കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റാണ് പി.എ.അബ്ദുള്‍ ഗഫൂര്‍. ഇപ്പോള്‍ ചിലരൊക്കെ അവരുടെ സൗകര്യാര്‍ത്ഥം എന്നെ ‘മുന്‍’ പത്രപ്രവര്‍ത്തകനാക്കുന്നുണ്ട് എങ്കിലും ഗഫൂര്‍ അത്തരക്കാരനല്ല. അതിനാല്‍ത്തന്നെ മാധ്യമപ്രവര്‍ത്തക രംഗം നേരിടുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും ചര്‍ച്ച ചെയ്യാന്‍ അദ്ദേഹം ഇടയ്‌ക്കൊക്കെ വിളിക്കാറുണ്ട്. കഴിഞ്ഞ ദിവസം വിളിക്കുമ്പോഴും അത്തരമൊരെണ്ണം എന്നാണ് പ്രതീക്ഷിച്ചത്. പക്ഷേ, ആദ്യം തന്നെ അദ്ദേഹമുന്നയിച്ച ചോദ്യം കേട്ട് ഞാന്‍ ഞെട്ടി -‘നിങ്ങളാ സുനിതാ ദേവദാസിന്റെ ചിത്രം എന്തിനോ ആര്‍ക്കോ കൊടുത്തു എന്നൊക്കെ ചര്‍ച്ചയുണ്ടല്ലോ?’

444.jpeg

ഈ ചോദ്യം ഓണ്‍ലൈനിലൂടെ രണ്ടു മൂന്നു ദിവസമായി പലരും ചോദിക്കുന്നുണ്ട്. ചോദിച്ച പലരും വിദേശത്താണ്. ആ ചോദ്യങ്ങള്‍ക്കുള്ള മറുപടി ഞാന്‍ ഫേസ്ബുക്കില്‍ എഴുതിയിരുന്നു. പക്ഷേ, ഗഫൂറിന്റെ ചോദ്യത്തില്‍ നിന്നെനിക്ക് മനസ്സിലായി, കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന്. അതിനാല്‍ത്തന്നെയാണ് വിശദമായി ഇവിടെ എഴുതാന്‍ തീരുമാനിച്ചത്.

SD
സുനിത ദേവദാസ്

മംഗളത്തിന്റെ ഹണി ട്രാപ്പിലുള്ള നെറികേടിനെക്കുറിച്ച് നമ്മളെല്ലാവരും കൂലങ്കുഷമായി ചര്‍ച്ച ചെയ്തു. വിമര്‍ശനം മുഖവിലയ്‌ക്കെടുത്ത് ആ ചാനല്‍ മാപ്പു പറയുകയും ചെയ്തു. അവര്‍ക്കെതിരായ നിയമപരമായ നടപടികള്‍ മുന്നോട്ടു നീങ്ങുന്നു. എന്നാല്‍, മംഗളം ചെയ്തതിനെക്കാള്‍ എത്രയോ മടങ്ങ് നികൃഷ്ടമായ മാധ്യമപ്രവര്‍ത്തനം ഓണ്‍ലൈന്‍ രംഗത്തു നടക്കുന്നുണ്ട്. നിയമപരമായ ഒരു നിയന്ത്രണവും ഈ ഓണ്‍ലൈന്‍ മഞ്ഞകള്‍ക്കുമേലില്ല. ഈ ഗണത്തിലെ ഒരു മഞ്ഞ ഒപ്പിച്ചതാണ് ഗഫൂര്‍ക്കായുടെ എന്നോടുള്ള ചോദ്യം.

DIH.jpg

ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് എന്നൊരു ഓണ്‍ലൈന്‍ പത്രമുണ്ടത്രേ. രണ്ടു ദിവസം മുമ്പാണ് ഇങ്ങനൊരു സാധനത്തെക്കുറിച്ച് ആദ്യമായി കേള്‍ക്കുന്നത്. സുഹൃത്തായ സുനിത ദേവദാസിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഈ ശ്രദ്ധ പതിയാന്‍ കാരണം.

