Reading Time: 4 minutes

അട്ടപ്പാടിയിലെ അഗളി ചിണ്ടക്കി ഊരില്‍ മല്ലന്റെയും മല്ലിയുടെയും മകന്‍ മധു.
അവന്‍ നല്‍കിയ നടുക്കം അടുത്തൊന്നും വിട്ടുമാറുമെന്ന് തോന്നുന്നില്ല.
ദൈന്യതയാര്‍ന്ന അവന്റെ മുഖം മനസ്സില്‍ നിന്നു മായുന്നില്ല.
മധുവിനെപ്പോലൊരാള്‍ ഇനി ഉണ്ടാവാതിരിക്കട്ടെ.

മധുവിന്റെ ‘കുറ്റവിചാരണ’ വീഡിയോ കണ്ട് തരിച്ചിരുന്നു. ആ പാവം ഇപ്പോള്‍ ജീവനോടെയില്ല എന്ന തിരിച്ചറിവിന്റെ നടുക്കം ഒരു തണുപ്പായി കാലിന്റെ പെരുവിരലില്‍ നിന്ന് തലച്ചോറിലേക്ക് ഇരമ്പിക്കയറി. ഇങ്ങനൊക്കെ പെരുമാറുന്നവര്‍ മനുഷ്യരാണോ?

മൃഗീയം എന്നു ചിലര്‍ വിശേഷിപ്പിച്ചു കണ്ടു.
ഞാനതിനോട് യോജിക്കുന്നില്ല.
മൃഗങ്ങള്‍ കൊല്ലുന്നത് ഭക്ഷണത്തിനാണ്! ഭക്ഷണത്തിനു മാത്രമാണ്!!
അതിനാല്‍ മൃഗങ്ങളെ കുറ്റപ്പെടുത്തരുത്.

madhu graph (1).jpeg

മധുവിനെ വിചാരണ ചെയ്യുന്നവരില്‍ ആരോ അവന് വെള്ളം കൊടുക്കാന്‍ പറയുന്നുണ്ട്. ‘പ്രധാന ജഡ്ജി’ അത് നിര്‍ദാക്ഷിണ്യം നിഷേധിക്കുന്നു. അതിനിടെ ഇളംചുവപ്പ് നിറമുള്ള ടീഷര്‍ട്ട് ഇട്ട് മുഖത്ത് കോളിനോസ് പുഞ്ചിരിയുമായി ഒരു ‘യുവകോളമന്‍’ പ്രത്യക്ഷപ്പെടുന്നുണ്ട്. വന്നപാടെ അവന്‍ മധുവിന്റെ നട്ടെല്ലില്‍ കാല്‍മുട്ട് കയറ്റുകയാണ്. വേദനകൊണ്ട് മധു പുളയുന്നതും കാണാം. എന്നിട്ട് മര്‍ദ്ദകന്‍ ഒന്നും സംഭവിക്കാത്തതു പോലെ കാഴ്ച കണ്ടു നില്‍ക്കുന്നു. എന്തിനാണ് അടിച്ചതെന്നു പോലും ഒരു പക്ഷേ, അടിച്ചവന് അറിയില്ലായിരിക്കാം. സംസ്‌കാരസമ്പന്നന്റെ ലക്ഷണം!!!

madhu (1).jpg

ഇതിനെ ആള്‍ക്കൂട്ട മനഃശാസ്ത്രമെന്നു പറയാനാവുമോ? എന്താണ് ഈ ആള്‍ക്കൂട്ട മനഃശാസ്ത്രം? പ്രത്യേകിച്ച് ഒരു കാരണം ഇല്ലാതെ, അല്ലെങ്കില്‍ കാരണം അറിയാതെ മറ്റുള്ളവരുടെ മുകളില്‍ കുതിര കയറുന്നതോ? ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരത്തെ കിഴക്കേക്കോട്ടയില്‍ ബസ്സിലിരുന്ന് സമാനമായ കാഴ്ച കണ്ടിട്ടുണ്ട്. ബസ് സ്റ്റാന്‍ഡിനുള്ളില്‍ അന്യസംസ്ഥാനക്കാരന്‍ എന്നു തോന്നുന്ന ഒരു യുവാവിനെ ചിലര്‍ ചേര്‍ന്നു തല്ലുന്നു. ചിലര്‍ കണ്ടുനില്‍ക്കുന്നു. ആകെ ബഹളം. ഫോണെടുത്ത് ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ സുഹൃത്തായ എസ്.ഐയെ വിളിച്ചു. സ്റ്റേഷനില്‍ വിവരമറിഞ്ഞിട്ടില്ല. കിഴക്കേക്കോട്ടയിലെ എയ്ഡ് പോസ്റ്റിലെ പൊലീസുകാരും അറിഞ്ഞിട്ടില്ല എന്നര്‍ത്ഥം. ഉടനെ വൈറ്റ് പട്രോള്‍ വാഹനം അയയ്ക്കാമെന്ന് എസ്.ഐയുടെ ഉറപ്പ്.

