Reading Time: 5 minutes

സിദ്ധികൊണ്ട്, തനിമകൊണ്ട്, പുതുമകൊണ്ട് സ്വന്തമായ ഇരിപ്പിടം നേടിയെടുത്ത ഒരു നടന്‍. അദ്ദേഹത്തിന് പരിമിതികള്‍ ഏറെയായിരുന്നു -നിറം, രൂപം, ഉയരം, സൗന്ദര്യം, പ്രായം, ആരോഗ്യം, പാരമ്പര്യം, പരിശീലനം എന്നിങ്ങനെ ഒരുപാട്. ശാരീരികമായി ആകര്‍ഷകം എന്നു പറയാവുന്ന ഒന്നും അവകാശപ്പെടാനില്ലായിരുന്നിട്ടും എല്ലാത്തിനെയും വെല്ലുന്ന അഭിനയപാടവം കൊണ്ട് അദ്ദേഹം സ്വന്തമായൊരു സിംഹാസനം തീര്‍ത്തു. വെറും 20 വര്‍ഷത്തെ അഭിനയജീവിതം കൊണ്ട് അദ്ദേഹം ഭാവിയിലെ താരങ്ങള്‍ക്കായി മുന്നോട്ടുവെയ്ക്കാത്ത വെല്ലുവിളികള്‍ ബാക്കിയില്ല. പറയുന്നത് മലയാളത്തിന്റെ മഹാനടനെക്കുറിച്ചാണ്.

മലയാള സിനിമയിലെ എക്കാലത്തെയും മഹാനടന്‍ എന്ന പേരിന് അര്‍ഹത ഒരാള്‍ക്കു മാത്രം -ചെറുവിളാകത്തു വീട്ടില്‍ മാനുവല്‍ സത്യനേശന്‍ നാടാര്‍ എന്ന സത്യന്‍. സ്വാഭാവിക അഭിനയത്തിന് പാഠങ്ങൾ പകർന്നു തന്ന നടൻ. പൗരുഷവും അംഗചലനങ്ങളും കൊണ്ട് വിത്യസ്ത അഭിനയശൈലിയിലൂടെ ആസ്വാദകരെ സൃഷ്‌ടിച്ച നടൻ. ജനങ്ങള്‍ സ്നേഹപൂര്‍വ്വം അദ്ദേഹത്തെ സത്യന്‍ മാഷെന്നു വിളിച്ചു. അദ്ദേഹം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ട് ഇപ്പോള്‍ 50 വര്‍ഷം തികഞ്ഞിരിക്കുന്നു.

ദാരിദ്ര്യം, പട്ടിണി, ഒളിച്ചോട്ടം, പട്ടാളജീവിതം… ജീവിതത്തിന്റെ കഠിനവഴികള്‍ പിന്നിട്ടാണ് സത്യന്‍ സിനിമയുടെ വെള്ളി വെളിച്ചത്തിലേക്കെത്തിയത്. 1912 നവംബര്‍ 9ന് തിരുവനന്തപുരം തൃക്കണ്ണാപുരത്തുള്ള ചെറുവിളാകത്തു വീട്ടില്‍ മാനുവലിന്റെയും ലില്ലിയുടെയും 5 മക്കളില്‍ മൂത്തവനായി സത്യന്‍ ജനിച്ചു. ചെല്ലയ്യന്‍, നേശന്‍, ദേവദാസ്, ജേക്കബ്ബ് എന്നിവരായിരുന്നു സഹോദരങ്ങള്‍. പൂഴിക്കുന്ന്, കുന്നപ്പുഴ, തിരുമല സ്കൂളുകളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ബാല്യ, കൗമാരങ്ങളില്‍ പട്ടിണിയും പരിവട്ടവും വേണ്ടുവോളമനുഭവിച്ച അദ്ദേഹത്തിന് സാമ്പത്തികഞെരുക്കം മൂലം ഒമ്പതാം ക്ലാസില്‍ പഠിത്തം നിര്‍ത്തേണ്ടിവന്നു.