എ.കെ.ശശീന്ദ്രന്‍ രാജിവെയ്ക്കാനിടയായ സാഹചര്യത്തെക്കുറിച്ചുള്ള വാര്‍ത്തയില്‍ ‘യുവതിയായ റിപ്പോര്‍ട്ടറുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് സോഷ്യല്‍ മീഡിയ’ എന്നൊരു ഭാഗമുണ്ട്. തേന്‍കെണിയൊരുക്കിയ മംഗളത്തിലെ പെണ്‍കുട്ടിയുടേതായി ഇതിനൊപ്പം ഉപയോഗിച്ച ചിത്രം സുനിതയുടേത്!!! ഇതില്‍ കുപിതയായാണ് സുനിതയുടെ പോസ്റ്റ്. കാനഡയിലെ വീട്ടിന്റെ പിന്‍ഭാഗത്തിറങ്ങി നിന്നപ്പോള്‍ ശക്തമായ കാറ്റില്‍ മുടി പാറിയത് സുനിതയുടെ മകന്‍ അപ്പു തന്നെയാണ് ക്യാമറയില്‍ പകര്‍ത്തിയത്. പക്ഷേ, ആ ചിത്രം എങ്ങനെ തേന്‍കെണി പെണ്‍കുട്ടിയുടേതായി എന്ന് സുനിതയ്ക്ക് ഒരെത്തും പിടിയും കിട്ടിയില്ല.

ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിന്റെ വേരുകള്‍ തേടിയിറങ്ങിയ സുനിത എത്തിയത് അയര്‍ലന്‍ഡിന്റെ തലസ്ഥാനമായ ഡബ്ലിനിലുള്ള സിബി സെബാസ്റ്റ്യന്‍ എന്നയാളിലേക്കാണ്. ഇയാളാണ് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിന്റെ ഉടമ. സുനിതയുടെ സുഹൃത്തായ സുധാ മേനോന്റെ പരിചയക്കാരനാണ് സിബി. സുനിതയുടെ ചിത്രം വരാനിടയായ സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കാന്‍ സുധയുടെ സഹായമാണ് സിബി തേടിയത്. മെസഞ്ചറില്‍ സിബിയെ സുനിത ബ്ലോക്ക് ചെയ്തപ്പോഴാണ് സുധയെ അദ്ദേഹം വിളിക്കുന്നത്. ആദ്യം തന്നെ സുധയോട് സിബി പറഞ്ഞത് ചിത്രം തെറ്റിയതില്‍ ഉത്തരവാദി താനല്ല, മറിച്ച് വി.എസ്.ശ്യാംലാല്‍ എന്ന ഞാന്‍ തെറ്റിച്ചു കൊടുത്തതാണ് എന്നാണ്. തേന്‍കെണിയുടെ വിശദാംശങ്ങള്‍ ഞാനാണ് പുറത്തുകൊണ്ടുവന്നത് എന്ന വിധത്തില്‍ എല്ലാ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വന്ന വാര്‍ത്തയായിരിക്കാം സിബിയുടെ ഈ പ്രസ്താവനയ്ക്കു കാരണം. മംഗളത്തില്‍ നടന്ന സംഭവവികാസങ്ങളെപ്പറ്റിയുള്ള എന്റെ ഫേസ്ബുക്ക് പോസ്റ്റ് ആധാരമാക്കിയാണ് ഈ വാര്‍ത്ത. തേന്‍കെണിക്കാരിയുടെ പൂര്‍ണ്ണ വിവരങ്ങള്‍ വി.എസ്.ശ്യാംലാല്‍ പുറത്തുവിട്ടു എന്ന് തലക്കെട്ടില്‍ പറഞ്ഞ ഈ വാര്‍ത്തകളെല്ലാം ഉള്ളില്‍ കൊടുത്തത് എന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ എംബഡഡ് രൂപമാണ്. പക്ഷേ, ആ പോസ്റ്റില്‍ ഞാന്‍ ഉപയോഗിച്ച ചിത്രം യഥാര്‍ത്ഥ പ്രതിയുടേതായിരുന്നുവെങ്കിലും പൂര്‍ണ്ണമായും മാസ്‌ക് ചെയ്ത നിലയിലായിരുന്നു. കണിയാപുരം സ്വദേശിനി എന്നതായിരുന്നു വ്യക്തമായ സൂചന!! കെണിയുടെ മറ്റു വിവരങ്ങള്‍ ഉണ്ടായിരുന്നു എന്നത് നേരുതന്നെ. അതിനാല്‍ത്തന്നെ സിബി കരുതിയിട്ടുണ്ടാവണം ഞാന്‍ എല്ലാം വലിച്ചുവാരി സമൂഹമാധ്യമങ്ങളിലൂടെ പുറത്തിട്ടു എന്ന്. ചിത്രസ്രോതസ്സ് ഞാനാണെന്നു പറഞ്ഞാല്‍ സിബിക്ക് ക്ലീനായി കൈകഴുകാമല്ലോ.