madhu (3).jpg

സ്റ്റാന്‍ഡിലെ ബഹളം കൂടുതല്‍ ഉച്ചത്തിലായി. അപ്പോള്‍ മാത്രം അവിടേക്ക് നടന്നെത്തിയ സിംപളനായ ഒരു യുവാവ് പെട്ടെന്ന് വായുവില്‍ ചാടിയുയര്‍ന്നു. അയാള്‍ സര്‍വ്വശക്തിയുമെടുത്ത് ഇരയെ തൊഴിച്ചു. കവിളത്ത് ആഞ്ഞടിച്ചു. എന്നിട്ട് വന്നപോലെ കൂളായി മുന്നോട്ടു നടന്നു. ഞാനിരുന്ന ബസ്സിന്റെ ജനാലയ്ക്കരികിലെത്തിയപ്പോള്‍ അയാളോട് ചോദിച്ചു -‘എന്തിനാ അയാളെ തല്ലുന്നേ?’ യുവാവിന്റെ മറുപടി ഞെട്ടിച്ചു -‘ആ… ആര്‍ക്കറിയാം? എല്ലാവരും അടിക്കുന്നു. ഞാനും അടിച്ചു. അത്രേയുള്ളൂ.’ ഇവനെയൊക്കെ എന്തു ചെയ്യണം? സംസ്‌കാരമുണ്ടെന്നു നടിക്കുന്ന എല്ലാവരുടെയും ഉള്ളില്‍ ഒരു അക്രമണകാരി ഒളിഞ്ഞിരിക്കുന്നു.

madhu (2).jpg

മധുവിനെ കൊന്നത് മനുഷ്യരല്ല എന്നും ആരൊക്കെയോ പറഞ്ഞു, എഴുതി.
ഒരു മനുഷ്യന്‍ ഇങ്ങനെ ചെയ്യില്ല എന്ന വിശ്വാസം.
എന്നാല്‍ ഞാന്‍ പറയുന്നു അത് ശരിയല്ലെന്ന്.
മനുഷ്യനേ ഇതു ചെയ്യൂ. മനുഷ്യന്‍ മാത്രമേ ഇതു ചെയ്യൂ.

കടുകുമണ്ണ ഊരിലെ മൂപ്പന്റെ പെങ്ങളാണ് മധുവിന്റെ അമ്മ മല്ലി. മൂത്ത മകനാണ് മധു. അവന്‍ ഏഴാം ക്ലാസ് വരെ പഠിച്ചു. പിന്നെ സ്‌കൂളില്‍ പോകാതായി. ഒരു സ്വപ്‌നസഞ്ചാരി. 17 വയസ്സുള്ളപ്പോള്‍ അവന്‍ വീടുവിട്ടു. ആദ്യമൊക്കെ ഇടയ്ക്ക് വീട്ടില്‍ വരുമായിരുന്നു. എന്തെങ്കിലും തിന്നിട്ടു പോകും. ആരോടും ഒന്നും മിണ്ടില്ല. പിന്നെ അവന്‍ വീട്ടിലേക്കു വരാതായി. അവന്‍ നയിച്ചത് യഥാര്‍ത്ഥ കാടുജീവിതം. അമ്മ മല്ലി പിന്നെ മധുവിനെ കണ്ടത് ഇപ്പോള്‍ 9 വര്‍ഷത്തിനു ശേഷം. അതും അവന്റെ ചേതനയറ്റ ശരീരം. മധുവിന് പ്രായം വെറും 30 വയസ്സ്.

ആദിവാസികള്‍ എന്നു പറഞ്ഞാല്‍ ആദ്യം വാസമുറപ്പിച്ചവര്‍ എന്നര്‍ത്ഥം.
മണ്ണിന്റെ യഥാര്‍ത്ഥ അവകാശികള്‍.
ചിലര്‍ അവരെ വനവാസികള്‍ എന്നൊക്കെ വിളിക്കുന്നുണ്ട്.
യഥാര്‍ത്ഥ അവകാശികളെ അംഗീകരിക്കാനുള്ള നീലച്ചോരക്കാരുടെ രാഷ്ട്രീയവിമുഖത.

