിയത്തില്‍ കെ.സി.എയ്ക്ക് എന്തു വേണമെങ്കിലും ചെയ്യാം. എന്നാല്‍, അത്തരത്തിലൊരു പാട്ടവുമില്ല, കരാറുമില്ല എന്നതാണ് സത്യം.

പിന്നെന്താണ് ഉള്ളത്. കൊച്ചി സ്റ്റേഡിയം സംബന്ധിച്ച് കെ.സി.എയും വിശാല കൊച്ചി വികസന അതോറിറ്റി എന്ന ജി.സി.ഡി.എയും തമ്മിലൊരു ധാരണാപത്രമുണ്ട്. പാട്ടക്കരാറും ധാരണാപത്രവും രണ്ടും രണ്ടാണ്. അജഗജാന്തര വ്യത്യാസം. കെ.സി.എ. കുറച്ചു പണം കൊടുത്തിട്ട് അത് നിക്ഷേപമാക്കി വെച്ചു. ക്രിക്കറ്റിന് ആവശ്യമുള്ളപ്പോഴൊക്കെ സ്റ്റേഡിയം കൊടുക്കണം എന്ന വ്യവസ്ഥ പാലിക്കുന്നതിനു പകരമാണ് ഈ നിക്ഷേപം. ജി.സി.ഡി.എയ്ക്ക് എപ്പോഴൊക്കെ സ്‌റ്റേഡിയം ആവശ്യമുണ്ടോ അപ്പോഴൊക്കെ അവര്‍ തീരുമാനിക്കും സ്‌റ്റേഡിയം ആര്‍ക്കു കൊടുക്കണമെന്ന്. ഇത് ധാരണാപത്രത്തില്‍ വ്യക്തമായി എഴുതി വെച്ചിട്ടുണ്ട്. അല്ലാതെ 30 വര്‍ഷത്തേക്ക് ക്രിക്കറ്റിന് തീറെഴുതി കൊടുത്തിരിക്കുന്നു എന്ന പ്രചരണമേ ശരിയല്ല.

ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിന്റെ പരിപാലനം ഈ ധാരണാപത്രത്തിന്റെ ഭാഗമായി കെ.സി.എ. ഏറ്റെടുത്തിട്ടുണ്ട്. അങ്ങനെ ഏറ്റെടുത്തതു പോലും തട്ടിപ്പ് ലക്ഷ്യമിട്ടാണെന്ന് ഇപ്പോള്‍ വ്യക്തമാവുന്നു. ജയേഷ് ജോര്‍ജ്ജിന്റെ തന്നെ വാക്കുകള്‍ വിശ്വസിച്ചാല്‍ വര്‍ഷങ്ങളായി കെ.സി.എ. ‘ഏറ്റെടുത്ത്’ പരിപാലിച്ചിരുന്ന കൊച്ചി സ്റ്റേഡിയം 2014 മുതല്‍ 2017 ഒക്ടോബര്‍ വരെ യൂത്ത് ലോകകപ്പിനായി ജി.സി.ഡി.എയ്ക്ക് -എന്നുവെച്ചാല്‍ തത്ത്വത്തില്‍ സംസ്ഥാന സര്‍ക്കാരിന് -തിരിച്ചുകൊടുത്തു. എന്നാല്‍, കെ.സി.എയുടെ കണക്കുപുസ്തകം പരിശോധിച്ചാല്‍ ഈ കാലയളവിലും മൈതാനം നനയ്ക്കാന്‍ വേണ്ടി പണം ചെലവഴിച്ചിട്ടുണ്ട്. അതെന്തിനാണ് തിരിച്ചേല്‍പ്പിച്ച സ്റ്റേഡിയം നനയ്ക്കാന്‍ കെ.സി.എ. പണം മുടക്കുന്നത്? ഇതുപോലെ തൊട്ടതിനും പിടിച്ചതിനുമെല്ലാം കള്ളത്തരമാണ്. അത് ചില്ലറ കള്ളത്തരമല്ല. 8 പണിക്കാര്‍ ജോലി ചെയ്യുമ്പോള്‍ ബില്‍ എഴുതുന്നത് 38 പണിക്കാര്‍ ജോലി ചെയ്തു എന്നു പറഞ്ഞിട്ടാണ്.