സിബിക്ക് പിഴച്ചത് അവിടെയാണ്. ഞാനും സുനിതയും സുഹൃത്തുക്കളാണെന്ന വിവരം അദ്ദേഹത്തിന് അറിയുമായിരുന്നില്ല. ഞാന്‍ ചിത്രം കൊടുത്തു എന്നു സിബി പറഞ്ഞതായി സുധാ മേനോന്‍ അറിയിച്ചപ്പോള്‍ തന്നെ സുനിത പറഞ്ഞു ‘ശ്യാം അതു ചെയ്യില്ല’ എന്ന്. പിന്നീട് സുനിത ചെയ്തത് നേരെ എന്നെ വിളിച്ച് വിവരം പറയുക എന്നതാണ്. സുനിതയുടെ വാക്കുകള്‍ കേട്ട ഞാന്‍ ആദ്യം തരിച്ചിരുന്നു. എന്താണ് മറുപടി പറയേണ്ടതെന്ന് ഒരെത്തും പിടിയും കിട്ടിയില്ല. ‘ഞാനതു ചെയ്യില്ല എന്ന വിശ്വാസത്തിന് നന്ദിയുണ്ട്. ഒന്നു പരതി നോക്കട്ടെ’ എന്നു മാത്രം പറഞ്ഞു. അതിനു ശേഷം ആദ്യം ചെയ്തത് ഇതു സംബന്ധിച്ച് സുനിതയുടെ തന്നെ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ട് ഫേസ്ബുക്കില്‍ കുറിപ്പിടുക എന്നാണ്. ഇതില്‍ സിബിയോട് ചില ചോദ്യങ്ങള്‍ ഞാന്‍ ഉന്നയിച്ചിരുന്നു. ആ ചോദ്യങ്ങള്‍ പിന്നീട് സിബിക്ക് പേഴ്‌സണല്‍ മെസേജായി അയയ്ക്കുകയും ചെയ്തു.

-എപ്പോഴാണാവോ ഞാന്‍ നിങ്ങള്‍ക്ക് ചിത്രം തന്നത്?
-എന്റെ ഫേസ്ബുക്ക് പേജില്‍ ആകെ പ്രസിദ്ധപ്പെടുത്തിയത് യഥാര്‍ത്ഥ തേന്‍കുപ്പിയുടെ ബ്ലര്‍ ആയ ചിത്രമാണ്. അതാണോ നിങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത്?
-സിബിക്ക് ഞാനുമായി മുന്‍പരിചയം വല്ലതുമുണ്ടോ?
-പിന്നെന്തിന് ചിത്രം നിങ്ങള്‍ക്ക് നല്‍കണം?

അന്നു രാത്രി തന്നെ സിബി ചാറ്റില്‍ വന്നു. മറുപടികള്‍ നല്‍കി. രണ്ടു പേര്‍ തമ്മിലുള്ള സ്വകാര്യ സംഭാഷണം പരസ്യമാക്കുന്നത് ഊളത്തരമാണ്. പക്ഷേ, ഊളത്തരത്തിന് മാന്യമായ മറുപടി എന്റെ കൈയിലില്ല. സിബി പറഞ്ഞ കാര്യങ്ങള്‍ ഇവിടെ നല്‍കിയിട്ടുള്ള ചാറ്റ് സ്‌ക്രീന്‍ഷോട്ടുകളില്‍ വായിക്കാം. ഞാന്‍ ചിത്രം കൊടുത്തു എന്ന് സുധയോടു പറഞ്ഞിട്ടില്ല എന്നാണ് അദ്ദേഹത്തിന്റെ വാദം. അപ്പോള്‍പ്പിന്നെ സുധാ മേനോന്‍ സുനിതയോട് കള്ളം പറഞ്ഞതാണോ? പക്ഷേ, സിബി പിന്നീടൊരു കാര്യം പറഞ്ഞു. മലയാള മനോരമയില്‍ ജോലി ചെയ്യുന്ന രാകേഷ് കൃഷ്ണ എന്നയാളാണ് ചിത്രങ്ങള്‍ സിബിക്കു നല്‍കിയത്.

