നടന്‍ ഓടിയപ്പോള്‍ കാണികള്‍ ഒപ്പമോടി!! നടന്‍ പാടിയപ്പോള്‍ കാണികള്‍ ഒപ്പം പാടി!!! വേദിയില്‍ മാത്രമായിരുന്നില്ല നാടകം. കാണികള്‍ക്കിടയിലുണ്ടായിരുന്നു. ഇടയ്ക്ക് നടന്മാര്‍ ഓടിയിറങ്ങി കാണികള്‍ക്കു പിന്നില്‍ പോയി നാടകം കളിച്ചു. അപ്പോള്‍ നാടകം കാണാന്‍ തിരിഞ്ഞുനോക്കേണ്ടി വന്നു!!!! വേദിയും കാണികളും സ്ഥാനം മാറിക്കൊണ്ടേയിരുന്നു. ചലിക്കുന്ന വേദിക്കൊപ്പം ചലിക്കുന്ന കാണികള്‍. എല്ലാം കണ്ട് അന്തംവിട്ടിരുന്നു.

പലതരം നാടകങ്ങള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്തരമൊരെണ്ണം ജീവിതത്തില്‍ ആദ്യം. പേരു കേട്ടപ്പോള്‍ തന്നെ തോന്നിയിരുന്നു വ്യത്യസ്തമാകുമെന്ന് -വെള്ളരിനാടകം. തോന്നല്‍ വെറുതെയായില്ല. ജീവിതത്തില്‍ വളരെ അപൂര്‍വ്വമായി മാത്രം കിട്ടുന്ന അവസരമാണിതെന്ന് തിരിച്ചറിഞ്ഞത് പിന്നീടാണ്.

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് കനകക്കുന്ന് കൊട്ടാരവളപ്പില്‍ സംഘടിപ്പിക്കുന്ന ദേശീയ നാടോടി കലാസംഗമത്തില്‍ വെള്ളരിപ്പാടം തീയേറ്റേഴ്‌സാണ് വെള്ളരിനാടകവുമായി എത്തിയത്. മലപ്പുറത്തെ അരീക്കോട് കീഴുപറമ്പില്‍ നിന്നാണ് അവരുടെ വരവ്. അഹമ്മദ്കുട്ടി പാറമ്മല്‍ എന്ന എ.കെ.പാറമ്മലിന്റെ നേതൃത്വത്തിലുള്ള 57 അംഗ സംഘം.

1936ല്‍ അവതരിപ്പിച്ചതെന്ന് കരുതുന്ന ‘വിത്തും കൈക്കോട്ടും’ എന്ന വെള്ളരിനാടകത്തിന്റെ പുനരവതരണത്തിന് അങ്ങനെ തലസ്ഥാനം സാക്ഷ്യം വഹിച്ചു. മാപ്പിളകവിയും സംസ്‌കൃതപണ്ഡിതനുമായ മണ്ണില്‍ത്തൊടി കാരാട്ട് കുഞ്ഞിപ്പോക്കരാണ് ഈ നാടകം എഴുതിയത്.

വേദിയില്‍ നിന്നിറങ്ങി കാണികള്‍ക്കു പിന്നിലെത്തിയ നാടകം

പ്രഖ്യാപിത നാടകരീതികള്‍ എല്ലാം നിരാകരിച്ചാണ് വെള്ളരിനാടകത്തിന്റെ നില്‍പ്. സ്ഥിരമല്ലാത്ത വേദി ഒരുദാഹരണം മാത്രം. നാടിന്റെയും പാടത്തിന്റെയും ഉടയോനായ തമ്പുരാന്റെ അനുമതിയോടെ മാത്രമാണ് വെള്ളരിനാടകം തുടങ്ങുകയും അവസാനിക്കുകയും ചെയ്യുക. മറ്റെല്ലാത്തിനും എന്നപോലെ നാടകത്തിനും ഉടയോന്‍ തമ്പുരാന്‍ തന്നെ. വേദിയില്‍ സദാ അദ്ദേഹത്തിന്റെയും കാര്യസ്ഥന്റെയും സാന്നിദ്ധ്യമുണ്ടാകും. നാടകം കാണുക മാത്രമല്ല, തമ്പുരാനും കാര്യസ്ഥനും ഇടയ്ക്ക് പുറത്തു നിന്ന് നാടകത്തില്‍ ഇടപെടുകയും ചെയ്യും.