ഊരില്‍ നിന്ന് 8 കിലോമീറ്ററോളം അകലെ പിണ്ടശ്ശേരി വനമേഖലയിലായിരുന്നു മധുവിന്റെ താമസം. തേക്ക് കൂപ്പിനകത്ത് എവിടെയോ ആണ് കിടപ്പ്. കാട്ടില്‍ വിറകൊടിക്കാന്‍ പോകുന്നവര്‍ ഇടയ്ക്ക് കണ്ടുവെന്നു പറയുന്നതാണ് അമ്മയ്ക്ക് അവനെക്കുറിച്ചുള്ള വിവരം. ഈ കാട്ടിനകത്തു കയറിയാണ് കിരാതന്മാര്‍ മധുവിനെ പിടിച്ചത്. ഇതില്‍ എല്ലാ രാഷ്ട്രീയക്കാരുമുണ്ട്. അവിടെവെച്ചു തന്നെ ശരിക്കു തല്ലി. അവശനായ അവനെ പിന്നെ മുക്കാലി വരെ ഉന്തിത്തള്ളി നടത്തി. അവിടെവെച്ചാണ് വീഡിയോ ചിത്രീകരിച്ചതും സെല്‍ഫിയെടുത്ത് കളിച്ചതും.

madhu (4).jpg

കാട്ടില്‍ ഒന്നും തിന്നാന്‍ കിട്ടാതാകുമ്പോള്‍ മാത്രമാണ് മധു നാട്ടിലിറങ്ങുന്നത്. അല്ലെങ്കില്‍ കാട്ടില്‍ കിട്ടുന്നതു തിന്ന് വിശപ്പടക്കും. ആളുകളെ അവന് പേടിയായിരുന്നു. ആള്‍ക്കൂട്ടം കണ്ടപ്പോഴെല്ലാം അവന്‍ ഭയന്നു മാറി. അതിനാല്‍ ചിലരവനെ മാനസികരോഗിയാക്കി. യഥാര്‍ത്ഥത്തില്‍ അവനെ ഭ്രാന്തനെന്നു വിളിച്ചവര്‍ക്കായിരുന്നു മുഴുഭ്രാന്ത്. വനമേഖലയില്‍ തേക്കും മാഞ്ചിയവും മുറിക്കുന്നവര്‍ മധുവിനെ ഉപദ്രവിക്കുക പതിവായിരുന്നു. മധുവിനെയും അവര്‍ കാട്ടുമൃഗമായി കണ്ടു. സൗകര്യപൂര്‍വ്വം അവര്‍ അവനെ കള്ളനുമാക്കി. കള്ളന്‍ പറയുന്ന കാട്ടിലെ ‘സത്യങ്ങള്‍’ ആരും വിശ്വസിക്കില്ലല്ലോ!!

വിശന്നിട്ടാണവന്‍ ഒരുപിടി ആഹാരം കൈയിലെടുത്തത്.
വിശപ്പിന്റെ ദൈന്യത അവന്റെ മുഖത്ത് പ്രകടമായിരുന്നു.
തളര്‍ന്നു വലഞ്ഞ അവനെ ഒട്ടും അലിവില്ലാതെ വരിഞ്ഞുകെട്ടി.
ഒട്ടിയ വയറും അസ്ഥികളും മാത്രമുള്ള ശരീരം കണ്ടിട്ടും അവനെ തല്ലി, തല്ലിക്കൊന്നു.

നാട്ടില്‍ നടക്കുന്ന മോഷണങ്ങളുടെ ഉത്തരവാദിത്വം സൗകര്യപൂര്‍വ്വം മധുവിന്റെ തലയില്‍ കെട്ടിവെയ്ക്കുക പതിവായിരുന്നു. എന്നാല്‍, പരിഷ്‌കൃത സമൂഹത്തിന്റെ നിയമങ്ങള്‍ അറിയുമായിരുന്നില്ല എന്നതു മാത്രമായിരുന്നു അവന്റെ കുറ്റം. കാട്ടില്‍ ആവശ്യമുള്ളത് എടുക്കാന്‍ അവന് ആരോടും ചോദിക്കണ്ടായിരുന്നു. നാട്ടിലും അതിനാല്‍ അവന്‍ ആരോടും ഒന്നും ചോദിച്ചില്ല. എടുത്തത് വിലപിടിച്ചതൊന്നുമല്ല, ഭക്ഷണം മാത്രമായിരുന്നു. വിശപ്പടക്കാനുള്ള മാര്‍ഗ്ഗം. തല്ലിക്കൊന്ന ജനക്കൂട്ടം അവന്റെ സഞ്ചിയില്‍ നിന്നു കണ്ടെടുത്ത ‘തൊണ്ടി’ മുതലുകള്‍ക്ക് എല്ലാം കൂടി വില 200 രൂപ പോലും വരുമായിരുന്നില്ല. ഒരു മനുഷ്യജീവന് 200 രൂപ പോലും വിലയില്ലേ?

