വിഷുക്കൈനീട്ടമായി സ്‌കാനിയ വരുന്നു

ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സംതൃപ്തി ലഭിക്കുന്നത് എപ്പോഴാണ്? നമ്മള്‍ പുറത്തുകൊണ്ടുവന്ന ഒരു വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ജനോപകാരപ്രദമായ നടപടി ഉണ്ടാവുമ്പോള്‍. അത്തരമൊരു സന്തോഷം ഞാനിപ്പോള്‍ അനുഭവിക്കുകയാണ്. വിഷുക്കൈനീട്ടമായി സ്‌കാനിയ വരുന്നു.

മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഒരു മാധ്യമസ്ഥാപനത്തിലും ഞാനിപ്പോള്‍ ജോലി ചെയ്യുന്നില്ല. അതുകൊണ്ട് മാധ്യമപ്രവര്‍ത്തനം അവസാനിക്കുന്നില്ല. ഒരു മാധ്യമമുതലാളിയുടെ കീഴില്‍ ജോലി ചെയ്യുന്നില്ല എന്നേയുള്ളൂ. സാമൂഹിക വിഷയങ്ങളില്‍ എനിക്കു സാധിക്കുന്ന രീതിയിലുള്ള ഇടപെടല്‍ ഇപ്പോഴും നടത്തുന്നുണ്ട്. ഇടപെടല്‍ എന്നു പറഞ്ഞാല്‍ എന്റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്, അത്രമാത്രം. വാരികകള്‍, പത്രങ്ങള്‍, ബ്ലോഗ്, സാമൂഹികമാധ്യമങ്ങള്‍ എന്നിങ്ങനെ എഴുത്ത് ഇപ്പോള്‍ കൂടുതല്‍ വ്യാപിച്ചു എന്നു തന്നെ പറയാം. മുമ്പ് മലയാളം മാത്രമായിരുന്നു മാധ്യമമെങ്കില്‍ ഇപ്പോള്‍ ഇംഗ്ലീഷും ഹിന്ദിയും കൂടി വന്നിട്ടുണ്ട്. പരിഭാഷയുടെ രൂപത്തില്‍ ഇത്തിരി ഫ്രഞ്ചും.

Scania

കെ.എസ്.ആര്‍.ടി.സിയുടെ സ്‌കാനിയയ്ക്കു പിന്നാലെ എന്റെ പ്രയാണം തുടങ്ങിയത് സ്വകാര്യമായൊരു ദുരനുഭവത്തിന്റെ തുടര്‍ച്ചയായാണ്. സ്‌കാനിയ നിരത്തിലിറങ്ങാത്തതിന്റെ കാരണം അന്വേഷിക്കുന്ന വഴിയില്‍ കട്ടപ്പുറത്തായ വോള്‍വോയുടെ കഥയുമറിഞ്ഞു. ഇതെക്കുറിച്ച് ഞാനെഴുതിയത് ബ്ലോഗിലാണ്. പിന്നീട് ഫേസ്ബുക്കിലും അതു പകര്‍ത്തിവെച്ചു. ഈ കുറിപ്പിനോട് രണ്ടു തരത്തിലുള്ള പ്രതികരണങ്ങളുണ്ടായി. കൂടുതല്‍ പേരും നല്ല അഭിപ്രായമാണ് പറഞ്ഞത്. സ്‌കാനിയയുടെ ദുരവസ്ഥയില്‍ അവര്‍ പരിതപിച്ചു. പരിഹാരമുണ്ടാവണമെന്ന് ആഗ്രഹിച്ചു.