എല്ലാം അവതരിപ്പിക്കുകയും വിശദീകരിക്കുകുയും ചെയ്യുന്നത് സൂത്രധാരനാണ്. തമ്പുരാന്‍ അയാളെ വിളിച്ചത് ‘സൂത്രക്കാരന്‍’ (!!!???) എന്ന്. എ.കെ.പാറമ്മല്‍ ആയിരുന്നു എല്ലാം നിയന്ത്രിക്കുന്ന ‘സൂത്രക്കാരന്‍’. ഇത്തരമൊരു വ്യാഖ്യാതാവിന്റെ ആവശ്യമുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല തന്നെ. ഈ കഥാപാത്രം നാടകത്തില്‍ ഉള്‍പ്പെടുന്നയാളല്ല. കാണികളില്‍ ഒരാളായി തന്നെ കണക്കാക്കാവുന്നയാള്‍. കാണികള്‍ക്കും നാടകത്തിനുമിടയിലെ പാലം. നാടകത്തെക്കുറിച്ച് അറിയാവുന്ന കാര്യങ്ങള്‍ കാണികള്‍ക്ക് പറഞ്ഞുകൊടുക്കുന്നയാള്‍.

എ.കെ.പാറമ്മല്‍

കാര്‍ഷിക മേഖലയുടെ മഹത്വം പറയുന്നതാണ് വെള്ളരിനാടകം. കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ടു മാത്രമാണ് വെള്ളരിനാടകത്തിന്റെ നില്പ്. കൃഷി ഇല്ലാതായതോടെ കൃഷിയുടെ ഭാഗമായിരുന്ന വെള്ളരിനാടകവും അന്യംനില്‍ക്കുന്ന അവസ്ഥയിലാണ്. അതിനാല്‍ത്തന്നെ ഒരു വെള്ളരിനാടകം കാണാനും അനുഭവിക്കാനും സാധിച്ചത് ഭാഗ്യമാണ്.

വെള്ളരിനാടകം വെറും നാടകമല്ല. അതില്‍ കൃഷിപാഠമുണ്ട്, ജീവിതമുണ്ട്. ചെലവു കുറഞ്ഞ കൃഷിരീതികള്‍ നാടകത്തിനുള്ളിലെ ഓട്ടന്‍തുള്ളലിന്റെ രൂപത്തിലാണ് പരിചയപ്പെടുത്തിയത്. 5 സെന്റിലെങ്കിലും നെല്‍കൃഷിയിറക്കി ഒരു നേരത്തെ കഞ്ഞിയെങ്കിലും വിഷമില്ലാതെ കുടിക്കാനുള്ള പ്രേരണ. ശുദ്ധമായ പശുവിന്‍പാലില്‍ തയ്യാറാക്കിയ മോരില്‍ 200 ഇരട്ടി വെള്ളം ചേര്‍ത്തു തളിക്കുന്നത് നല്ല കീടനാശിനിയാണ് എന്നതു പോലുള്ള അറിവുകള്‍ എന്നെ സംബന്ധിച്ചിടത്തോളം പുതിയതായിരുന്നു.

സമകാലീന സാഹചര്യങ്ങളെ വിലയിരുത്തിയുള്ള സാമൂഹിക വിമര്‍ശനവും വെള്ളരിനാടകത്തിലുണ്ട്. 7 പതിറ്റാണ്ടുകള്‍ക്കു മുമ്പ് എഴുതപ്പെട്ടതാണെങ്കിലും പറഞ്ഞ പല കാര്യങ്ങളും 2018ലും പ്രസക്തം. ‘ഭൂരിപക്ഷത്തിന്റെ അഭിപ്രായം ഞാന്‍ നോക്കാറില്ല, അതു പലപ്പോഴും തെറ്റിയിട്ടുണ്ട്’ എന്ന ഉദ്‌ഘോഷണം തന്നെ അതിനുള്ള പ്രകടമായ ഉദാഹരണം.

അവനവനു ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ കല്പിക്കരുത് എന്ന വലിയ സത്യവും ഈ നാടകാവതരണം വരച്ചുകാട്ടി. നാടകത്തില്‍ വെറുതെ പറയുക മാത്രമല്ല ചെയ്യുന്നത്. നാടകസംഘം തന്നെ ഈ നിബന്ധന പാലിക്കുന്നതിന്റെ പ്രതീകമാണ്. പാടവും കൃഷിയും സംരക്ഷിക്കണമെന്ന് നാടകം ഉദ്‌ഘോഷിക്കുന്നു. 57 പേരുള്ള തങ്ങളുടെ കൂട്ടത്തില്‍ പാടം നികത്തി വീടുവെച്ച ഒരാള്‍ പോലുമില്ലെന്ന് എ.കെ.പാറമ്മല്‍ പറഞ്ഞു. അങ്ങനെ ചെയ്ത 2 പേരെ സംഘത്തില്‍ നിന്ന് ഒഴിവാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ക്രൗഡ് ഫണ്ടിങ്ങിന്റെ പ്രാക്തന രൂപവും വെള്ളരിനാടകത്തില്‍ കാണാം. നാടകം നടക്കുമ്പോള്‍ കാണികളില്‍ നിന്ന് തത്സമയം പണം പിരിച്ച് അടുത്ത നാടകത്തിനുള്ള പണമുണ്ടാക്കുന്നു. അക്ഷരാര്‍ത്ഥത്തില്‍ തെണ്ടല്‍ തന്നെ -നാടകത്തെണ്ടല്‍!!