തല്ലിക്കൊന്നത് മനുഷ്യരെക്കുറിച്ചുള്ള മുഴുവന്‍ പ്രതീക്ഷകളെയുമാണ്.
എന്നിട്ട് തലയുയര്‍ത്തി സ്വയം വിശേഷിപ്പിക്കുന്നു, മനുഷ്യരെന്ന്!!!
മധു നയിച്ചിരുന്നത് കാടുജീവിതമാണ്.
പക്ഷേ, യഥാര്‍ത്ഥ കാടന്മാര്‍ ഉള്ളത് നാട്ടിലാണ്!!!

13-ാം പഞ്ചവത്സര പദ്ധതിയില്‍ വികസിപ്പിക്കാന്‍ 148 കോടി രൂപ നീക്കിവെയ്ക്കപ്പെട്ട പ്രാക്തന ഗോത്രക്കാരില്‍ ഒരുവനാണ് മധു എന്നോര്‍ക്കുക. കോടിക്കണക്കിനു രൂപയുടെ ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചിട്ടും അവയുടെയെല്ലാം ഉദ്ഘാടനങ്ങള്‍ മാമാങ്കങ്ങളായി കൊണ്ടാടിയിട്ടും നമ്മുടെ ആദിവാസി ഊരുകള്‍ ഇപ്പോഴും വിശന്നു മരിച്ചുകൊണ്ടേയിരിക്കുന്നു.

കാടിന്റെ മക്കളെ അധഃകൃതരെന്ന് ചാപ്പ കുത്തിയതാര്?
അവരുടെ മണ്ണും മലയും തട്ടിയെടുത്ത് അധോഗതിയിലേക്ക് തള്ളിയതാര്?
അവരെ തല്ലിക്കൊല്ലാന്‍ അധികാരം നല്‍കിയതാര്?
വിശക്കുന്നവന് കക്കാന്‍ പോകേണ്ട ഗതികേട് വരുത്തിയതാര്?

madhu graph (1).jpg

കറുത്തവരും ദരിദ്രരും ദളിതരും അന്യസംസ്ഥാന തൊഴിലാളികളും കുറ്റവാളികളാണെന്ന പൊതുബോധം വളര്‍ന്നു വരുന്നു. അവരെ ഭയത്തോടെ കാണുന്ന വിഭ്രാന്തിയാണ് മധുവിനു നേരെ അക്രമാസക്തമായത്.

ആ പാവത്തിനെ കൊന്നത് നമ്മളെല്ലാവരും ചേര്‍ന്നാണ്.
ഞാനും നിങ്ങളുമുള്‍പ്പെടുന്ന മലയാളി സമൂഹം മുഴുവന്‍ ചേര്‍ന്നാണ്.
ഈ ചോരക്കറ കഴുകാന്‍ 44 നദികളിലെ വെള്ളം മതിയാകില്ല.
അറബിക്കടലിലെ വെള്ളവും തികയില്ല, തീര്‍ച്ച.

നമ്മളൊത്തിരി ‘വളര്‍ന്നു’.
വടക്കേ ഇന്ത്യയിലെ ‘വികസനം’ നമ്മുടെ നാട്ടിലുമെത്തിയിരിക്കുന്നു.
പല മനുഷ്യവിരുദ്ധ പ്രവൃത്തികളുടെയും പേരില്‍ നാം പുച്ഛിച്ചിരുന്ന നാടുകളുടെ പട്ടികയില്‍ ഇനി നമ്മുടെ നാടും.
ആ കണ്ണുകള്‍… ആ നോട്ടം… മറക്കാനാവുന്നില്ല…

madhu (5).jpg

ഈ സമൂഹത്തെക്കുറിച്ച് എനിക്ക് ഇപ്പോള്‍ വലിയ പ്രതീക്ഷയില്ല.
മധുമാര്‍ ഇനിയും ആവര്‍ത്തിച്ചേക്കാം.
സമൂഹത്തെ നന്നാക്കാന്‍ എനിക്ക് ശേഷിയില്ല തന്നെ.
ആകെ ചെയ്യാവുന്നത് ഇത്രമാത്രം -ഞാനിത് ചെയ്യില്ലെന്ന ഉറപ്പ്.

ഓരോ വ്യക്തിയും നന്നായാല്‍ സമൂഹം നന്നാവും.
നമ്മുടെ സമൂഹം നന്നാവുമായിരിക്കും.. ല്ലേ???

Previous articleസ്വപ്‌നരഹസ്യം
Next articleലേഡി സൂപ്പര്‍ സ്റ്റാര്‍
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here