ഈ വിഷയം എഴുതണോ എന്നു പല വട്ടം ആലോചിച്ചു. പട്ടാമ്പിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നോബി അഗസ്റ്റിന്‍ എന്ന യുവതി എത്തിയപ്പോള്‍ മുതല്‍ എഴുതാന്‍ ആലോചിച്ചതാണ്. കലാകൗമുദിയിലെ റിപ്പോര്‍ട്ടുകള്‍ അടക്കം നേരത്തേ ഏറ്റെടുത്ത ഉത്തരവാദിത്വങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഉണ്ടായിരുന്നതിനാല്‍ എഴുതിയില്ല. ഇപ്പോള്‍ എഴുതാതെ വയ്യ എന്ന അവസ്ഥയായിരിക്കുന്നു. മാധ്യമരംഗത്തെ ദുഷിപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകരല്ലാതെ മറ്റാരും സാധാരണ നിലയില്‍ രംഗത്തു വരാറില്ല. കടന്നല്‍ക്കൂട്ടില്‍ കല്ലെറിയുന്നതു പോലാണ് മാധ്യമവിമര്‍ശനം എന്ന ധാരണ പുറത്തുള്ളതിനാലാണ് മറ്റുള്ളവര്‍ ‘വെറുതെ എന്തിന് പുലിവാല് പിടിക്കണം’ എന്ന നിലപാട് സ്വീകരിക്കുന്നത്. ഏതായാലും ആ പേടി എനിക്കുണ്ടാവേണ്ട കാര്യമില്ല. എന്റെ ഈ കുറിപ്പിനോട് എതിരഭിപ്രായമുള്ളവര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെയുണ്ടാവാം. എല്ലാവര്‍ക്കും ഒരേ അഭിപ്രായമുണ്ടാവണം എന്നില്ലല്ലോ.

Leby

ലേബി സജീന്ദ്രനെ എനിക്കറിയില്ല. പക്ഷേ, അവര്‍ ചെയ്യുന്ന വാര്‍ത്തകള്‍ കണ്ടിട്ടുണ്ട്. ഏറ്റവുമധികം ശ്രദ്ധിച്ച വാര്‍ത്ത ജോസ് തെറ്റയിലിന്റെ പീഡനം തന്നെ. അതിനൊരു കാരണമുണ്ട്. ഇരയുടെ വ്യക്തിത്വം വ്യക്തമാക്കുന്ന രീതിയില്‍ വാര്‍ത്ത കൊടുക്കരുത് എന്നതാണ് സാമാന്യചട്ടം. ഇര പീഡിപ്പിക്കപ്പെടുന്ന, നഗ്നദൃശ്യങ്ങള്‍ തന്നെ സ്‌ക്രീനില്‍ തെളിയുമ്പോള്‍ അതിന്റെ ഒരു ഭാഗത്ത് നിന്നു തത്സമയ വിവരണം നല്‍കിയിരുന്ന ലേബിയെ കണ്ടു ഞാന്‍ ഞെട്ടി. ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയോട് ഇങ്ങനെ ചെയ്യാനാവുമോ എന്ന സംശയമായിരുന്നു ഞെട്ടലിനു കാരണം. ലേബിയുടെ മുതലാളിയുടെ രാഷ്ട്രീയതാല്പര്യമാണ് ആ വാര്‍ത്തയില്‍ മുഴച്ചുനിന്നത് എന്നത് വേറെ കാര്യം. എന്തുകൊണ്ട് ആ വാര്‍ത്ത കൈകാര്യം ചെയ്യാന്‍ ലേബിയെ തിരഞ്ഞെടുത്തു എന്നു പിന്നീടന്വേഷിച്ചപ്പോള്‍ അവരുടെ സ്ഥാപനത്തില്‍ നിന്നു തന്നെ അറിഞ്ഞത് യു.ഡി.എഫ്. എം.എല്‍.എ. വി.പി.സജീന്ദ്രന്റെ ഭാര്യ എന്ന നിലയിലാണ് എന്നായിരുന്നു. ആ ബന്ധം ആദ്യമായി ഞാനറിഞ്ഞത് അന്നാണ്. മുതലാളിക്കൊത്ത തൊഴിലാളി എന്നേ അന്നു കരുതിയുള്ളൂ.

പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണത്തിന്റെ അവസാന ദിവസം അങ്കമാലിയില്‍ നിന്ന് പട്ടാമ്പിയിലെത്തി സ്വതന്ത്ര വേഷമണിഞ്ഞ നോബി അഗസ്റ്റിന്‍ എന്ന യുവതിയെക്കുറിച്ചറിഞ്ഞു. ലേബി മുമ്പ് പുറത്തുവിട്ട പീഡന കഥയിലെ നായിക. സോളാര്‍ കേസില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിട്ട് ഭരണം നിലനിര്‍ത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയുടെ ഇരയാണ് താനെന്നും വക്കീലിനു കൊടുക്കാനെന്ന പേരില്‍ കള്ളം പറഞ്ഞു കൈക്കലാക്കിയ വീഡിയോ ആണ് പുറത്തുവന്നതെന്നും അവര്‍ പറഞ്ഞു. തന്നെ കബളിപ്പിച്ച സി.പി.മുഹമ്മദിനെതിരായ പ്രതിഷേധമാണ് സ്ഥാനാര്‍ത്ഥിത്വമെന്നും നോബി പറയുകയുണ്ടായി. അതോടെ ലേബിയോട് പണ്ടു തോന്നിയ വിയോജിപ്പ് പുച്ഛമായി. സ്വന്തം ഭര്‍ത്താവിന്റെ രാഷ്ട്രീയ താല്പര്യങ്ങള്‍ സംരക്ഷിക്കാനാണെങ്കിലും ഒരു മാധ്യമപ്രവര്‍ത്തകയ്ക്ക് ഇത്രമാത്രം അധഃപതിക്കാനാവുമോ എന്ന ചിന്തയായിരുന്നു പുച്ഛത്തിനു കാരണം.

അപ്പോഴതാ വരുന്നു അടുത്ത ബോംബ്. സജീന്ദ്രനു വേണ്ടി മാധ്യമപ്രവര്‍ത്തകര്‍ക്ക് പണം നല്‍കുന്നതിനെക്കുറിച്ചുള്ള ഫോണ്‍ സംഭാഷണം. അതിന്റെ നിജസ്ഥിതി എന്തോ ആവട്ടെ. എന്തുകൊണ്ട് എല്ലാവരും അതു വിശ്വസിച്ചു? ലേബി തന്നെയാണ് കാരണക്കാരി. അവരുടെ മുന്‍കാല ചെയ്തികള്‍ വിനയായി. ഒരു എല്‍.ഡി.എഫ്. എം.എല്‍.എയുടെയോ നേതാവിന്റെയോ ഭാര്യയാണ് ഇത്തരമൊരു കുടുക്കിലായതെങ്കില്‍ എന്താണിവിടെ സംഭവിച്ചിട്ടുണ്ടാവുക എന്നുകൂടി പരിഗണിക്കുന്നത് ഈ അവസരത്തില്‍ നന്നാവുമെന്നു തോന്നുന്നു.

വിവാദത്തിന്റെ തുടര്‍ച്ചയായി മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നുള്ള ലേബിയുടെ പ്രഖ്യാപനം ഇന്നു കണ്ടു. നല്ല തീരുമാനം. മാധ്യമപ്രവര്‍ത്തനം എന്ന ജോലിക്ക് ഒരു സത്യമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതിനെ വ്യഭിചരിച്ചാല്‍ ഇന്നല്ലെങ്കില്‍ നാളെ കുടുങ്ങുക തന്നെ ചെയ്യുമെന്നു ഭയപ്പെടുന്നു. അതനുസരിച്ചു തന്നെയാണ് ഈ 19 വര്‍ഷവും ഞാന്‍ മുന്നോട്ടു നീങ്ങിയിട്ടുള്ളത്. ലേബിയുടെ അനുഭവം ഈ മുന്നറിയിപ്പ് ശരിവെയ്ക്കുന്നു. ലേബിയെ വിമര്‍ശിക്കുക എന്ന ഉദ്ദേശ്യത്തോടെ മാത്രമല്ല ഈ കുറിപ്പെഴുതിയത്. ഇനിയും ധാരാളം ലേബിമാരും ലേബന്മാരും നമ്മുടെ കൂട്ടത്തിലുണ്ട്. അവര്‍ക്ക് ഒരു മുന്നറിയിപ്പ്, ഒരു ഓര്‍മ്മപ്പെടുത്തല്‍. അത്രയേ ഉദ്ദേശിച്ചുള്ളൂ.

വാളെടുത്തവന്‍ വാളാല്‍… അതോ വാളെടുത്തവളോ?

FOLLOW
 •  
  307
  Shares
 • 277
 • 12
 •  
 • 18
 •  
 •