എന്നാല്‍, ഈ ദുരവസ്ഥയ്ക്കു കാരണമായവരോ? അവര്‍ ഇതു മറച്ചുവെയ്ക്കാന്‍ ശ്രമിച്ചു. ഒരുദ്യോഗസ്ഥന്‍ എന്നെ ഫോണില്‍ വിളിച്ച് മാധ്യമധര്‍മ്മം പഠിപ്പിച്ചു. ചെറുതായെന്നു വിരട്ടാനും നോക്കി. മാധ്യമസ്ഥാപനത്തിന്റെ ലേബലില്ലാത്തതിനാല്‍ ഞാന്‍ പേടിച്ചുപോകുമെന്ന് അദ്ദേഹം കരുതിയിട്ടുണ്ടാവും. എനിക്ക് ഒരെല്ലു കൂടുതലാണെന്ന് പലരും പറയാറുണ്ട്. അതുകൊണ്ടാണെന്നു തോന്നുന്നു, ആ ഉദ്യോഗസ്ഥന്റെ വിരട്ടല്‍ ഊര്‍ജ്ജമായി മാറി. കട്ടപ്പുറത്തായ വോള്‍വോ അന്വേഷിച്ചു കണ്ടെത്തി ഫോട്ടോയെടുത്തു. അതുമായിട്ടായിരുന്നു ബ്ലോഗിലേക്കുള്ള അടുത്ത വരവ്. പിന്നാലെ ഫേസ്ബുക്കിലും അവതരിപ്പിച്ചു.

എന്റെ കുറിപ്പുകള്‍ വായിച്ച് അഭിപ്രായം പറയുന്ന ധാരാളം ഉദ്യോഗസ്ഥ സുഹൃത്തുക്കളുണ്ട്. പലരും ഫോണില്‍ വിളിച്ചോ അല്ലെങ്കില്‍ നേരിട്ടു കാണുമ്പോഴോ ആണ് അഭിപ്രായം പറയാറുള്ളത്. ഉദ്യോഗസ്ഥര്‍ എന്ന നിലയിലുള്ള പെരുമാറ്റച്ചട്ടം പാലിക്കാന്‍ ബാദ്ധ്യസ്ഥരാണ് എന്നതാണ് അവരെ പരസ്യപ്രതികരണത്തില്‍ നിന്നു വിലക്കുന്നത്. എന്നെപ്പോലുള്ള മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്ന പാളിച്ചകള്‍ പരിഹരിക്കാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്ന ഉദ്യോഗസ്ഥരുണ്ട്. അത്തരമൊരാള്‍ എന്റെ സ്‌കാനിയ -വോള്‍വോ പോസ്റ്റുകളോട് ഫേസ്ബുക്കിലൂടെ തന്നെ പ്രതികരിച്ചപ്പോള്‍ അതിയായ സന്തോഷം തോന്നി.

SIVASANKAR

ശിവശങ്കര്‍ സാറിനെ ഞാനറിയുന്നത് കെ.എസ്.ഇ.ബി. ചെയര്‍മാന്‍, ഊര്‍ജ്ജ സെക്രട്ടറി എന്നീ നിലകളിലാണ്. മാതൃഭൂമിയിലായിരുന്നപ്പോഴും പിന്നീട് ഇന്ത്യാവിഷനില്‍ വന്ന ശേഷവും വൈദ്യുതി എന്റെ വിഹാരരംഗമായിരുന്നു. അതിനാല്‍ത്തന്നെ പലപ്പോഴും ശിവശങ്കര്‍ സാറിന് ഞാന്‍ സൃഷ്ടിച്ചിട്ടുള്ള തലവേദന ചില്ലറയല്ല. പക്ഷേ, അതിലൊന്നും പരിഭവം പ്രകടിപ്പിക്കാതെ പ്രൊഫഷണലായി കാണുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്.

ഫേസ്ബുക്കിലെ വോള്‍വോ കുറിപ്പിനു താഴെ ശിവശങ്കര്‍ സാര്‍ ഇപ്രകാരം പ്രതികരിച്ചു. ‘നന്നായി പണിയെടുത്തിട്ടുണ്ട്. ഇതില്‍ എന്തു ചെയ്യാമെന്നു നോക്കട്ടെ.’

എന്റെ മറുപടി -‘നന്ദി സര്‍. ഭരണസംവിധാനത്തിന്റെ ഭാഗമയിരിക്കുന്ന ഒരു വ്യക്തിയില്‍ നിന്നുണ്ടാവുന്ന പ്രോത്സാഹജനകമായ പ്രതികരണം പോലും പ്രോത്സാഹജനകമാണ്.’ ഈ മറുപടി എഴുതുമ്പോള്‍ എനിക്കറിയില്ല ശിവശങ്കര്‍ സാറാണ് ഗതാഗത സെക്രട്ടറി എന്ന്.