സിബിയുടെ വാക്കുകള്‍ പ്രകാരം രാകേഷ് കൃഷ്ണ എന്റെ സുഹൃത്താണ്!! ചിത്രം മാറിയ പ്രശ്‌നമുണ്ടായ ശേഷം ഞാനുമായി സംസാരിച്ചിരുന്നു എന്ന് രാകേഷ് അറിയിച്ചതായും സിബി പറയുന്നു. [email protected] എന്ന വിലാസത്തില്‍ നിന്ന് [email protected] എന്ന വിലാസത്തിലേക്ക് ചിത്രങ്ങള്‍ വന്നതിന്റെ സ്‌ക്രീന്‍ഷോട്ടും തെളിവായി അയച്ചു. എന്നാല്‍പ്പിന്നെ രാകേഷിന് [email protected] എന്ന വിലാസത്തില്‍ നിന്ന് ചിത്രങ്ങള്‍ അയച്ചതിന്റെ തെളിവ് കാണിക്കൂ എന്നായി ഞാന്‍. അതോടെ ചിത്രങ്ങള്‍ ഞാന്‍ വാട്ട്‌സാപ്പ് ചെയ്തു എന്ന് രാകേഷ് പറഞ്ഞുവെന്നായി സിബി. ഞാനെത്ര ചോദിച്ചിട്ടും രാകേഷ് കൃഷ്ണയുടെ മൊബൈല്‍ നമ്പര്‍ നല്‍കാന്‍ സിബി തയ്യാറായില്ല. ഇടയ്ക്ക് ഫിലിപ്പ് മാത്യുവിനെ പരിചയമുണ്ട്, പരാതിപ്പെടും എന്നു വരെ ഞാന്‍ ഭീഷണിപ്പെടുത്തി നോക്കി. പക്ഷേ, രാകേഷിനെ സംരക്ഷിക്കാന്‍ സിബി കൈമെയ് മറന്നു പൊരുതി. ഒടുവില്‍ എന്നോട് ചെറിയൊരു ഭീഷണിയോടെയാണ് സിബി അവസാനിപ്പിച്ചത്. എന്റെ ‘സുഹൃത്തായ’ രാകേഷ് കൃഷ്ണയെ സത്യമായിട്ടും എനിക്കറിയില്ല!!!!

സിബിയുമായുള്ള ചാറ്റിന്റെ വിശദാംശങ്ങള്‍ ഞാന്‍ സുനിതയെ അറിയിച്ചു. സുനിതയുടെ അഭ്യര്‍ത്ഥനപ്രകാരം ചാറ്റ് സ്‌ക്രീന്‍ഷോട്ടുകളും കൈമാറി. ഈ സ്‌ക്രീന്‍ഷോട്ടുകള്‍ തെളിവാക്കി സുനിത പരാതി നല്‍കിയിട്ടുണ്ട്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, മുഖ്യമന്ത്രി പിണറായി വിജയന്‍, ഡി.ജി.പി. ലോകനാഥ് ബെഹറ എന്നിവര്‍ക്കെല്ലാം പരാതി നല്‍കി. സുനിതയ്‌ക്കൊപ്പം ഈ നിയമപോരാട്ടത്തില്‍ ഞാനുമുണ്ട്. വഴിയെ പോണവനെല്ലാം കേറി കൊട്ടിയിട്ടു പോകാവുന്ന തകരച്ചെണ്ടയാവാന്‍ ഉദ്ദേശമില്ല. യാതൊരുവിധ നിയന്ത്രണവുമില്ലാത്ത മേഖലയായി ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തനം അധഃപതിച്ചിരിക്കുന്നു. പത്തു പുത്തന്‍ കൈയിലുണ്ടെങ്കില്‍ ഏത് ഊളയ്ക്കും ഓണ്‍ലൈന്‍ തുടങ്ങാം, ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനാവാം. മാധ്യമപ്രവര്‍ത്തനത്തിന്റെ എ ബി സി അറിയണമെന്നില്ല. മാന്യമായി ഈ തൊഴില്‍ ചെയ്തു ജീവിക്കുന്നവരെ മുഴുവന്‍ തെറി കേള്‍പ്പിക്കുന്നത് ഇത്തരം വിവരംകെട്ട പേക്കോലങ്ങളാണ്. ആര്‍ക്കുമെതിരെ എന്തും എഴുതിക്കളയും. മനഃപൂര്‍വ്വം തെറ്റായ വാര്‍ത്ത വരുത്തും.

