ഓഖി ചുഴലിക്കാറ്റിന്റെ വേളയില്‍ കേരള സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് മാര്‍ക്കിട്ട് തോല്‍പ്പിക്കുന്ന തിരക്കിലാണല്ലോ എല്ലാവരും. സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ പാളിച്ചയില്ല എന്ന് ആരെങ്കിലും പറഞ്ഞാല്‍ അയാളെ ഉടനെ ‘ന്യായീകരണ തൊഴിലാളി’ ആക്കും. അത്തരത്തില്‍ ‘ന്യായീകരണ തൊഴിലാളി’ പട്ടം എനിക്ക് ഉറപ്പിച്ചുകിട്ടാന്‍ പാകത്തിലുള്ളതാണ് ഈ കുറിപ്പ്.

ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ കാണാതായ ഉറ്റവരെ കണ്ടെത്താന്‍ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തിയപ്പോള്‍

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ മത്സ്യത്തൊഴിലാളികളുടെ ഒരു വലിയ സംഘമെത്തി. വിഴിഞ്ഞത്തു നിന്നോ പൂന്തുറയില്‍ നിന്നോ മുനമ്പത്തു നിന്നോ ആറാട്ടുപുഴയില്‍ നിന്നോ അല്ല അവര്‍ എത്തിയത്. അങ്ങ് ദൂരെ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ നിന്ന്! അവര്‍ക്ക് ഒരഭ്യര്‍ത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ -‘കടലില്‍ എവിടെയോ കുടുങ്ങിക്കിടക്കുന്ന ഉറ്റവരെ രക്ഷിക്കണം.’

തമിഴ്‌നാട്ടിലുള്ളവര്‍ കേരള മുഖ്യമന്ത്രിയെ കാണാനെത്തുന്നത് എന്തിന് എന്ന സംശയം സ്വാഭാവികമായും എല്ലാവര്‍ക്കും ഉണ്ടായേക്കാം. ഈ പാവങ്ങളുടെ വേദന കാണാന്‍ അവിടെ ആരും ഇല്ലാതിരുന്നതിനാലാണ് അവര്‍ സഹായം തേടി ഇവിടെയെത്തിയത്. ഉറ്റവരെ കണ്ടെത്താന്‍ സഹായിക്കണമെന്ന് തമിഴ്‌നാട്ടിലെ അധികൃതരെ കണ്ട് പലവട്ടം അഭ്യര്‍ത്ഥിച്ചു. എന്നാല്‍, ഒന്നു തിരിഞ്ഞുനോക്കാന്‍ പോലും അവിടുള്ള മേലാളന്മാര്‍ തയ്യാറായില്ല.

കേരളം നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വിശ്വാസമുണ്ടെന്ന് തൂത്തുക്കുടിയില്‍ നിന്നു വന്ന ഈ പാവങ്ങള്‍ പറയുമ്പോള്‍ അതു മുഖവിലയ്‌ക്കെടുത്തേ മതിയാകൂ. തമിഴരായ മത്സ്യത്തൊഴിലാളികള്‍ക്ക് തുണയായത് കേരളത്തിന്റെ രക്ഷാപ്രവര്‍ത്തനമാണെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു. ആ വിശ്വാസം തന്നെയാണ് സഹായം തേടി ‘കേരളാവിന്‍ മുതലമൈച്ചര്‍’ക്കു മുന്നിലെത്താന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന് അവര്‍ പറയുന്നു. 25 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഓരോരുത്തര്‍ക്കും പറയാനുള്ളത് ഓരോ കഥ. അവര്‍ സഹായമഭ്യര്‍ത്ഥിച്ച് പിണറായി വിജയന് നിവേദനം നല്‍കി.

ഭര്‍ത്താവ് ജൂഡിന്റെയും മകന്‍ ഭരതിന്റെയും തിരിച്ചുവരവിനായി കാത്തിരിക്കുന്ന ഫാത്തിമയാണ് പ്രധാനമായും സംസാരിക്കാന്‍ മുന്നോട്ടു വന്നത്. കേരളത്തിലുള്ളവര്‍ സഹായിക്കുമെന്ന ഉറച്ച വിശ്വാസമാണവര്‍ക്ക്. കഴിഞ്ഞ നവംബര്‍ 28നാണ് ജൂഡും ഭരതും രവീന്ദ്രന്‍, ജോസഫ്, കെനിസ്റ്റണ്‍, ജഗന്‍ എന്നിവര്‍ക്കൊപ്പം കടലില്‍ പോയത്. കടുത്ത കാറ്റിന്റെ ഫലമായി ആഞ്ഞുവീശിയ തിരമാലകളില്‍പ്പെട്ട് ബോട്ട് തകര്‍ന്നു. ജഗനെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. ജഗന്റെ അനുഭവമാണ് ഫാത്തിമയുടെ പ്രത്യാശ.