മെല്‍ബണ്‍ സ്റ്റേഡിയം

ഇപ്പോള്‍ കെ.സി.എ. സാറന്മാര്‍ പറയുന്നത് മെല്‍ബണിലെ സ്റ്റേഡിയത്തില്‍ ക്രിക്കറ്റും ഫുട്‌ബോളും എല്ലാം നടക്കുന്നുണ്ട് എന്നാണ്. ഓസ്‌ട്രേലിയന്‍ നാഷണല്‍ സ്‌പോര്‍ട്‌സ് മ്യൂസിയം നിലകൊള്ളുന്ന മെല്‍ബണില്‍ ക്രിക്കറ്റും ഫുട്‌ബോളും മാത്രമല്ല സൈക്ലിങ്ങും ടെന്നീസും റഗ്ബിയുമെല്ലാം നടന്നിട്ടുണ്ട്. അവിടെ ഉപയോഗിക്കുന്നത് ഡ്രോപ് ഇന് പിച്ച് എന്നു പറയുന്ന സങ്കേതമാണ്. പിച്ച് പുറത്ത് നിര്‍മ്മിച്ചിട്ട് മൈതാനത്തിന്റെ മധ്യത്തില്‍ കൊണ്ടു പോയി കാര്‍പറ്റ് വിരിക്കുംപോലെ അങ്ങ് വിരിക്കും. കളി കഴിയുമ്പോള്‍ അതേപോലെ ക്രെയിനില്‍ എടുത്തുകൊണ്ട് പോകാം. അവിടെ കുഴിക്കലും നികത്തലുമൊന്നുമില്ല. ഈ ഡ്രോപ് ഇന്‍ പിച്ച് സംവിധാനം ആണെങ്കില്‍ കൊച്ചിയില്‍ ക്രിക്കറ്റ് കളിച്ചോട്ടെ. ആര്‍ക്കും ഒരെതിര്‍പ്പുമില്ല. കെ.സി.എ. പറയുന്നത് ഡ്രോപ് ഇന്‍ പിച്ചിനെക്കുറിച്ചല്ല. ഇവര്‍ക്ക് 8 ഇഞ്ച് നീളത്തില്‍ കുഴിക്കണം. 5,000 ചതുരശ്രയടി കുഴിക്കണം. ഫുട്‌ബോള്‍ മൈതാനത്തിന്റെ നെഞ്ചത്ത് കുഴിക്കണം. അങ്ങനെ പണിതാലേ മൈതാനം കുഴിച്ച് പുതിയ മണ്ണിടാന്‍ പറ്റൂ. പുതിയ പാറപ്പൊടി ഇറക്കാന്‍ പറ്റൂ. പുതിയ കളിമണ്ണ് കൊണ്ടുവരാന്‍ പറ്റൂ. പുതിയ പുല്ല് കൊണ്ടുവരാന്‍ പറ്റൂ. വെട്ടിക്കാന്‍ പറ്റൂ.

കാര്യവട്ടത്ത് സൗകര്യമില്ലെന്ന് ജയേഷ് പറയുമ്പോഴും കെ.സി.എയുടെ വെബ്‌സൈറ്റ് അങ്ങനെയല്ല പറയുന്നത്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയം താമസിയാതെ ഒരു നിശ്ചിത കാലത്തേക്ക് കെ.സി.എ. ഏറ്റെടുക്കുമെന്നും അസോസിയേഷന് അനുവദിക്കപ്പെടുന്ന അന്താരാഷ്ട്ര മത്സരങ്ങള്‍ ഇവിടെ നടക്കുമെന്നുമാണ് വെബ്‌സൈറ്റ് മൊഴി.

The Kerala Cricket Association will take over the Greenfield International Stadium in Kariavattom for a stipulated period of time.
Greenfield stadium will host the international matches to be allotted to the state association. Possibly, the stadium will be the venue for IPL matches as well in the next edition of the tournament.
The land is owned by the university of Kerala. The 55000 capacity stadium was built at a cost of Rs.240 crores under DBOT basis by infrastructure Leasing and Financial services.

ജയേഷ് എറണാകുളത്തു വരുമ്പോള്‍ ആദ്യമായി ഉണ്ടായിരുന്നത് പഴയ ഒരു ഡോള്‍ഫിന്‍ കാറാണ്. ഒരു മൂട്ട കാര്‍. ഇപ്പോള്‍ കാരവാന്‍ മോഡല്‍ ഒരെണ്ണമടക്കം കോടികള്‍ വിലമതിക്കുന്ന മെഴ്‌സിഡസ് ബെന്‍സിന്റെ രണ്ടു വാഹനങ്ങളുടെ ഉടമയാണ് ഇദ്ദേഹം. മറ്റു സ്വത്തുക്കള്‍ വേറെ. ജയേഷിന്റെ വളര്‍ച്ച നല്ലതു തന്നെ. പക്ഷേ, വളരാനുള്ള വരുമാനത്തിന്റെ സ്രോതസ്സ് അറിയാന്‍ പൊതുജനത്തിന് അവകാശമുണ്ട്. കാരണം ജയേഷ് ജോര്‍ജ്ജ് കെ.സി.എയുടെ സെക്രട്ടറിയാണ്, അംബാനിയുടെ കൊച്ചുമോനല്ല.

ഇനി അഥവാ ഉദ്ദേശിച്ച പോലെ കൊച്ചിയില്‍ കളി കിട്ടിയില്ലെങ്കില്‍ ജയേഷിന് വേറൊരു കാര്യം ചെയ്യാവുന്നതാണ്. തിരുവനന്തപുരത്ത് ഇപ്പോഴുള്ള കെ.സി.എ. ആസ്ഥാനം കൊച്ചിയിലേക്കും മാറ്റണം. പുതിയ കെട്ടിടം നിര്‍മ്മിക്കുമ്പോള്‍ പുട്ടടിക്കാന്‍ പുതിയ സാദ്ധ്യതകള്‍ തുറന്നുകിട്ടും. എന്താ? ഒന്നു ശ്രമിക്കരുതോ?

Previous articleതോമയും കറിയയും …പിന്നെ ശ്യാമും
Next articleക്രിക്കറ്റും ഫുട്‌ബോളും പ്രണയിച്ച ‘കള്ള’ക്കഥ
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

2 COMMENTS

  1. ചേട്ടന്റെ കണ്ടെത്തലുകൾ അപാരം തന്നെ…..
    ഒരു സാറ്റലൈറ്റ് കണ്ടു പിടിച്ച് ഇന്ത്യയെ രക്ഷിക്കാമോ ചേട്ടാ….

LEAVE A REPLY

Please enter your comment!
Please enter your name here