666

കഴിഞ്ഞ ദിവസമുണ്ടായ ഒരു സംഭവം പറയാം. വെബ്‌സൈറ്റിന്റെ പേര് ഞാന്‍ പറയില്ല. അങ്ങനെ അദ്ദേഹത്തിന് പബ്ലിസിറ്റി കൊടുക്കാന്‍ ഉദ്ദേശമില്ല തന്നെ. മംഗളം സ്റ്റിങ് ഓപ്പറേഷന്‍ സംബന്ധിച്ച് രാത്രി മാപ്പ് പറഞ്ഞ അന്നേ ദിവസം രാവിലെയുള്ള സംഭവമാണ്. അന്ന് 11 മണിക്ക് എന്തോ വലിയ ബോംബ് പൊട്ടിക്കാന്‍ പോകുന്നു എന്ന് രാവിലെ 9 മണിയോടെ മംഗളം പ്രഖ്യാപിക്കുന്നു. അതോടെ ഈ ഓണ്‍ലൈന്‍ ഊള വാര്‍ത്ത കൊടുക്കുകയാണ്, അത് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്കിനെതിരാണെന്ന്. വെബ്‌സൈറ്റ് മുതലാളി ഫേസ്ബുക്കില്‍ എഴുതിയിടുന്നു -‘ തോമസ് ഐസക്ക് ഇപ്പോള്‍ എവിടെയുണ്ട്? എന്തൊക്കെയോ അണിയറയില്‍ കേള്‍ക്കുന്നു.’ ഇതിനു താഴെ മുതലാളിയുടെ ആരാധകര്‍ വന്ന് ഐസക്കിന്റെ സ്ത്രീലമ്പടത്വം (!!) സംബന്ധിച്ച് വായിത്തോന്നിയതൊക്കെ പറയുകയാണ്. സുധാകര്‍ മംഗളോദയവും മാത്യു മറ്റവുമൊക്കെ തോറ്റുപോകുന്ന സാങ്കല്പിക കഥകള്‍. ഒടുവില്‍ 11 മണിയായപ്പോള്‍ ഐസക്കല്ല വിഷയമെന്നു മനസ്സിലായി. അതോടെ വാര്‍ത്ത ഐസക്കിനെക്കുറിച്ചു നല്‍കാനിരുന്ന വാര്‍ത്ത മാറ്റി എന്നായി. ഐസക്കിനെക്കുറിച്ച് എന്തോ വരുന്നു എന്ന വാര്‍ത്തയ്ക്കും വരാനിരുന്നത് മാറ്റി എന്ന വാര്‍ത്തയ്ക്കും ലക്ഷക്കണക്കിന് ക്ലിക്ക്. മുതലാളിയുടെ പേഴ്‌സില്‍ തബൂല പോലുള്ള വിദേശ ഏജന്‍സികളില്‍ നിന്നുള്ള ആയിരക്കണക്കിന് ഡോളര്‍ പരസ്യ വരുമാനത്തിന്റെ മണിക്കിലുക്കം. ഇതു നിമിത്തം തോമസ് ഐസക്ക് എന്ന വ്യക്തിക്കും അദ്ദേഹത്തിന്റെ അടുപ്പക്കാര്‍ക്കുമുണ്ടായ കഷ്ടനഷ്ടങ്ങള്‍ക്ക് ആരുത്തരം പറയും?