ഒപ്പമുണ്ടായിരുന്നവര്‍ ഒഴുകിപ്പോയെന്ന വിവരമാണ് ജഗന്‍ നല്‍കിയിരിക്കുന്നത്. ഇതിനിടെ മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ഡിസംബര്‍ 2ന് തൂത്തുക്കുടിയിലെ ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. അതനുസരിച്ചാണ് അവര്‍ തിരുവനന്തപുരത്തെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിന് ഡി.എന്‍.എ. പരിശോധനാ ഫലം പ്രതീക്ഷിച്ചിരിക്കുകയാണ്. എങ്കിലും ഫാത്തിമ പ്രതീക്ഷ കൈവിടുന്നില്ല. മരിച്ചവരുടെ കൂട്ടത്തില്‍ ഭര്‍ത്താവും മകനും ഉണ്ടാവില്ല. ജൂഡിനെയും ഭരതിനെയും കേരളം തിരിച്ചെത്തിക്കുമെന്ന് അവര്‍ ഉറച്ചുവിശ്വസിക്കുന്നു.

കേരള തീരത്ത് പലയിടത്തായി രക്ഷപ്പെട്ടെത്തിയ തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികള്‍ക്ക് കേരള അധികാരികള്‍ എല്ലാ സഹായവും നല്‍കിയതായി അറിഞ്ഞെന്നും അത്തരം സഹായമാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ഫാത്തിമ പറഞ്ഞു. ‘ഭര്‍ത്താവിനെയും മകനെയും കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് അധികാരികള്‍ക്ക് മുന്നില്‍ പലതവണ പോയി. എന്നാല്‍ ഒരിടത്തു നിന്നും സഹായം ലഭിച്ചില്ല. കേരളത്തില്‍ വിശ്വാസമുണ്ട്’ -കരച്ചിലടക്കാന്‍ അവര്‍ പാടുപെടുന്നുണ്ടായിരുന്നു. ഉറ്റവരെ തേടി നിന്നവേഷത്തില്‍ വീട്ടില്‍ നിന്ന് ഓടി വരികയായിരുന്നെന്നും കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ തങ്ങള്‍ തിരിച്ചെത്തുന്നത് കാത്ത് വീട്ടിലുണ്ടെന്നും അവര്‍ പറഞ്ഞു.

അവസാനത്തെ മത്സ്യത്തൊഴിലാളിയെയും കണ്ടെത്തുന്നതു വരെ തിരച്ചില്‍ തുടരുമെന്ന് പിണറായി പറഞ്ഞപ്പോള്‍ ആ കണ്ണുകളില്‍ തിളക്കം. സഹായം പ്രതീക്ഷിച്ചെത്തിയ മത്സ്യത്തൊഴിലാളികള്‍ കേള്‍ക്കാനാഗ്രഹിച്ച മറുപടിയാണ് കേരളാ മുഖ്യമന്ത്രി പറഞ്ഞത്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ സഹായം വേണമെന്ന് മത്സ്യത്തൊഴിലാളികള്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് പിണറായി ഉറപ്പുനല്‍കി.

കേരള സര്‍ക്കാരിന് മാര്‍ക്കിട്ട് ക്ഷീണിച്ചവരെ സഹായിക്കാനാണ് ഈ സംഭവം വിവരിച്ചത്. ചുഴലിക്കാറ്റിന്റെ ഭീകരത യഥാര്‍ത്ഥത്തില്‍ അനുഭവിക്കേണ്ടി വന്നവര്‍ ആരും സര്‍ക്കാരിനെ കുറ്റം പറയുന്നത് കാണുന്നില്ല. അവര്‍ പാസ് മാര്‍ക്ക് നല്‍കുന്നുണ്ട്. പക്ഷേ, ഗ്യാലറിയിലിരുന്ന കളി കാണുന്നവര്‍ മാര്‍ക്കിട്ട് തോല്‍പ്പിച്ചേ അടങ്ങൂ എന്നുള്ള വാശിയിലാണ്.

‘തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലുള്ളവര്‍ കൈയടിക്കട്ടെ, കേരളത്തിലെ വിഴിഞ്ഞത്ത് എന്താ അനുഭവം എന്ന് നമ്മള്‍ കണ്ടതല്ലേ’ എന്നായിരിക്കും അടുത്ത വാദം. പിണറായി വിജയന്‍ വിഴിഞ്ഞത്ത് എത്തിയപ്പോള്‍ അന്നാട്ടുകാരനായ രാജന്‍ എന്നയാളാണ് ഒന്നാം നമ്പര്‍ സ്റ്റേറ്റ് കാര്‍ തടയുന്നവരെ മുന്നില്‍ നിന്ന് നയിച്ചത്. ആ സംഘം നന്നായി മദ്യപിച്ചിരുന്നു. ഒടുവില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കാറില്‍ കയറിയാണ് മുഖ്യമന്ത്രി മടങ്ങിയത്.

മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം അണിയറയില്‍ ചിലര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് അന്നു തന്നെ സംശയമുയര്‍ന്നിരുന്നതാണ്. ഒടുവില്‍ കെട്ടിറങ്ങിയപ്പോള്‍ രാജന്‍ തന്നെ സമ്മതിച്ചു, താന്‍ വെറും കളിപ്പാവയായിരുന്നുവെന്ന്. സംശയമുള്ളവര്‍ക്ക് ഈ വീഡിയോ കണ്ടു നോക്കാം.