പിന്നീട്, മലയാളം ഹയര്‍ പാസ്സായ ശേഷം താന്‍ പഠിച്ച സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ എട്ടര രൂപാ ശമ്പളത്തില്‍ അദ്ധ്യാപകനായി ചേരുമ്പോള്‍ സത്യന് വയസ്സ് 16. വീണ്ടും അതേ സ്‌കൂളില്‍ ചേര്‍ന്ന് എസ്.എസ്.എല്‍.സി. പാസ്സായി. അല്പകാലം വീണ്ടും അദ്ധ്യാപകനായി. ഇടയ്ക്ക് സെക്രട്ടേറിയറ്റിലും ജോലി നോക്കി. തുടര്‍ന്ന് കോളേജില്‍ ചേര്‍ന്നു. ആറു മാസത്തെ കോളേജ് പഠനം പൊടുന്നനെ നിന്നു. വീട്ടിലെ സാഹചര്യങ്ങള്‍ തന്നെയായിരുന്നു കാരണം.

1941ല്‍ പട്ടാളത്തില്‍ ചേരാനായി കുടുംബാംഗങ്ങളോടുപോലും പറയാതെ സത്യന്‍ നാടുവിട്ടു. പില്ക്കാലത്ത് ഇതെക്കുറിച്ച് അദ്ദേഹം എഴുതിയിട്ടുണ്ട്.

”…തീവണ്ടി പുറപ്പെടാന്‍ പോവുകയാണെന്നറിയിക്കുന്നതുപോലെ, ചൂളം വിളിച്ചു. എന്റെ കൈവശമുണ്ടായിരുന്ന കത്ത്, ജനാലയ്ക്കരികില്‍ തീവണ്ടിക്കു പുറത്ത് നില്ക്കുകയായിരുന്ന എന്റെ സ്‌നേഹിതനെ ഏല്പിച്ചിട്ട് അത് അച്ഛനു കൊടുക്കാന്‍ പറഞ്ഞു. എന്റെ നയനങ്ങളില്‍നിന്നും രണ്ടുതുള്ളി കണ്ണുനീര്‍ കവിളുകള്‍ക്കിടയില്‍ക്കൂടി ഒലിച്ചിറങ്ങി തീവണ്ടിക്കുള്ളില്‍ വീണു. വണ്ടി പുറപ്പെട്ടു. എന്റെ കുടുംബവും എന്റെ കഴിഞ്ഞകാലജീവിതവും എന്റെ മനസ്സില്‍ ഓടിയെത്തി. ആ കത്തില്‍ ഞാന്‍ ഇങ്ങനെ കുറിച്ചിരുന്നു: എന്റെ ബഹുമാനമുള്ള അച്ഛന്, ഈ അവസരത്തില്‍ എനിക്കച്ഛനെയും അമ്മയെയും പിരിഞ്ഞു പോകേണ്ടി വന്നത് നമ്മുടെ ജീവിതനിലവാരമുയര്‍ത്തുന്നതിനുവേണ്ടിയാണ്. ഇപ്പോള്‍ എനിക്ക് കൂടുതല്‍ വരുമാനമുണ്ടാകുന്ന ജോലി ഇതൊന്നുമാത്രമാണ്. ഞാന്‍ പട്ടാളത്തില്‍ ജോലിക്കു പോവുകയാണ്. താമസിയാതെ തന്നെ തിരിച്ചെത്തും.”