പുരുഷന്മാര്‍ സ്ത്രീ വേഷത്തില്‍

മലയാള നാടകത്തിന്റെ ആദ്യ രൂപമാണ് വെള്ളരിനാടകം എന്നു പറയാം. ഒരു നൂറ്റാണ്ടിലേറെ കാലത്തെ പഴക്കമുണ്ട് ഇവയ്ക്ക്. വടക്കന്‍ കേരളത്തില്‍ രണ്ടാം വിളവെടുപ്പിനു ശേഷം ഇടവിളയായി വെള്ളരി വയലുകളില്‍ നടുന്ന പതിവുണ്ട്. വെള്ളരി കായ്ച്ചു തുടങ്ങിയാല്‍ കുറുക്കന്മാരുടെയും മറ്റും ശല്യമുണ്ടാവും. വിളനാശം തടയാന്‍ ചെറുപ്പക്കാര്‍ വെള്ളരിത്തണ്ടില്‍ ഉറക്കമിളച്ച് കാവല്‍ നില്‍ക്കും. ദരിദ്രരും നിരക്ഷരരുമായ ഈ ചെറുപ്പക്കാര്‍ അവരുടെ നേരംപോക്കിനായി കണ്ടെത്തിയ മാര്‍ഗ്ഗങ്ങളിലൊന്നാണ് നാടകാവതരണം.

നാടകാന്തം തിരശ്ശീല

വെള്ളരിക്ക വിളഞ്ഞ് പറിച്ചെടുക്കാറാവുമ്പോഴേക്കും നാടകപരിശീലനവും പൂര്‍ത്തിയായിട്ടുണ്ടാവും. പരിശീലനവും അവതരണവും സംവിധായകനുമൊക്കെ പ്രാകൃതമായിരിക്കും. അതാണ് അതിന്റെ ഭംഗി. പുരുഷന്മാര്‍ തന്നെയാണ് സ്ത്രീവേഷവും കെട്ടുക. ഒടുവില്‍ ഗ്രാമീണരുടെ മുമ്പില്‍ ആ നാടകം അരങ്ങേറും. പഴയ ഭാഷാസംഗീതനാടകത്തിന്റെ മട്ടിലുള്ളതാണ് കഥ. സംഭാഷണവും പാട്ടുമുണ്ട്.

നാടകത്തിനു ശേഷം ‘തമ്പുരാന്റെ’ സമ്മാനവിതരണം

അനന്തപുരിയിലെ നാടകാവതരണത്തിനു മുന്നോടിയായി പ്രചാരണത്തിന് പൂതംകളിയുമായി കലാകാരന്മാര്‍ രാവിലെ നഗരത്തിലെ വീടുകളിലെത്തിയിരുന്നു. പല പ്രശസ്തരുടെയും വീടുകളില്‍ കയറിയിറങ്ങിയ പൂതം വൈകുന്നേരത്തെ നാടകം കാണാന്‍ ക്ഷണം കൈമാറി. അതു തന്നെ പലര്‍ക്കും പുതുമയായിരുന്നു.

വെള്ളരിനാടകം ഇതുവരെ കണ്ടിട്ടില്ലാത്തതിനാലാവാം, എന്താണ് ഈ സംഗതിയെന്ന സംശയം നാടകാവതരണത്തിനു മുമ്പ് പലര്‍ക്കുമുണ്ടായിരുന്നു. അവതരണത്തില്‍ മികവു പുലര്‍ത്താത്ത നാടകത്തെ വെള്ളരിനാടകം എന്നു കളിയാക്കാറുണ്ടെന്ന് -പ്രാകൃതം എന്ന അര്‍ത്ഥത്തില്‍ -അവിടെ ഒരു ‘നാടകവിദഗ്ദ്ധന്‍’ ഉച്ചത്തില്‍ പറഞ്ഞു കേട്ടു. ആ കളിയാക്കല്‍ എത്രമാത്രം പ്രാകൃതമാണെന്ന് വെള്ളരിപ്പാടം തിയേറ്റേഴ്‌സിന്റെ പ്രകടനം തെളിയിച്ചു.

ദേശീയ നാടോടി കലാസംഗമം നടക്കുന്ന കനകക്കുന്ന് കൊട്ടാരത്തിന്റെ കവാടം

വെള്ളരിപ്പാടം തിയേറ്റേഴ്‌സിനും അവരുടെ വെള്ളരിനാടകത്തിനും കൂടുതല്‍ വേദികള്‍ ലഭിക്കാന്‍ ഈ അവതരണം സഹായകമാവും എന്നുറപ്പ്.

FOLLOW
 •  
  304
  Shares
 • 257
 • 21
 •  
 • 26
 •  
 •