സര്‍ക്കാരിനെ ന്യായീകരിച്ചു കൊണ്ട് നേരത്തേ എഴുതിയ മുതലെടുപ്പിന്റെ ചുഴലി രാഷ്ട്രീയം എന്ന കുറിപ്പിനു താഴെ പ്രതികരിച്ച ചിലര്‍ ‘കൂലിയെഴുത്ത് തൊഴിലാക്കിയ മഹാന്‍’ എന്ന പട്ടം എനിക്ക് ചാര്‍ത്തിത്തന്നിട്ടുണ്ട്. കൂലിയെഴുത്താണെങ്കിലും ഇടയ്ക്കിടയ്ക്ക് നിഷ്പക്ഷനാണെന്നു ഞാന്‍ പറയാറുണ്ടെന്നും ചിലര്‍ കളിയാക്കി. അവരുടെ അറിവിലേക്കായി പറയാം -ഞാന്‍ ഒരിക്കലും നിഷ്പക്ഷനല്ല. അങ്ങനെ അവകാശപ്പെട്ടിട്ടില്ല. നിഷ്പക്ഷനാവാന്‍ ഉദ്ദേശിക്കുന്നില്ല. നിഷ്പക്ഷനാവാന്‍ ആര്‍ക്കും സാധിക്കുകയുമില്ല. കാരണം നിഷ്പക്ഷത ഒരു സങ്കല്പം മാത്രമാണ്. എനിക്ക് വ്യക്തമായ പക്ഷമുണ്ട്. എനിക്ക് ശരിയെന്നു ബോദ്ധ്യപ്പെടുന്ന പക്ഷം. ആ പക്ഷത്തിന് സ്ഥിരതയില്ല. ചിലപ്പോള്‍ സി.പി.എമ്മാവും ശരി. ചിലപ്പോള്‍ കോണ്‍ഗ്രസ്സാവും ശരി. ഇനി ചിലപ്പോള്‍ ബി.ജെ.പിയാകും ശരി. ശരി എവിടെയുണ്ടോ ഞാന്‍ ആ പക്ഷത്താണ്.

ഞാന്‍ പിണറായി ഭക്തനല്ല. പിണറായി വിജയനെ വിമര്‍ശിക്കേണ്ട ഘട്ടങ്ങളില്‍ അതിരൂക്ഷമായി അതു ചെയ്തിട്ടുണ്ട്. ഇനിയും വിമര്‍ശിക്കും. എന്നാല്‍, പിണറായി ചെയ്യുന്ന എല്ലാ കാര്യങ്ങളും വിമര്‍ശിക്കപ്പെടേണ്ടവയാണ് എന്ന അഭിപ്രായം ഏതായാലും എനിക്കില്ല. അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങളെ പിന്തുണയ്ക്കുക തന്നെ വേണം. അങ്ങനെ പിന്തുച്ചിട്ടുണ്ട്. പിണറായിയുടെ ശരി എന്റെ ശരിയുമായി ചേര്‍ന്നു പോയാല്‍ ഞാന്‍ അദ്ദേഹത്തോടൊപ്പം നില്‍ക്കും. ചേര്‍ന്നില്ലെങ്കില്‍ എതിര്‍പക്ഷത്ത് അതിലും ശക്തമായി നില്‍ക്കും.

ഓഖി വിഷയത്തില്‍ നടന്ന സംഭവങ്ങള്‍ എന്തെന്ന് വ്യക്തമായും കൃത്യമായും അറിയാം. പിഴവുകള്‍ സംഭവിച്ചു എന്നതുറപ്പാണ് -പക്ഷേ, അത് കേരള സര്‍ക്കാരിനല്ല. അതിനെക്കുറിച്ച് തികഞ്ഞ ബോദ്ധ്യമുണ്ട്. ഇതുവരെ വെളിച്ചത്തുവരാത്ത വിവരങ്ങള്‍ ഇനിയുമേറെയുണ്ട്. യഥാര്‍ത്ഥ പ്രതികള്‍ സംസ്ഥാന സര്‍ക്കാരിനെ കുറക്കാരാക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെ കള്ളക്കഥകള്‍. ഒരു ഭാഗം എഴുതി. ഇനിയും വലിയൊരു ഭാഗം എഴുതാനുണ്ട്. സത്യം മനസ്സിലാക്കാന്‍ താല്പര്യമുള്ളവര്‍ക്ക് അതാവാം.

അപ്പോള്‍ പട്ടങ്ങള്‍ ചാര്‍ത്തി നല്‍കുന്നവര്‍ക്ക് സ്വാഗതം.
നിങ്ങള്‍ ഏതു പട്ടം ചാര്‍ത്തിയാലും എനിക്കു വിരോധമില്ല.
മുന്‍കൂറായി പറയുന്നു -നല്ല നമസ്‌കാരം!!

FOLLOW
 •  
  5.2K
  Shares
 • 5.1K
 • 38
 •  
 • 22
 •  
 •