നായിക് തസ്തികയിലാണ് സത്യന്‍ പട്ടാളത്തില്‍ ചേര്‍ന്നത്. കഠിനപ്രയത്‌നവും സ്ഥിരോത്സാഹവും മൂലം അധികം താമസിയാതെ അദ്ദേഹത്തിന് സുബേദാറായി ഉയരാന്‍ സാധിച്ചു. 1943ല്‍ ജപ്പാന്റെ സൈനികാക്രമണത്തെ നേരിടുന്നതിന് ഇന്ത്യന്‍ പട്ടാളം ഇംഫാലിലേക്ക് നീങ്ങിയപ്പോള്‍ സത്യനും ഉണ്ടായിരുന്നു. പട്ടാളത്തിലെ അനുഭവങ്ങളെക്കുറിച്ച് അദ്ദേഹം ഇങ്ങനെ എഴുതി.

”…അവിടെവെച്ച് ജീവിതം എന്താണെന്ന് എനിക്കു മനസ്സിലായി. സുഹൃത്തുക്കളുടെ മരണങ്ങള്‍, ബോംബുകള്‍ തുടര്‍ച്ചയായി വര്‍ഷിക്കുന്നിടത്തെ ജീവിതം, രുചിയില്ലാത്ത ഭക്ഷണം, തീ കത്തിക്കാന്‍ സാധിക്കാത്ത പരിതസ്ഥിതി, പുക കണ്ടാല്‍ ശത്രുക്കള്‍ തിരിച്ചറിയുമെന്ന വിഷമം, ഭാരമേറിയ ബൂട്ട്‌സുകള്‍ ശരീരത്തിന്റെ ഭാഗം പോലെ കരുതി ആഴ്ചകളോളം കൊണ്ടുനടക്കേണ്ട ചുമതല, മലേറിയ, മറ്റു ശാരീരികാസ്വാസ്ഥ്യങ്ങള്‍ എന്നിവ അന്നത്തെ യുദ്ധരംഗങ്ങളുടെ പച്ചയായ ഓര്‍മകളാണ്.”

രണ്ടാം ലോക മഹായുദ്ധക്കാലത്ത് അദ്ദേഹം മണിപുര്‍, ബര്‍മ്മ (മയാന്‍മര്‍), ബ്രിട്ടിഷ് മലായ (മലേഷ്യ) എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു. 1946ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ സത്യന്‍ ഉയര്‍ന്ന റാങ്കായ ‘കിങ്‌സ് കമ്മീഷ’നിലേക്കു തിരഞ്ഞെടുക്കുകയും ചെയ്തു. പക്ഷേ, അവസാനനാളുകളില്‍ മക്കളെല്ലാം അടുത്തുണ്ടാവണമെന്ന പിതാവിന്റെ അന്ത്യാഭിലാഷത്തിനു വഴങ്ങി അദ്ദേഹം പട്ടാളത്തില്‍നിന്നും‌ പിരിഞ്ഞു. നാട്ടില്‍ തിരിച്ചെത്തിയ ശേഷം തിരുവിതാംകൂര്‍ പൊലീസില്‍ ചേര്‍ന്നു. പുന്നപ്ര -വയലാര്‍ സമര ശേഷം കലുഷിതമായ അന്തരീക്ഷം നിലനിന്നിരുന്ന 1947-48 കാലത്ത് ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടറായിരുന്നു സത്യന്‍.