അദ്ദേഹത്തിന്റെ അടുത്ത പ്രതികരണം -‘ശ്യാംലാല്‍, ഗതാഗത സെക്രട്ടറിയുടെ ചുമതലയും ഇപ്പോള്‍ ഞാനാണ് വഹിക്കുന്നത്. താങ്കള്‍ ചൂണ്ടിക്കാട്ടിയ വിഷയം പരിശോധിച്ചു. നികുതിയുമായി ബന്ധപ്പെട്ട ഒരു ഇളവ് സര്‍ക്കാരില്‍ നിന്ന് കെ.എസ്.ആര്‍.ടി.സിക്ക് ലഭിക്കാനുണ്ട്. ഇതു ലഭിച്ചാലുടന്‍ ഏറ്റവുമധികം യാത്രക്കാരുള്ള റൂട്ടുകളില്‍ സ്‌കാനിയ ഓടിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അത് സംസ്ഥാനത്തിനകത്താകാം. അന്തസ്സംസ്ഥാന റൂട്ടുകളിലുമാകാം.’

എന്റെ സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല -‘ഇത് ഗംഭീരം. തീര്‍ച്ചയായും ഇത് കൈയടി അര്‍ഹിക്കുന്നു.’

ശിവശങ്കര്‍ സര്‍ വീണ്ടും -‘വിഷുവിന് സ്‌കാനിയ ഓടിത്തുടങ്ങും എന്നാണ് പ്രതീക്ഷ. പരസ്യമൊന്നും പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്.’

എനിക്കൊന്നേ പറയാനുള്ളു -‘സര്‍, നിങ്ങള്‍ക്ക് പരസ്യം നല്‍കാന്‍ പറ്റില്ല. പക്ഷേ, എന്നെപ്പോലുള്ള പൊതുജനങ്ങള്‍ക്ക് അതാകാമല്ലോ.’

കുട്ടുകാരെ അതാണ് പുതിയ വാര്‍ത്ത.

സ്‌കാനിയ വിഷുവിന് ഓടിത്തുടങ്ങും.

ഇത് എല്ലാവരെയും അറിയിക്കാനുള്ള ഉത്തരവാദിത്വം നമുക്കാണ്.

ഒരു മാധ്യമസ്ഥാപനത്തിന്റെ ലേബല്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ IMPACT വെച്ചു കാച്ചാമായിരുന്നു. ഇവിടെ അതിനു പ്രസക്തിയില്ലല്ലോ..

Print Friendly

STORY TRACKER

നഷ്ടമെന്ന പദത്തിനെന്തര്‍ത്ഥം!!!... സോളാര്‍ കേസില്‍ സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ടോ? നഷ്ടം തെളിയിക്കാന്‍ ഒരു കീറക്കടലാസെങ്കിലും ഹാജരാക്കാനാവുമോ? മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ...
1 RUN IS 1 RUN Nail biting. Edge of the seat. Whatever you say. Its unbelievable. But from this moment I believe the World Cup belongs to India. Till la...
ചരിത്രവായന ബി.സുനിലും ഞാനും ഒരു കോളേജ് മുന്‍കൈയെടുത്ത് ഒരു സര്‍വ്വകലാശാല സ്ഥാപിക്കുക. അത്ഭുതം തോന്നാം. സംഗതി സത്യമാണ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് മ...
പ്രിയ ചീഫ്, വിട… 9847001507 കോളിങ്...... 'ഡോ... ജ്ജബ്‌ടെ എന്താക്കുവാ?' -ഗൗരവത്തിലാണെങ്കിലും സ്‌നേഹം തുളുമ്പുന്ന ശബ്ദം. 'ഓ പ്രത്യേകിച്ചൊന്നും ഇല്ല ചീഫേ' -പതിവ...
Advertisements

Content Protection by DMCA.com

9847062789@upi

 

COMMENT