profle-2.jpg

ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിനെപ്പോലുള്ള എല്ലാവരുടെയും ലക്ഷ്യം പരസ്യവരുമാനം തന്നെയാണ്. അതിനായി എന്ത് ഊളത്തരവും കാണിക്കും. മനഃപൂര്‍വ്വം ചിത്രം തെറ്റിക്കും. അത് അവര്‍ തന്നെ വിവാദമാക്കും. ഒടുവില്‍ യഥാര്‍ത്ഥ കക്ഷി പരാതിയുമായി വരുമ്പോള്‍ ആ വാര്‍ത്തയങ്ങ് ഡിലീറ്റ് ചെയ്യും. അപ്പോഴേക്കും വിവാദവും ഹിറ്റുകളും ആയിരക്കണക്കിന് ഡോളര്‍ സമ്പാദിച്ചു നല്‍കിയിട്ടുണ്ടാവും. മലയാളത്തില്‍ പ്രവര്‍ത്തിക്കുന്ന ഭൂരിഭാഗം വെബ്‌സൈറ്റുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത് വിദേശ വിലാസങ്ങളിലാണ്. അതിനാല്‍ ഇന്ത്യന്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ ഒരുപാട് പരിമിതികളുണ്ട്.

SHAJAN.jpg

പുതിയ ഐ.ടി. നയത്തിന്റെ ഭാഗമായി മലയാളത്തിലുള്ള ഓണ്‍ലൈന്‍ മഞ്ഞപ്പത്രങ്ങളെ നിയന്ത്രിക്കാനുള്ള സംവിധാനം കൂടി കേരള സര്‍ക്കാര്‍ കൊണ്ടുവരണമെന്ന് ഞാന്‍ നിര്‍ദ്ദേശിക്കുകയാണ്. ഇത് ഒരിക്കലും അഭിപ്രായസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമല്ല. നിയമങ്ങള്‍ കര്‍ശനമാക്കിയാല്‍ മാനംമര്യാദയ്ക്ക് ഈ പണി ചെയ്യുന്നവര്‍ മാത്രമേ നിലനില്‍ക്കുകയുള്ളൂ എന്ന അവസ്ഥ വരും. കേന്ദ്ര ഐ.ടി. നിയമത്തില്‍ ചട്ടങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശമുണ്ട്. അതുപയോഗിക്കാനാവും. എല്ലാ മലയാളം വെബ്‌സൈറ്റുകള്‍ക്കും കേരളത്തില്‍ രജിസ്‌ട്രേഷന്‍ വേണം എന്ന നിബന്ധന ഏര്‍പ്പെടുത്തുക എന്നതാണ് എന്റെ ആവശ്യം. ഇങ്ങനെ ഒരു വിലാസവും രജിസ്‌ട്രേഷനും കേരളത്തിലുണ്ടെങ്കില്‍ ഊളത്തരം കാണിക്കുമ്പോള്‍ അയാളെ പിടിച്ചകത്തിടാനും വേണ്ടി വന്നാല്‍ ഇരയ്ക്ക് രണ്ടെണ്ണം പറ്റിക്കാനും അവസരമുണ്ടാവും. ഇതു സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ക്ക് തുടക്കമിടണം എന്ന അഭ്യര്‍ത്ഥനയുണ്ട്. ഇപ്പോഴത്തെ നിലയ്ക്ക് ഡബ്ലിനിലുള്ള സിബി സെബാസ്റ്റിയന്‍ നാട്ടില്‍ വരും വരെ കാത്തിരിക്കുക എന്ന വഴി മാത്രമേ തിരുവനന്തപുരത്തുകാരനായ എനിക്കുള്ളൂ. നിയമപരമായ വഴി സുനിത നോക്കിക്കൊള്ളും.

നാണം കെട്ടവന് ആസനത്തില്‍ ആല്‍ മുളച്ചാല്‍ അതും തണല്‍ എന്ന മട്ടാണ് ഈ ഓണ്‍ലൈന്‍ മഞ്ഞയ്ക്ക്. ഈ വിവാദത്തിലൂടെ കൂടുതല്‍ ഹിറ്റുണ്ടാക്കാനാവുമോ എന്നായിരിക്കും അദ്ദേഹം നോക്കുക. ഞാന്‍ ഈ എഴുതിയതിന്റെ പേരില്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് എന്താണെന്നു പോയി നോക്കാനും അതുവഴി ഹിറ്റ് കൂട്ടാനും ആരും മെനക്കെടരുത് എന്നൊരു അഭ്യര്‍ത്ഥനയുണ്ട്.

FOLLOW
 •  
  2.2K
  Shares
 • 2.1K
 • 33
 •  
 • 28
 •  
 •