ആലപ്പുഴയിലെ താമസമാണ് സത്യന്റെ ജീവിതത്തില്‍ മാറ്റത്തിനു വഴിമരുന്നിട്ടത്. അക്കാലത്ത് ചെറിയ അമച്വര്‍ നാടകങ്ങളിലൊക്കെ അദ്ദേഹം അഭിനയിച്ചു തുടങ്ങി. ചലച്ചിത്രഗാന രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതരെ പരിചയപ്പെടാനിട വന്നത് നിര്‍ണ്ണായകമായി. ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒട്ടേറെ പേരെ സത്യന് ഭാഗവതര്‍ പരിചയപ്പെടുത്തിക്കൊടുത്തു. എന്നാല്‍, അയല്‍ക്കാരനായിരുന്ന കൗമുദി ചീഫ് എഡിറ്റര്‍ കെ.ബാലകൃഷ്ണന്‍ മുഖേനയാണ് സത്യന് ആദ്യ സിനിമാ അവസരം കൈവന്നത്. ബാലകൃഷ്ണന്‍ എഴുതി സംവിധാനം ചെയ്ത ത്യാഗസമീയില്‍ സത്യന്‍ നായകനായി. അന്നത്തെ ഡി.വൈ.എസ്.പി. മരിയ അര്‍പുതത്തിന് സത്യന്റെ സിനിമാഭിനയത്തോട് യോജിക്കാനായില്ല. അതോടെ സത്യന്‍ പൊലീസുദ്യോഗം ഉപേക്ഷിച്ച് നടനായി മാറി. സത്യനേശന്‍ സത്യനായി ചുരുങ്ങി. എന്നാല്‍ ത്യാഗസീമ പാതിവഴിയില്‍ മുടങ്ങി. സാന്ദര്‍ഭികവശാല്‍ ത്യാഗസീമ പ്രേംനസീറിന്റെയും ആദ്യ ചിത്രമായിരുന്നു.

1952ലാണ് പി.സുബ്രഹ്മണ്യം നീലാ പ്രൊഡക്ഷന്‍സിനു തുടക്കമിടുന്നത്. ത്യാഗസീമയുടെ റഷസ് കാണാനിടയായ അദ്ദേഹത്തിന് സത്യന്റെ പ്രകടനം നന്നായി ഇഷ്ടപ്പെട്ടു. താന്‍ നിര്‍മ്മിക്കുന്ന ആത്മസഖിയിലെ നായകനായി സത്യനെ സുബ്രഹ്മണ്യം ക്ഷണിച്ചു. 1952ല്‍ പുറത്തിറങ്ങിയ ആത്മസഖി അങ്ങനെ സത്യന്റെ ആദ്യ ചിത്രമായി. സിനിമ വിജയിച്ചു. നായകന്‍ ശ്രദ്ധിക്കപ്പെട്ടു. 150ലേറെ മലയാള സിനിമകളിലും രണ്ട് തമിഴ് സിനിമകളിലും പ്രധാന വേഷമിട്ട കരിയറിന് അവിടെ തുടക്കമായി. 1954ല്‍ പുറത്തിറങ്ങിയ നീലക്കുയില്‍ സത്യനെ പ്രശസ്തനാക്കി. ഉറൂബ് എഴുതി രാമു കാര്യാട്ടും പി.ഭാസ്കരനും ചേര്‍ന്ന് സംവിധാനം ചെയ്ത ആ സിനിമ ദേശീയ പുരസ്കാരം നേടി.

ഉള്ളിലെ തിരയൊടുങ്ങാത്ത അഭിനയശേഷികൊണ്ട് സത്യന്‍ ജ്വലിപ്പിച്ച കഥാപാത്രങ്ങള്‍ നിരവധി. ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങള്‍. ഓടയില്‍ നിന്നിലെ പപ്പു, ദാഹത്തിലെ ജയരാജന്‍, യക്ഷിയിലെ പ്രൊഫ.ശ്രീനി, വാഴ്വേ മായത്തിലെ സുധീന്ദ്രന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ എന്നും ഓര്‍മ്മയില്‍ നിറഞ്ഞുനില്‍ക്കും. തച്ചോളി ഒതേനനായുള്ള സത്യന്റെ പകര്‍ന്നാട്ടം വന്‍ ജനപ്രീതി നേടി. ചെമ്മീനിലെ പഴനിയും എടുത്തുപറയേണ്ട വേഷം തന്നെ. ഉദ്യോഗസ്ഥ, സ്നേഹസീമ, നായര് പിടിച്ച പുലിവാല്, വീട്ടുമൃഗം, മുടിയനായ പുത്രന്‍, ഭാര്യ, ശകുന്തള, കായംകുള കൊച്ചുണ്ണി, അടിമകള്‍, കരകാണാക്കടല്‍, അനുഭവങ്ങള്‍ പാളിച്ചകള്‍, കരിനിഴല്‍, കടല്‍പ്പാലം, ഒരു പെണ്ണിന്റെ കഥ, പകല്‍ക്കിനാവ്, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ശരശയ്യ, റൗഡി, മൂലധനം, അമ്മയെന്ന സ്ത്രീ, കുറ്റവാളി, ക്രോസ് ബെല്‍റ്റ്, ആദ്യകിരണങ്ങള്‍ എന്നീ ചിത്രങ്ങളും ശ്രദ്ധേയം. കെ.എസ്.സേതുമാധവന്‍, പി.വേണു, എ.വിന്‍സെന്റ്, രാമു കാര്യാട്ട് തുടങ്ങിയ സംവിധായകരെല്ലാം സത്യന്റെ കരിയറില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. സേതുമാധവന്റെ 22 ചിത്രങ്ങളില്‍ സത്യന്‍ അഭിനയിച്ചു.

അതിഭാവുകത്വത്തില്‍ കുടുങ്ങിക്കിടന്ന മലയാള സിനിമയില്‍ സ്വാഭാവിക അഭിനയമെന്ന ആശയം അവതരിപ്പിച്ചത് സത്യനാണ്. സാഹിത്യം സിനിമയിലേക്ക് ആവാഹിക്കപ്പെട്ടപ്പോള്‍ അതിന്റെ ആനുകൂല്യം സത്യന് ഏറെ ലഭിച്ചു. ക്യാമറയ്ക്ക് മുന്നില്‍ മുഖം പൊത്താതെ കരയാന്‍ ധൈര്യം കാണിച്ചയാള്‍ സത്യനാണ്. കടല്‍പ്പാലത്തിലെ ഡബ്ള്‍ റോള്‍ മികച്ച നടനുള്ള ആദ്യ സംസ്ഥാന പുരസ്കാരം 1969ല്‍ സത്യനു നേടിക്കൊടുത്തു. 1971ല്‍ കരകാണാക്കടലിലൂടെ അദ്ദേഹം നേട്ടം ആവര്‍ത്തിച്ചു. വാഴ്വേമായം, അനുഭവങ്ങള്‍ പാളിച്ചകള്‍, കരകാണാക്കടല്‍ എന്നിവ അദ്ദേഹത്തിന്റെ അവസാനകാല ചിത്രങ്ങളാണ്. ഇതില്‍ കരകാണാക്കടലിനു ലഭിച്ച സംസ്ഥാന പുരസ്കാരം മരണാനന്തര ബഹുമതിയായി. ഭീകരനിമിഷങ്ങള്‍, അരനാഴികനേരം, ഒരു പെണ്ണിന്റെ കഥ എന്നിവയും അവസാന റിലീസുകള്‍ തന്നെ. അനുഭവങ്ങള്‍ പാളിച്ചകള്‍ അഭിനയിച്ചു പൂര്‍ത്തിയാക്കും മുമ്പ് സത്യന്‍ അന്തരിച്ചു. സിനിമയിലെ അവസാന രംഗങ്ങള്‍ സത്യന്റെ അപരനെ വെച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

രക്താര്‍ബുദത്തോട് വര്‍ഷങ്ങളോളം സത്യന്‍ പൊരുതി. തന്റെ രോഗം മറ്റാരോടും പറയാതെ ഉള്ളിലൊതുക്കി ആരെയും ബുദ്ധിമുട്ടിക്കാതെ സെറ്റിൽ കൃത്യമായി അദ്ദേഹം എത്തിയിരുന്നു.“I would rather like to die in harness rather dying as a coward”– ഒരു സിനിമയുടെ ചിത്രീകരണ വേളയില്‍ സത്യന്‍ പറഞ്ഞ കാര്യം കെ.എസ്.സേതുമാധവന്‍ അടുത്തിടെ അനുസ്മരിച്ചതാണ്. ആഴ്ചയിലൊരിക്കല്‍ സ്വന്തമായി കാറോടിച്ച് മദ്രാസിലെ ആസ്പത്രിയില്‍ പോയി രക്തം മാറ്റിവന്നാണ് അദ്ദേഹം അഭിനയിച്ചിരുന്നതെന്ന് കഥകളുണ്ടായിരുന്നു. അവസാന വര്‍ഷങ്ങളില്‍ സത്യന്‍ സെറ്റിലെത്തിയിരുന്നത് അങ്ങേയറ്റം പരിക്ഷീണനായിട്ടാണ്. എന്നാല്‍ അദ്ദേഹം അഭിനയിച്ചു തുടങ്ങുമ്പോള്‍ സിനിമാക്കാര്‍ അര്‍ബുദകഥ മറക്കും. 1971 ജൂണ്‍ 15 പുലര്‍ച്ചെ 4.30 ന് മദ്രാസിലെ കിങ്‌ ജോര്‍ജ് ആസ്പത്രിയില്‍ സത്യന്‍ അന്ത്യശ്വാസം വലിച്ചു. ജെസ്സിയായിരുന്നു സത്യന്റെ ഭാര്യ. 1946 മെയ് 3നായിരുന്നു അവരുടെ വിവാഹം. 1987ല്‍ ജെസ്സി അന്തരിച്ചു. പ്രകാശ്, സതീഷ്, ജീവന്‍ എന്നിങ്ങനെ മൂന്നു മക്കളാണ് സത്യന്. ഇതില്‍ പ്രകാശ് 2014ലെ വിഷുദിനത്തില്‍ വിടവാങ്ങി.

ആകെ മൂന്നു കളർ ചിത്രങ്ങൾ മാത്രമാണ് സത്യന്റേതായുള്ളത്. ബാക്കിയെല്ലാം കറുപ്പിലും വെളുപ്പിലും സൃഷ്ടിച്ച മാസ്മരിക പ്രകടനങ്ങൾ. ആദ്യമായി വെള്ളിമെഡലും സ്വർണ്ണമെഡലും നേടിയ മലയാള സിനിമകളിലെ നായകൻ. മികച്ച നടനുള്ള ആദ്യത്തെയും മൂന്നാമത്തെയും കേരള സംസ്ഥാന അവാർഡുകൾ നേടിയ നടന്‍. 1956, 1958, 1963, 1966, 1969 വർഷങ്ങളിൽ മദ്രാസ് ഫിലിം ഫാൻസ് അസോസിയേഷൻ തിരഞ്ഞെടുത്ത മികച്ച നടൻ. മുടിയനായ പുത്രനിലെ അഭിനയത്തിന് 1961ൽ കേരള സംഗീത നാടക അക്കാദമി നൽകിയ മികച്ച നടനുള്ള അവാർഡ്. ഇതേ ചിത്രത്തിന് ഇന്ത്യൻ പ്രസിഡന്റിന്റെ ബഹുമതി -ഇത് ദേശീയ ചലച്ചിത്ര അവാർഡുകൾ ഏർപ്പെടുത്തുന്നതിന് മുമ്പാണ്.

സത്യന്‍ ഒഴിച്ചിട്ടുപോയ സിംഹാസനം ഇന്നും അവിടെത്തന്നെയുണ്ട്. ആ സിംഹാസനം ഒഴിഞ്ഞുകിടക്കുന്നു എന്ന കാര്യം എല്ലാവരും അംഗീകരിക്കുന്നു. അതെ, സത്യനു തുല്യന്‍ സത്യന്‍ മാത്രം!!

Previous articleകൊടുംഭീകരരുടെ ഭരണത്തിലെ ‘സ്വാതന്ത്ര്യം’!!
Next articleപൂച്ചരക്ഷായ‍ജ്ഞം
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here